Actress
കറുത്തിട്ടാണ്, തടിച്ചിട്ടാണ് എന്നു തുടങ്ങി നിരവധി കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്, സിനിമയില്‍ നിന്നും നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് കാജോള്‍
കറുത്തിട്ടാണ്, തടിച്ചിട്ടാണ് എന്നു തുടങ്ങി നിരവധി കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്, സിനിമയില്‍ നിന്നും നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് കാജോള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കാജോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കരിയറില്‍ നേരിടേണ്ടി വന്ന കളിയാക്കലുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
തുടക്കകാലത്ത് ഒരുപാട് ബോഡി ഷെയിമിങ്ങിന് വിധേയയായിട്ടുണ്ടെന്നാണ് നടി പറയുന്നത്. ‘അവള്‍ കറുത്തിട്ടാണ്’, ‘അവള്‍ തടിച്ചിട്ടാണ്’, ‘അവള്‍ എപ്പോഴും കണ്ണാടി വെക്കും’ തുടങ്ങിയ വാചകങ്ങള്‍ തുടക്കകാലത്ത് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി ചൂണ്ടിക്കാട്ടി. പക്ഷേ താന്‍ മിടുക്കിയാണെന്ന് സ്വയം ബോധ്യമുണ്ടായിരുന്നുവെന്നും തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നവരെക്കാള്‍ മികച്ചവളാണെന്ന ധാരണ ഉണ്ടായിരുന്നുവെന്നും നടി പറഞ്ഞു.
താന്‍ സുന്ദരിയാണെന്ന് ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും താന്‍ ശരിക്കും സുന്ദരിയാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തുവെന്നും കാജോള്‍ വ്യക്തമാക്കി. 32-33 വയസായപ്പോഴാണ് താന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായതെന്നും നടി പറഞ്ഞു. ബോഡി ഷെയിമിങ് ആദ്യമൊക്കെ വേദനിപ്പിച്ചുവെന്നും എന്നാല്‍ പിന്നീട് കളിയാക്കലുകള്‍ക്കും ബോഡി ഷെയിമിങ്ങിനും തന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു.
17ാം വയസിലാണ് കാജോള്‍ നായികയായി ബോളിവുഡില്‍ എത്തുന്നത്. ‘സലാം വെങ്കി’യാണ് കാജോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രേവതി സംവിധാനം ചെയ്ത ചിത്രം അമ്മയും മകനും തമ്മിലുള്ള സ്‌നേഹവും അവര്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ അതിജീവനവുമാണ് പറഞ്ഞത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ആമിര്‍ ഖാന്‍ എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ഇരുവരും ഒന്നിച്ചത്.
