അമ്മ പറഞ്ഞിട്ടും ഞാൻ കേട്ടില്ല; നിങ്ങൾ തന്നെ പരിഹരിക്കണം; ദിയയെ ഞെട്ടിച്ച് കൃഷ്ണകുമാർ!!
By
രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് വെച്ചായിരുന്നു ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായത്. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ സിനിമയിൽ അരങ്ങേറാത്തത് ദിയ കൃഷ്ണ മാത്രമാണ്.
അതേസമയം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറും മാത്രമല്ല ദിയ ഒരു സംരംഭകയുമാണ്. ഓ ബൈ ഓസി എന്ന പേരിൽ ദിയ ആരംഭിച്ച ഫാൻസി ജ്വല്ലറികളുടെ സംരംഭം വിജയകരമായി മുന്നോട്ട് പോവുകയാണ്. വിവാഹശേഷം ഭർത്താവ് അശ്വിനൊപ്പം സ്വന്തം വീടിനോട് ചേർന്ന് വാങ്ങിയ ഫ്ലാറ്റിലാണ് ദിയയുടെ താമസം.
കുറച്ച് നാളുകൾക്ക് മുമ്പാണ് ദിയ കൃഷ്ണയുടെ ബിസിനസ് വിവാദത്തിലായത്. ഓ ബൈ ഓസി എന്നാണ് ദിയയുടെ ബിസിനസിന്റെ പേര്. ദിയയുടെ സ്ഥാപനത്തിൽ നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് ഉടമയായ സംഗീത അനിൽകുമാർ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
വാങ്ങിയ ആഭരണം കേട്പാട് പറ്റിയതായിരുന്നെന്നും ഓപ്പണിംഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നും ഇവർ ആരോപിച്ചു. പിന്നാലെ ഇവരുടെ വീഡിയോയ്ക്ക് താഴെ സമാന പരാതികളുമായി നിരവധി പേരാണ് കമന്റ് ചെയ്തിരുന്നത്. തുടർന്ന് യൂട്യൂബിൽ റിയാക്ഷൻ വീഡിയോ ചെയ്യുന്ന നിരവധി പേരാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ അന്നത്തെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയയുടെ പിതാവ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാർ. വിവാദത്തിനിടെ താൻ ഇടപെടാതിരുന്നതിന് കാരണമുണ്ടെന്ന് കൃഷ്ണ കുമാർ ദിയയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഏത് കച്ചവടം നടത്തുമ്പോഴും പ്രശ്നങ്ങൾ ധാരാളം വരും. നമ്മൾ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല. ഈയടുത്ത കാലത്ത് നിന്റെയൊരു പ്രശ്നം ഞാൻ കണ്ടു.
അത് വളർച്ചയുടെ ഭാഗമായി കാണുക. ചിലയിടത്ത് ഇമോഷണലായി നീ സംസാരിച്ചു. നിന്റെ പ്രായത്തിൽ നിന്റെ സ്വഭാവ രീതി വെച്ച് അങ്ങനെ പ്രതികരിക്കാൻ തോന്നി. അതിലും തെറ്റില്ല. പലപ്പോഴും അമ്മയും പറഞ്ഞിട്ടും ഈ പ്രശ്നത്തിൽ ഞാൻ ഇടപെടാതിരുന്നത് നിങ്ങൾ തന്നെ ആ പ്രശ്നത്തെ അഭിമുഖീകരിച്ച് പരിഹാരം കണ്ടെത്താനാണ്. എന്തും കടന്ന് പോകും. അവരോട് പോലും മനസിനകത്ത് ശത്രുത വേണ്ട.
പലതും ഒരു വളർച്ചയുണ്ടാകുമ്പോൾ അതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. അതിനെ ആ രീതിയിൽ കണ്ടാൽ മതി. കൊടുങ്കാറ്റിനകത്ത് കൂടെ കടന്ന് പോയാൽ ചെറിയ ചെറിയ കാറ്റുകൾ ഏൽക്കില്ല. ഈ നടന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കുക.
ഒരിക്കലും ഒരാളോടും ദേഷ്യവും വൈരാഗ്യവും വേണ്ട. നമ്മുടെ വളർച്ചയിലേക്ക് ശ്രദ്ധ നൽകുക. ഉത്സവത്തിന് പോകുന്ന ആനയായി നമ്മൾ നമ്മളെ സ്വയം വിചാരിക്കുക. ആന വിരിഞ്ഞ് നടന്ന് പോകും. സൈഡിൽ നിന്ന് പട്ടികൾ കുരയ്ക്കും. പക്ഷെ ആരും ശ്രദ്ധിക്കില്ല. ആന ശ്രദ്ധിക്കാതെ നടന്ന് പോകും. ആനയുടെ ഉന്നം ഉത്സവത്തിനെത്തി ഉത്സവം മേളമാക്കുക എന്നതാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.
കസ്റ്റമേർസിന്റെ പരാതികളെക്കുറിച്ച് ദിയ കൃഷ്ണയും സംസാരിച്ചു. ശരിക്കും പ്രശ്നമുള്ള കസ്റ്റമേർസിനോട് അശ്വിൻ സംസാരിച്ചു. യഥാർത്ഥ പ്രശ്നം പറഞ്ഞവർ ഇതിനിടയിൽ ഉണ്ടായിരുന്നു. പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ചു. അങ്ങനെയാണ് ഈ പ്രശ്നം പെട്ടെന്ന് ഡൗൺ ആയത്. കുറേ പേരുടെ പരാതി തീർത്ത് കൊടുത്തു. അതായിരുന്നു ചെയ്യേണ്ടത്. വെറുതെ പറയുന്നവരെ സഹായിക്കാൻ പറ്റില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.
അതേസമയം, ദിയയെ പിന്തുണച്ച് കൊണ്ട് അമ്മ സിന്ധു കൃഷ്ണ നടത്തിയ പരാമർശങ്ങളും വിവാദങ്ങളെ ക്ഷണിച്ച് വരുത്തി. വിഷയത്തിൽ പ്രതികരിച്ച വ്ലോഗർമാർക്ക് ജോലിയും കൂലിയും ഇല്ലെന്ന പരാമർശം സിന്ധു കൃഷ്ണ നടത്തി.
ഇതിനെതിരെ വ്യാപക വിമർശനം വന്നു. സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നതെന്ന് ചോദ്യം വന്നു. എന്നാൽ വിമർശനങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയില്ല.
