News
മാരിമുത്തുവിനെ അവസാനമായി കാണാനെത്തി സഹപ്രവര്‍ത്തകര്‍; സങ്കടമടക്കാനാകാതെ വിങ്ങിപ്പൊട്ടി കനിഹ
മാരിമുത്തുവിനെ അവസാനമായി കാണാനെത്തി സഹപ്രവര്‍ത്തകര്‍; സങ്കടമടക്കാനാകാതെ വിങ്ങിപ്പൊട്ടി കനിഹ
നടനും സംവിധായകനുമായ ജി. മാരിമുത്തുവിന്റെ അപ്രതീക്ഷിത വേര്‍പാടലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇപ്പോഴിതാ അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയ സഹപ്രവര്‍ത്തകരുടെ വേദന നിറഞ്ഞ നിമിഷങ്ങളാണ് പുറത്തുവരുന്നത്.
‘എതിര്‍നീച്ചല്‍’ എന്ന സീരിയലിന്റെ അണിയ പ്രവര്‍ത്തകരെല്ലാം അദ്ദേഹത്തെ ഒരുനോക്ക് കാണുവാനായി ചെന്നൈയിലെ വസതിയില്‍ എത്തിയിട്ടുണ്ട്. നടി കനിഹ ഉള്‍പ്പടെയുള്ളവര്‍ സങ്കടത്താല്‍ വിങ്ങിപ്പൊട്ടി. കനിഹയും എതിര്‍നീച്ചല്‍ എന്ന പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. എതിര് നീച്ചല്‍ എന്ന സീരിയലില്‍ മാരിമുത്തു അവതരിപ്പിച്ചിരുന്ന ഗുണ ശേഖരന് എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയിരുന്നു.
2008ല്‍ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014ല്‍ പുലിവാല് എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എന്‍ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. ആദ്യ കാലത്ത് മണിരത്നം, വസന്ത്, സീമാന്‍, എസ്ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.
1967ല്‍ തമിഴ്നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടതാണ് സിനിമയിലേയ്ക്കുള്ള ചവിട്ടുപടിയായത്.
1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. മിഷ്കിന് സംവിധാനം ചെയ്ത ‘യുദ്ധം സെയ്’ എന്ന ചിത്രത്തിലെ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അഭിനയത്തില്‍ മാരിമുത്തുവിന് വഴിത്തിരിവാകുന്നത്. പിന്നീട് ആരോഹണം, നിമിന്‍ന്തുനില്‍, കൊമ്പന് തുടങ്ങി നിരവധി സിനിമകളില്‍ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടു. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു.
2021 ല്‍ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രന്‍ഗി രേയിലും അഭിനയിച്ചു. വിക്രം, മായോന്‍, അരുവ സണ്ട, കണ്ണൈ നമ്പാതെ, തീര കാതല്‍ എന്നിവയാണ് ഈ അടുത്ത് മാരിമുത്തുവിന്റേതായി റിലീസ് ചെയ്ത സിനിമകള്‍. ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തില്‍ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങല്‍. സൂര്യയുടെ ‘കങ്കുവ’ എന്ന ചിത്രത്തിലും മാരിമുത്തു അഭിനയിക്കുന്നുണ്ടായിരുന്നു. ഭാഗ്യ ലക്ഷ്മിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. അഖിലന്, ഐശ്വര്യ എന്നാണ് മക്കളുടെ പേരുകള്‍.
