Actor
‘ഡ്യൂപ്പില്ലാതെ ഞാന്‍ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്, മുതല എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു’; ഭീമന്‍ രഘു
‘ഡ്യൂപ്പില്ലാതെ ഞാന്‍ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്, മുതല എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു’; ഭീമന്‍ രഘു
നിരവധി ചിത്രങ്ങളിലൂടെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടനാണ് ഭീമന്‍ രഘു. 1980 കളുടെ തുടക്കത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍ പിന്നീട് വില്ലന്‍ കഥാപാത്രങ്ങളല്ലാതെ ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും കയ്യടി നേടിയിരുന്നു. സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മറ്റും താരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് നടന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗ സമയത്ത് ബഹുമാനം കൊണ്ട് എഴുന്നേറ്റ് നിന്ന് ട്രോളുകളിലും വാര്‍ത്തകളിലും ഭീമന്‍ രഘു നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ മുന്‍പ് അഭിനയിച്ച ഒരു സിനിമയുടെ ഫൈറ്റ് രംഗങ്ങളില്‍ മുതലയുമായും കരടിയുമായും ഫൈറ്റ് ചെയ്യേണ്ടി വന്ന സാഹസികമായ അനുഭവത്തെ പറ്റി ഓര്‍ക്കുകയാണ് ഭീമന്‍ രഘു.
‘ഡ്യൂപ്പില്ലാതെ ഞാന്‍ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്. മുതലയുടെ വായ കമ്പി വെച്ച് കെട്ടിയിരുന്നു. അതിനെയുംകൊണ്ട് വെള്ളത്തില്‍ ഇറങ്ങിയായിരുന്നു ഷോട്ട്. അതിന്റെ കൂടെ മുങ്ങിയും പൊങ്ങിയും ഒരുപാട് ഷോട്ട് എടുത്തു. അതിനിടയ്ക്ക് മുതലയുടെ കമ്പിയില്‍ നിന്നും എന്റെ പിടിവിട്ടു പോയി. അത് എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു. പത്തിരുപത് അടി പോയിട്ടാണ് പിന്നെ ഞാന്‍ പൊങ്ങുന്നത്. നീന്തല്‍ അറിയുന്നത് കൊണ്ട് പ്രശ്‌നമൊന്നും ഉണ്ടായില്ല.’ ഭീമന്‍ രഘു പറഞ്ഞു.
‘പിന്നെയാണ് കരടിക്കൊപ്പം ഫൈറ്റ് ചെയ്തത്. അതിന്റെ കഴുത്തില്‍ പിടിച്ച് കത്തിവെക്കുന്ന രംഗമായിരുന്നു. അതിന് വേദനിക്കാന്‍ തുടങ്ങിയപ്പോള്‍ അത് അലര്‍ച്ചയിടാന്‍ തുടങ്ങി. അതോടെ ആ ഷോട്ട് വേഗം ചെയ്തു തീര്‍ത്തു. പിന്നീട് ഒരു ഷോട്ട് കൂടി എടുക്കാന്‍ ചെന്നപ്പോള്‍ അത് ഓടി. ഞാന്‍ അതിന്റെ പിറകെ ഓടി.
മൃഗയ ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ ഡ്യൂപ്പിന് പകരം ഒര്‍ജിനല്‍ പുലിയെ പിടിച്ചോട്ടെ എന്ന് ഞാന്‍ ഐ. വി ശശിയോട് ചോദിച്ചിട്ടുണ്ട്’എന്നും ഭീമന്‍ രഘു തന്റെ അനുഭവം ഓര്‍ത്ത് പറഞ്ഞു. ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ വളരെ ഫ്‌ലെക്‌സിബിള്‍ ആണെന്നും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരില്‍ മോഹന്‍ലാലിന്റെ കൂടെ ഫൈറ്റ് ചെയ്യാന്‍ എളുപ്പമാണെന്നും അഭിമുഖത്തില്‍ ഭീമന്‍ രഘു പറഞ്ഞു.