ഭഗവദ്ഗീതയും വിഷ്ണു ഭഗവാനും പരാമര്‍ശിക്കപ്പെടുന്ന രംഗമാണ് ഏറ്റവും പ്രിയപ്പെട്ട ഭാഗം; ചിത്രം അവസാനിക്കരുതേ എന്നായിരുന്നു മനസില്‍; ഓപ്പണ്‍ഹൈമറി’നെ കുറിച്ച് കങ്കണ
ഹോളിവുഡ് സിനിമാ പ്രേമികൾക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ഓപ്പൺഹൈമർ’ ജൂലൈ 21-നാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ തനിക്ക് ഏറെ ഇഷ്ടമായെന്ന് നടി കങ്കണ റണാവത്ത്. വിവാദമായ ഭഗവദ്ഗീത രംഗമാണ് ചിത്രത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഭാഗമെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ക്രിസ്റ്റഫര്‍ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമാണ് ഓപണ്‍ഹൈമറെന്നും നടി അഭിപ്രായപ്പെട്ടു.
”രണ്ടാം ലോകയുദ്ധത്തിനിടയില്‍ അമേരിക്കയ്ക്ക് വേണ്ടി ആണവ ബോംബ് നിര്‍മിച്ച ഒരു ജൂത ഊര്‍ജതന്ത്രജ്ഞന്റെ കഥയാണ് ചിത്രം. അദ്ദേഹം ഇടതുപക്ഷക്കാരനാണ് എന്നാണ് അവര്‍ കരുതുന്നത്. കമ്മ്യൂണിസത്തിന്റെ ഭാഗമായിരുന്നുവെന്ന് മാത്രമല്ല, ആഴത്തിലുള്ള രാഷ്ട്രീയ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. അമേരിക്ക അദ്ദേഹത്തെ സോവിയറ്റ് യൂനിയന്‍ ചാരനും ദേശദ്രോഹിയുമായാണു കണ്ടത്.”
”അത് തെറ്റാണെന്നും തന്റെ ദേശസ്നേഹം തെളിയിക്കാന്‍ വേണ്ടിയാണ് ഓപണ്‍ഹൈമര്‍ ആണവായുധം നിര്‍മിക്കുന്നത്. എന്നാല്‍, ഇതിനിടയിലുള്ള മാനവികപ്രശ്നങ്ങള്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ക്രിസ്റ്റഫര്‍ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. നമ്മുടെ കാലത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന്.”
”ചിത്രം അവസാനിക്കരുതേ എന്നായിരുന്നു മനസില്‍. ഞാന്‍ ആഴത്തില്‍ ഇഷ്ടപ്പെടുന്നതെല്ലാം അതിനകത്തുണ്ട്. ഫിസിക്സും പൊളിറ്റിക്സുമെല്ലാം എനിക്ക് ഏറെ താല്‍പര്യമുള്ള വിഷയങ്ങളാണ്. മനോഹരമാണെന്നു മാത്രമല്ല, ഒരു സിനിമാ രതിമൂര്‍ച്ഛ പോലെയായിരുന്നു എനിക്കത്. ഭഗവദ്ഗീതയും വിഷ്ണു ഭഗവാനും പരാമര്‍ശിക്കപ്പെടുന്ന രംഗമാണ് ഏറ്റവും പ്രിയപ്പെട്ട ഭാഗം” എന്നാണ് കങ്കണ വീഡിയോയില്‍ പറയുന്നത്.