കഥപറച്ചില്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊണ്ടും ലോകത്തെ തന്നെ അത്ഭുതപ്പെടുത്താന്‍ ശേഷിയുള്ള ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയാവും വൃഷഭ ; കരുൺ ജോഹർ
മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. തെലുങ്ക് – മലയാളം ചിത്രമായ ‘വൃഷഭ’ ഒരു ആക്ഷൻ എന്റർടെയിനറാണ്. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തെക്കുറിച്ച് ബോളിവുഡിലും ചൂടുപിടിച്ച ചർച്ച നടക്കുകയാണ്. ഇപ്പോഴിതാ വൃഷഭയെക്കുറിച്ച് പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്‍റെ വാക്കുകളാണ് ചർച്ചയാകുന്നത്. ലോകത്തെ തന്നെ അത്ഭുതപ്പെടുത്താന്‍ ശേഷിയുള്ള ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയാവും വൃഷഭ. എന്നാണ് കരൺ ജോഹർ പറയുന്നത്.
ബോളിവുഡ് താരം സഞ്ജയ് കപൂറിന്‍റെ മകള്‍ ഷനയ കപൂര്‍ വൃഷഭയില്‍ അഭിനയിക്കുന്നുണ്ട്. ഷനയയുടെ സിനിമാ അരങ്ങേറ്റവുമാണ് ഈ ബിഗ് കാന്‍വാസ് ചിത്രം. ഷനയയയുടെ സിനിമാ അരങ്ങേറ്റത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് വൃഷഭയെക്കുറിച്ചും കരണ്‍ ജോഹര്‍ പറയുന്നത്.
കരണ്‍ ജോഹറിന്‍റെ കുറിപ്പ് ഇങ്ങനെ
“ചില യാത്രകള്‍ ആനുകൂല്യങ്ങള്‍ കൊണ്ടോ പാരമ്പര്യത്താലോ സംഭവിക്കുന്നതാണെന്ന് വിലയിരുത്തപ്പെടും. അത് ശരിയുമാണ്. പക്ഷേ നിന്നില്‍ ഞാന്‍ കണ്ടത് ഒരു യഥാര്‍ഥ കലാകാരിയെയാണ്. അത്രത്തോളം കഠിനമായി പ്രയത്നിച്ചതിനുശേഷം മാത്രമാണ് നീ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ഇത് നിനക്ക് ലഭിക്കുന്ന ഒരു ഗംഭീര അവസരമാണ്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഇതിഹാസമായ മോഹന്‍ലാല്‍ സാറില്‍ നിന്നും ഒരുപാട് പഠിക്കാനുള്ള അവസരം. കഥപറച്ചില്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊണ്ടും ലോകത്തെ തന്നെ അത്ഭുതപ്പെടുത്താന്‍ ശേഷിയുള്ള ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയാവും വൃഷഭ. നിനക്ക് ഈ അവസരം നല്‍കിയതില്‍ ഒരു കുടുംബാംഗം എന്ന നിലയില്‍ മുഴുവന്‍ അണിയറക്കാരോടും ഞാന്‍കടപ്പെട്ടിരിക്കുന്നു.
റോഷന്‍ മെക, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ്, പ്രിയങ്കരി ഏക്ത കപൂര്‍ നിങ്ങള്‍ എല്ലാവരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നീ പൊളിക്ക് പെണ്ണേ. അവസാന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിക്കൂ. ഈ യാത്രയില്‍ മറ്റ് തടസങ്ങളില്‍ ശ്രദ്ധ മാറാതിരിക്കട്ടെ. നിന്‍റെ ഉത്സാഹം നിന്നെ നയിക്കും. വരാനിരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് നമുക്കറിയാം.”