Malayalam
നമുക്കൊരു ഏഷ്യനെറ്റ് അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതി വിചാരിച്ച ആളാണ് ഞാന്‍, ഇത് വലിയൊരു കൂട്ടായ്മയുടെ വിജയമാണ്; ജൂഡ് ആന്റണി ജോസഫ്
നമുക്കൊരു ഏഷ്യനെറ്റ് അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതി വിചാരിച്ച ആളാണ് ഞാന്‍, ഇത് വലിയൊരു കൂട്ടായ്മയുടെ വിജയമാണ്; ജൂഡ് ആന്റണി ജോസഫ്
2018 എന്ന വര്‍ഷം മലയാളികള്‍ എപ്പോഴും ഓര്‍മ്മിക്കുന്നത് പ്രളയം എന്ന ദുരന്തത്തിന്റെ പേരിലാണ്. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ടൊവിനോ തോമസ്, ആസിഫ് അലി, ലാല്‍, വിനീത് ശ്രീനിവാസന്‍, നരേന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ‘2018’. കഴിഞ്ഞ ദിവസമായിരുന്നു മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡിലേയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മലയാളത്തില്‍ നിന്നുള്ള ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിലേയ്ക്ക് തന്റെ സിനിമയായ ‘2018’ തിരഞ്ഞെടുക്കപ്പെട്ടതിനെ പറ്റി സംസാരിച്ച ജൂഡ് പറഞ്ഞത് ഇങ്ങനെയാണ്:
‘ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നമുക്കൊരു ഏഷ്യനെറ്റ് അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതി വിചാരിച്ച ആളാണ് ഞാന്‍. അവാര്‍ഡിനേക്കാളും ഇതില്‍ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും ഓര്‍ത്തുവെക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു കാലഘട്ടമായിരുന്നു ഞങ്ങള്‍ ഒരുമിച്ച് ഈ സിനിമ ചെയ്തത്. അതിനെ കുറിച്ചാണ് ഞങ്ങള്‍ക്ക് ഏറെ സന്തോഷമുള്ളത്. വാര്‍ത്ത അറിഞ്ഞത് മുതല്‍ എന്ത് ചെയ്യണമെന്നറിയാതെ സന്തോഷിച്ച് ഇരിക്കുകയാണ്. ഇത് വലിയൊരു കൂട്ടായ്മയുടെ വിജയമാണ്’ എന്ന് ജൂഡ് പറഞ്ഞു
‘മലയാളികളുടെ കൂട്ടായ്മയുടെ വിജയമായിരുന്നു 2018 എന്ന വര്‍ഷം. നാം എല്ലാവരും ഒരുമിച്ച് ഒരുമിച്ച് വെള്ളപ്പൊക്കത്തെ നേരിട്ടതുപോലെ അത്രയും എഫര്‍ട്ട് ഇട്ടിട്ടാണ് ഞങ്ങള്‍ സിനിമയെടുത്തത്. സിനിമ ഇന്‍ഡസ്ട്രി ഹിറ്റ് ആയപ്പോള്‍ തന്നെ ഞങ്ങള്‍ ഹാപ്പിയായിരുന്നു. അതിന്റെ കൂടെ ദൈവം ഇങ്ങനെയൊരു അനുഗ്രഹവും കൂടി തന്നു. ദുരവസ്ഥകള്‍ എല്ലാ നാട്ടിലും ഉണ്ടാവുന്നതാണ്. അതൊരു ലോക ശ്രദ്ധ കിട്ടാന്‍ തക്ക വിഷയമാണെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം സിനിമയ്ക്ക് ഇങ്ങനെയൊരു യോഗ്യത കിട്ടിയത്.’ എന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.
