ജയരാജേട്ടന്റെ സിനിമയിലുമാണ് അമ്മ അവസാനമായി അഭിനയിച്ചത്. ആ സമയത്തൊന്നും അമ്മയ്ക്ക് വയ്യായിരുന്നു; സിദ്ധാർത്ഥ് ഭരതൻ
അഭ്രപാളിയില്‍ നൂറുകണക്കിന് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരിയാണ് കെപിഎസി ലളിത. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരം വിട വാങ്ങിയത്. ജിന്ന്, ഭീഷ്മപര്‍വ്വം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു അവസാനമായി കെപിഎസി ലളിത അഭിനയിച്ചത്. അവസാനം വരേയും അഭിനയിക്കാനാഗ്രഹിച്ച വ്യക്തിയായിരുന്നു അവര്‍. ജിന്ന് അല്ല അമ്മയുടെ അവസാന സിനിമ. അതിന് ശേഷമായാണ് ഭീഷ്മപര്‍വ്വത്തില്‍ അഭിനയിച്ചതെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ത്ഥ് അമ്മയെക്കുറിച്ച് പറഞ്ഞത്.
ഞങ്ങള്‍ 2020 മാര്‍ച്ചിലാണ് ജിന്ന് ചിത്രീകരിച്ചത്. ലോക് ഡൗണിന് തൊട്ടുമുന്‍പായി ചിത്രീകരണം അവസാനിപ്പിച്ചിരുന്നു. അന്ന് സ്റ്റുഡിയോയിലായതാണ്. ഇപ്പോഴാണ് സിനിമ ഇറങ്ങുന്നത്. ഭീഷ്മപര്‍വ്വവും ജയരാജേട്ടന്റെ സിനിമയിലുമാണ് അമ്മ അവസാനമായി അഭിനയിച്ചത്. ആ സമയത്തൊന്നും അമ്മയ്ക്ക് വയ്യായിരുന്നു. അതിന് ശേഷമാണ് കിടപ്പിലായത്. താന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ നിദ്ര മുതല്‍ എല്ലാ ചിത്രങ്ങളിലും സിദ്ധാര്‍ത്ഥ് അമ്മയ്ക്കും വേഷം നല്‍കിയിരുന്നു.
കെപിഎസി ലളിതയുടെ മകനല്ലായിരുന്നുവെങ്കില്‍ താന്‍ അവരുടെ ഫാനായേനെ എന്നായിരുന്നു മുന്‍പൊരിക്കല്‍ മകന്‍ അമ്മയെക്കുറിച്ച് പറഞ്ഞത്. അച്ഛന്‍ മരിക്കുന്ന സമയത്ത് ഞാന്‍ 10ാം ക്ലാസിലായിരുന്നു. സഹോദരി കോളേജില്‍ പഠിക്കുകയായിരുന്നു. സാമ്പത്തികപ്രതിസന്ധിയുള്‍പ്പടെ കുറേ പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാത്തിനേയും നേരിട്ടാണ് അമ്മ മുന്നേറിയത്. എന്റെ വിദ്യാഭ്യാസവും സഹോദരിയുടെ വിവാഹവുമെല്ലാം അമ്മ നടത്തി. അത്രയും ശക്തയായിരുന്നു അമ്മ. 73 വയസ് വരെ അമ്മയ്ക്ക് അഭിനയിക്കാനും കഴിഞ്ഞു.
അമ്മ കൂടെയില്ലാത്തതിന്റെ വേദനയില്‍ നിന്നും തിരിച്ച് കയറാനായിട്ടില്ല. ഫെബ്രുവരിയില്‍ അമ്മ പോയിട്ട് ഒരു വര്‍ഷമാവും. അമ്മ കൂടെയില്ലാത്ത വിഷമം താല്‍ക്കാലികമായി മാറ്റുന്നത് സിനിമയില്‍ നിന്നാണ്. ക്രിയേറ്റീവായി നിന്നാലേ എല്ലാം മറികടക്കാനാവൂ. വേറെ മാര്‍ഗമില്ല. അതിനാല്‍ സിനിമകളുടെ പിന്നാലെയായി പോവുകയാണെന്നും മകന്‍ വ്യക്തമാക്കിയിരുന്നു.
ചതുരം ചെയ്യുന്ന സമയത്ത് അമ്മ ആശുപത്രിയിലായിരുന്നു. ആ സമയത്ത് അമ്മയ്ക്ക് ആളുകളെയൊന്നും തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞാല്‍ എല്ലാം കേള്‍ക്കുമായിരുന്നു. നല്ല മോനായിരിക്കണം എന്ന് എപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു. മരുന്ന് കഴിക്കാനൊക്കെ മടി കാണിക്കുന്ന സമയത്ത് വിളിച്ച് സംസാരിക്കുമായിരുന്നു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ അമ്മ ആദ്യം വിളിക്കുന്നത് എന്നെയായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.
