ഏറ്റവും നല്ല തമാശ പറയുന്ന സ്ത്രീകളെ എടുത്ത് നോക്കിയാൽ അതിൽ ഒരാളായി അവളുണ്ടാകും,അവളുടെ തമാശ കേട്ട് ചിലപ്പോൾ ഞാൻ വരെ ചിരിച്ച് പോകും ; ഭാര്യയെ കുറിച്ച് കൊച്ചുപ്രേമൻ പറഞ്ഞത്
നടന് കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളക്കരയ്ക്ക് അനവധി സംഭാവനങ്ങള്‍ നല്കിയ അതുല്യ നടനായിരുന്നു കൊച്ചുപ്രേമന്. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ഇന്ന് താരം അന്തരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം
മുതിർന്നവർക്ക് മാത്രമല്ല കൊച്ചു കുട്ടികൾക്കും ഒരുപോലെ പരിചിതനും പ്രിയങ്കരനുമായിരുന്നു നടൻ കൊച്ചു പ്രേമൻ. ശബ്ദത്തിലും രൂപത്തിലും സ്വതസിദ്ധമായ ശൈലിയും സ്വന്തമായ സവിശേഷതകളുമായി കൊച്ചുപ്രേമൻ മലയാള സിനിമയിൽ മാത്രമല്ല മലയാളികളുടെ മനസിലും നിറഞ്ഞ് നിൽക്കുന്നു.
മച്ചമ്പിയെന്നുള്ള നീട്ടി വിളി മാത്രം മതി മലയാളിക്ക് കൊച്ചുപ്രേമനെ ഓർമിക്കാൻ. പഴയതും പുതിയതുമായ താരങ്ങൾക്കൊപ്പെമെല്ലാം കൊച്ചുപ്രേമൻ സ്ക്രീനിൽ എത്തിയിട്ടുണ്ട്.ഇപ്പോഴിത ഭാര്യയും നടിയുമായ ഗിരിജയെ കുറിച്ച് കൊച്ചുപ്രേമൻ മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഗിരിജ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പോപ്പുലർ സീരിയലായ സാന്ത്വനത്തിൽ ലക്ഷ്മി അമ്മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൊച്ചുപ്രേമൻ ഭാര്യയെ കുറിച്ച് വാചാലനായത്. ‘ഞാൻ വീട്ടിൽ വളരെ സീരിയസാണ്. ഭാര്യയ്ക്ക് അത് അറിയാം. അവൾ ഒരു നാട്ടിൻപുറത്തുകാരിയായിരുന്നു. ആ നാട്ടിൻ പുറത്തിന്റേതായ കാര്യങ്ങൾ അവളിലുണ്ടായിരുന്നു അന്ന്.’
എന്റെ കൂട്ടുകാർ തമാശയുടെ ആൾക്കാരാണ്. അവർ വീട്ടിൽ വന്ന് എത്ര തമാശ പറഞ്ഞാലും എന്റെ ഭാര്യയുടെ മുഖത്ത് നോക്കിയാൽ നമുക്ക് തോന്നും അവർ ഏതോ മരണ വീട്ടിലെ കാര്യമാണ് പറയുന്നതെന്ന്. ഇപ്പോൾ അവളുടെ ആ രീതിയൊക്കെ നന്നായി മാറി.’
‘ഏറ്റവും നല്ല തമാശ പറയുന്ന സ്ത്രീകളെ എടുത്ത് നോക്കിയാൽ അതിൽ ഒരാളായി അവളുണ്ടാകും. തല്ലിപ്പൊളി തമാശയല്ല. നല്ല സ്റ്റാന്റേർഡ് തമാശകളാണ് അവൾ പറയാറുള്ളത്. അവളുടെ തമാശ കേട്ട് ചിലപ്പോൾ ഞാൻ വരെ ചിരിച്ച് പോകും. ഭാര്യയുടെ അതേപോലെയാണ് മകനും.”അവന്റെ തമാശ നിറഞ്ഞ മറുപടി കേട്ടാൽ എത്ര കോപത്തിലുള്ളവരും അറിയാതെ ചിരിച്ച് പോകും’ കൊച്ചു പ്രേമൻ പറഞ്ഞു. ഗിരിജയുടേയും കൊച്ചുപ്രേമന്റേയും പ്രണയ വിവാഹമായിരുന്നു. തന്നെ വിശ്വസിച്ച് തന്റെ ജീവിതത്തിലേക്ക് വന്നവളാണ് ഗിരിജയെന്നും വീട്ടുകാര്‍ വിവാഹത്തിന് ആദ്യം സമ്മതിച്ചിരുന്നില്ലെന്നും ഗിരിജ വാശിപിടിച്ചതോടെയാണ് വിവാഹം നടന്നതെന്നും കൊച്ചുപ്രേമന് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
‘നാടകത്തില്‍ ഏറെ സജീവമായിരുന്ന കാലത്തായിരുന്നു വിവാഹം. മിക്ക നാടകങ്ങളിലും ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇടക്കൊക്കെ വഴക്ക് കൂടാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ കഴിയാറുണ്ട്.”ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്നവരാണ് ഞങ്ങളെന്നും’ കൊച്ചുപ്രേമന് ഭാര്യയെ കുറിച്ച് സംസാരിക്കവെ പറഞ്ഞിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയങ്ങള്‍ മാത്രമാണ് ബിഗ് സ്ക്രീനില്‍ എത്തുന്നതെങ്കില്‍ കൂടി തനിക്ക് കിട്ടുന്ന അവസരങ്ങള്‍ വളരെ നല്ല രീതിയില്‍ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന നടനായിരുന്നു കൊച്ചുപ്രേമന്.
1979ൽ റിലീസായ ഏഴ് നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ട് സിനിമകൾ ചെയ്തു.ഇരട്ടക്കുട്ടികളുടെ അച്ഛനിലൂടെയാണ് സിനിമ നടൻ എന്ന ലേബലിൽ കൊച്ചുപ്രേമൻ അറിയപ്പെട്ട് തുടങ്ങുന്നത്.
കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താനെന്ന് 1997ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെ കൊച്ചുപ്രേമൻ സിനിമാപ്രേമികൾക്ക് കാണിച്ചുകൊടുത്തു. ഗുരുവിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം കൊച്ചുപ്രേമന്റെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നാണ്.
