News
കെല്ലി പിക്‌ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്‌സ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
കെല്ലി പിക്‌ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്‌സ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
ഗാനരചയിതാവും മുന്‍ അമേരിക്കന്‍ ഐഡല്‍ മത്സരാര്‍ത്ഥിയുമായ കെല്ലി പിക്‌ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്‌സ് മരിച്ച നിലയില്‍. വെള്ളിയാഴ്ച നാഷ്‌വില്ലെ ഏരിയയിലെ ദമ്പതികളുടെ വീട്ടിനുള്ളിലാണ് ജേക്കബ്‌സ് (49) മരിച്ചതായി കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണോയെന്ന് അന്വേഷിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ നാഷ്‌വില്ലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
പോലീസിന് നല്‍കിയ മൊഴിയനുസരിച്ച്, 36 കാരിയായ പിക്‌ലര്‍ രാവിലെ ഉണര്‍ന്നപ്പോള്‍ കൈലിന്റെ മുറി അടച്ച നിലയിലായിരുന്നു. വിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് പേഴ്‌സണല്‍ അസിസ്റ്റന്റിനെ വിളിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
പിക്ലറും ജേക്കബും 2011ലാണ് വിവാഹിതരായത് . 2015ല്‍ ‘ഐ ലവ് കെല്ലി പിക്ലര്‍’ എന്ന റിയാലിറ്റി ഷോയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.
ഗാര്‍ത്ത് ബ്രൂക്‌സിന്റെ 2007ലെ ഹിറ്റ് ‘മോര്‍ ദാന്‍ എ മെമ്മറി’, 2009ലെ ടിം മക്‌ഗ്രോയുടെ ‘സ്റ്റില്‍’ എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ രചിക്കുന്നതില്‍ ജേക്കബ്‌സ് പ്രധാന പങ്കു വഹിച്ചു. കെല്ലി ക്ലാര്‍ക്‌സണ്‍, സ്‌കോട്ടി മക്ക്രീറി, തുടങ്ങി നിരവധി പേര്‍ക്കായി അദ്ദേഹം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.