ദാസേട്ടനെ ഔട്ട് ആക്കാന്‍ നില്ക്കുന്നൊരു ഗ്രൂപ്പ്; ശ്രീകുമാറിനെ മാറ്റി മറ്റൊരാളെക്കൊണ്ട് പാടിച്ചാൽ മതിയെന്ന് പറഞ്ഞു; വെളിപ്പെടുത്തലുകളുമായി കൈതപ്രം!!
By
ഒട്ടനവധി ശ്രദ്ധേയ ഗാനങ്ങൾ എഴുതി മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാനരചയിതാവ് മാത്രമല്ല കവി, സംഗീത സംവിധായകന്, നടന്, ഗായകന്, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കര്‍ണ്ണാട്ടിക് സംഗീത വിദഗ്ദ്ന്‍ അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന നിരവധി ജനപ്രിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. മലയാള സിനിമയും അതിലെ ഗാനങ്ങളുമെല്ലാം മാറിയെങ്കിലും ഇന്നും ഗാനരചയിതാവ് എന്ന നിലയിൽ സജീവമായി നിൽക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പൊന്മുരളിയൂതും കാറ്റില്‍, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, രാമായണ കാറ്റേ തുടങ്ങി മലയാളികള്‍ ഇന്നും ഏറ്റ് പാടുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം തന്നെയാണ് ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന ഗാനത്തിലൂടെ മലയാളക്കരയെയാകെ ആവേശത്തിലാക്കിയതും.
ഇപ്പോഴിതാ മലയാള സിനിമയിലെ ഗ്രൂപ്പസത്തെക്കുറിച്ച് കൈതപ്രം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. സഫാരി ചാനലിലെ പരിപാടിയിലൂടെയായിരുന്നു അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചത്. ശ്രീകുമാറിനെ പിന്തുണയ്ക്കാന്‍ വേണ്ടിയുണ്ടായിരുന്നു ഗ്രൂപ്പിനെക്കുറിച്ചാണ് കൈതപ്രം സംസാരിക്കുന്നത്. തന്നെക്കുറിച്ച് ശ്രീകുമാറിനുണ്ടായിരുന്നു തെറ്റിദ്ധാരണയെക്കുറിച്ചും ശ്രീകുമാറിനെ പിന്തുണയ്ക്കാനും വേണ്ടിയായിരുന്നു ഗ്രൂപ്പിനെക്കുറിച്ചുള്ള കൈതപ്രത്തിന്റെ തുറന്നുപറച്ചിൽ നടന്നത്.
എംജി ശ്രീകുമാര്‍ എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാരനാണ്. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും പ്രശ്നങ്ങളൊന്നുമില്ല. ഇന്നലേയും കൂടെ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഈ പറയുന്ന സംഭവങ്ങളില്‍ ഇപ്പോഴും അതേ സമീപനമാണ് എനിക്ക് അദ്ദേഹത്തോട് എന്ന് കരുതരുത്. എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. ഒരു പ്രശ്നവുമില്ല. എന്നാലും ചില കാര്യങ്ങള്‍ പറയാതിരിക്കാനാകില്ലെന്നാണ് കൈതപ്രം പറഞ്ഞു.
ശ്രീകുമാറിനെ ഞാന്‍ ആദ്യം കാണുന്നത് അവരുടെ വീട്ടില്‍ വച്ച് തന്നെയാണ്. അന്ന് രാധാകൃഷ്ണന് ചേട്ടനുണ്ട്. അവര്‍ ഒരുമിച്ച് കച്ചേരി നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് അവരെയൊക്കെ പരിചയമുണ്ട്. പക്ഷെ ഞാന്‍ സിനിമയിലേക്ക് എത്തുമ്പോള്‍ കുറച്ച് ഗ്രൂപ്പിസം ഒക്കെ തുടങ്ങിയിരുന്നു. ശ്രീകുമാറിനെ പിന്തുണയ്ക്കുന്ന ഒരു ഗ്രൂപ്പ്, ദാസേട്ടനെ ഔട്ട് ആക്കാന്‍ നില്ക്കുന്നൊരു ഗ്രൂപ്പ്” അദ്ദേഹം പറഞ്ഞു.
എനിക്ക് അതിലൊന്നും ഒരു വിശ്വാസവുമില്ല. ശ്രീകുമാറിന് ആരുടെയെങ്കിലും പിന്തുണയുടെ ആവശ്യമില്ല. അതുപോലെ ആരെങ്കിലും വിചാരിച്ചാല്‍ ദാസേട്ടനെ ഔട്ടാക്കാനും സാധിക്കില്ല. ഇന്നലെയും ഞാനും ശ്രീകുമാറിനെ കണ്ടു. ദാസേട്ടനെക്കുറിച്ച് ശ്രീകുമാര്‍ സംസാരിക്കുന്നത് കേട്ടു. ഇഷ്ടപ്പെട്ടു. നല്ല ഗുരുത്വമുള്ളയാളാണ്. പക്ഷെ എനിക്ക് വിഷമമായൊരു കാര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിസ് ഹൈനസ് അബ്ദുള്ള സിനിമയില്‍ ഒരു പാട്ടാണ് ശ്രീകുമാറിന് ലഭിച്ചത്. ആ പാട്ടില്‍ ശ്രീകുമാര്‍ സംതൃപ്തനായിരുന്നില്ല. ചിത്രത്തിലെ ബാക്കിയുള്ള പാട്ടുകള്‍ ഇയാള്‍ പാടുന്നതില്‍ നിന്നും തഴഞ്ഞ് ദാസേട്ടനെക്കൊണ്ട് പാടിച്ചതില്‍ എനിക്ക് പങ്കുണ്ടെന്ന് ശ്രീകുമാര്‍ കരുതിയിരുന്നു. പക്ഷെ ശരിക്കും എനിക്ക് പങ്കില്ല. മാത്രമല്ല എനിക്ക് അതിനുള്ള സ്വാധീനവുമില്ല. ഞാന്‍ പറഞ്ഞതു കൊണ്ട് ആരേയും ഒഴിവാക്കുകയുമില്ല.
ഞാനിത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പക്ഷെ അയാള്‍ വിശ്വസിച്ചില്ലെന്നും കൈതപ്രം പറയുന്നു. അന്ന് നാദരൂപിണി എന്ന പാട്ടിലെ ആളെ മാറ്റാന്‍ എന്നോട് പറഞ്ഞിരുന്നു. അതിനായി എനിക്ക് ഫ്ളൈറ്റ് ടിക്കറ്റും എടുത്ത് തന്നിരുന്നു. ശ്രീകുമാറിനെ മാറ്റി പകരം മറ്റൊരാളെക്കൊണ്ട് പാടിക്കാനായിരുന്നു എന്നെ ഏല്‍പ്പിച്ചത്. പക്ഷെ ഞാന്‍ അന്ന് പോയില്ല.
ശ്രീകുമാറിന്റെ പാട്ട് തന്നെ മതിയെന്ന് ഞാന്‍ പറഞ്ഞു. അന്ന് ശ്രീകുമാറിനെയാണ് ഞാന്‍ പിന്തുണച്ചത്. പിന്നീട് പാട്ടിന് ശ്രീകുമാറിന് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഞാനതില്‍ അഭിമാനിക്കുന്നുവെന്നും കൈതപ്രം പറഞ്ഞു. പിന്നീട് എന്റെ രണ്ട് പാട്ടുകള്‍ക്ക് ശ്രീകുമാറിന് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട് ഇത്രയൊക്കെയായിട്ടും ഞാന്‍ പിന്തുണയ്ക്കുന്നില്ല എന്ന് പറയാനുള്ള കാരണം എന്താണെന്ന് എനിക്കറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
