Tamil
സൂര്യക്കൊപ്പം അഭിനയിക്കാൻ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തലുമായി ഭാര്യ ജ്യോതിക!
സൂര്യക്കൊപ്പം അഭിനയിക്കാൻ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തലുമായി ഭാര്യ ജ്യോതിക!
ജ്യോതികയും കാർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തമ്പി. ജീവിതത്തിലെന്നപോലെ സിനിമയിലും ജ്യോതികയുടെ അനിയന്റെ വേഷത്തിലാണ് കാർത്തി എത്തുന്നത്. ജ്യോതികയുടെ ഭർത്താവ് സൂര്യയുടെ അനിയനാണ് കാർത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇരുവരും. അടുത്തിടെ നടന്നൊരു പ്രൊമോഷൻ പരിപാടിയിൽ ജ്യോതികയോട് അവതാരകൻ വളരെ രസകരമായൊരു ചോദ്യം ചോദിച്ചു.
സൂര്യയ്ക്കൊപ്പമാണോ കാർത്തിക്കൊപ്പമാണോ അഭിനയിക്കാൻ ബുദ്ധിമുട്ടെന്നായിരുന്നു ജ്യോതികയോട് ചോദിച്ചത്. ഇതിനു പെട്ടെന്നു തന്നെ ജ്യോതികയുടെ ഉത്തരമെത്തി, സൂര്യയ്ക്കൊപ്പം. അതിന്റെ കാരണവും ജ്യോതിക പറഞ്ഞു. സൂര്യയ്ക്കൊപ്പം അഭിനയിക്കുമ്പോൾ കൂടുതൽ വഴക്കുണ്ടാകുമെന്നായിരുന്നു ജ്യോതിക പറഞ്ഞത്. തമിഴകത്തെ താരദമ്പതികളായ സൂര്യയ്ക്കും ജ്യോതികയ്ക്കും ആരാധകർ നിരവധിയാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമായിരുന്നു സൂര്യ-ജ്യോതിക വിവാഹം. വിവാഹത്തിനനു മുൻപ് ഇരുവരും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന ജ്യോതിക 2015 ൽ ’36 വയതിനിലേ’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോൾ അഭിനയത്തിൽ സജീവമാണ് ജ്യോതിക.
ദിയ, ദേവ് എന്നീ രണ്ടു മക്കൾ ഇവർക്കുണ്ട്. സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘തമ്പി’ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും സൂരജ് സാധനയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജ്യോതികയുടെയും നഗ്മയുടെയും സഹോദരനാണ് സൂരജ് സാധന. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ‘തമ്പി’. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.
Jyothika and Suriya