Connect with us

പലസ്തീന് പിന്തുണ നല്‍കണമെന്ന് നേരത്തെ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തണ്ണീര്‍മത്തന്‍ തിരഞ്ഞെടുത്തത് ഇങ്ങനെ!

Actress

പലസ്തീന് പിന്തുണ നല്‍കണമെന്ന് നേരത്തെ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തണ്ണീര്‍മത്തന്‍ തിരഞ്ഞെടുത്തത് ഇങ്ങനെ!

പലസ്തീന് പിന്തുണ നല്‍കണമെന്ന് നേരത്തെ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തണ്ണീര്‍മത്തന്‍ തിരഞ്ഞെടുത്തത് ഇങ്ങനെ!

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കനി കുസൃതി എത്തിയത് സോഷ്യല്‍ മീഡിയയിലടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പലസ്തീന് പിന്തുണ നല്‍കണമെന്ന് നേരത്തെ തന്നെ താന്‍ ഉറപ്പിച്ചിരുന്നതായി പറയുകയാണ് നടി കനി കുസൃതി. പലസ്തീന്റെ മാപ്പ് വേണോ എന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാല്‍ പിന്നീട് വസ്ത്രത്തിലെ ഡിസൈനില്‍ ഉള്‍പ്പെടുത്താമെന്ന് കരുതി.

കൂടുതല്‍ കാവ്യാത്മകമായത് കൊണ്ടാണ് തണ്ണീര്‍മത്തന്റെ രൂപം അവസാനം തീരുമാനിച്ചതെന്നും കനി കുസൃതി വ്യക്തമാക്കി. നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ചുറ്റിലുമുള്ളത് എല്ലാം ഓര്‍ത്ത് ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കനി അഭിമുഖത്തില്‍ പറഞ്ഞു.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് പലസ്തീന് ഐക്യദാര്‍ഢ്യമറിയിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ കനി കുസൃതി പലസ്തീന്‍ പ്രതിരോധ ചിഹ്നങ്ങളിലൊന്നായ തണ്ണിമത്തന്‍ ഡിസൈനിലുള്ള ബാഗുമായി റെഡ് കാര്‍പറ്റില്‍ എത്തിയത്.

സാമ്രാജിത്വ അധിനിവേശത്തിനെതിരെയും വംശഹത്യക്കെതിരെയും പോരാടുന്ന പലസ്തീന്‍ ജനതയുടെ പ്രതിരോധ ചിഹ്നങ്ങളിലൊന്നാണ് പാതിമുറിച്ച തണ്ണിമത്തന്‍. ഇത് പലസ്തീന്റെ പതാകയിലെ പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളെ പ്രതിനിധീകരിക്കുന്നു.

അതേസമയം 30 വര്‍ഷങ്ങള്‍ക്ക് ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്.

1994ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓര്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ചിത്രം.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. ആദ്യ പ്രദര്‍ശനത്തിന് ശേഷം എട്ട് മിനിട്ടോളം നീണ്ടുനിന്ന നിറഞ്ഞ കയ്യടികളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

More in Actress

Trending

Recent

To Top