Malayalam
15 വർഷത്തെ പ്രണയത്തിനൊടുവിൽ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആൻ്റണി തട്ടിൽ
15 വർഷത്തെ പ്രണയത്തിനൊടുവിൽ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആൻ്റണി തട്ടിൽ
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്.
പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം. അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന നായിക കൂടിയാണ് കീർത്തി.
ഇപ്പോഴിതാ കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്നാണ്പുറത്ത് വരുന്ന വിവരം. 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവഹമെന്നാണ് റിപ്പോർട്ടുകൾ. ആൻ്റണി തട്ടിലാണ് വരൻ. ഡിസംബർ മാസത്തിൽ വിവാഹം നടക്കും. ഡിസംബർ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടുണ്ട്.
വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കും. 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആൻ്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജിൽ പഠിക്കുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു.
താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല. ഗോവയിൽ വെച്ച് വിവാഹം നടത്താനാണ് കൂടുതൽ സാധ്യത എന്നും ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
അടുത്തിടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറെ കീർത്തി വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നും വാർത്തകൾ വന്നിരുന്നു. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു നിൽക്കുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത വന്നത്. കീർത്തി നായികയായ റെമോ, താന സേർന്ത കൂട്ടം തുടങ്ങിയ സിനിമകളിൽ അനിരുദ്ധ് സംഗീത സംവിധായകനായി എത്തിയിരുന്നു.
ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നാലെ ഈ വാർത്തകളോട് പ്രതികരിച്ച് കീർത്തിയുടെ അച്ഛനും നടനുമായ സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു. ഈ വാർത്തകൾ നിഷേധിച്ച സുരേഷ് കുമാർ, ഇത് ആദ്യമല്ല കീർത്തിയെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതെന്നും പറഞ്ഞു.
തീർത്തും തെറ്റായ വാർത്തയാണ്. റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതമാണ്, അതിൽ ഒരു കണിക പോലും സത്യമില്ല. ഇതിനു മുൻപ് ഇതുപോലെയുള്ള വാർത്തകൾ വന്നിട്ടുണ്ട്, ഇതാദ്യമായല്ല അവളെക്കുറിച്ചും അനിരുദ്ധിനെ കുറിച്ചും ആരെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
തമിഴിലേക്ക് പോയതിന് ശേഷമാണ് കീർത്തി ജനപ്രിയ നടിയാവുന്നത്. അവിടുന്ന് തെലുങ്കിലെ മഹാനടി എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്ലിയാണ് കീർത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിർമ്മിക്കുന്നത്.
ബേബി ജോൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വരുൺ ധവാൻ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണിത്. അതേസമയം, മാമന്നൻ, ഭോല ശങ്കർ,ദസറ എന്നീ സിനിമകളാണ് കീർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.
