എന്റെ സിനിമകൾ , മക്കളെയും കാണിച്ചിട്ടില്ല അവരുടെ ക്ലാസ്മേറ്റ്സ് പറഞ്ഞാണ് ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന് അവർ അറിയുന്നത്; ജോമോൾ!
രു കാലത്തു മലയാളികളുടെ പ്രിയപെട്ട നടിമാരിൽ ഒരാൾ ആയിരുന്നു ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ കുട്ടി ഉണ്ണിയാർച്ചയായി മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് ജോമോൾ. തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലതാരമായും നായികയായും ജോമോൾ തിളങ്ങുകയായിരുന്നു. മലയാള സിനിമയിൽ ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്നു ജോമോളിന്.
എന്ന് സ്വന്തം ജാനകിക്കുട്ടി, മയിൽപ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം മുതലായ സിനിമകളിലൂടെയാണ് ജോമോൾ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. നിറത്തിലെ വീണു നടക്കുന്ന വർഷയെയും എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകി കുട്ടിയേയും ഒന്നും പ്രേക്ഷകർ ഒരുകാലത്തും മറക്കാൻ ഇടയില്ല. ജാനകി കുട്ടിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ജോമോൾ നേടിയിരുന്നു.
2002 ൽ വിവാഹിത ആയതോടെയാണ് ജോമോൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നത്. ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ചന്ദ്രശേഖർ പിള്ളയെ ആണ് ജോമോൾ വിവാഹം കഴിച്ചത്. വിവാഹശേഷം മതം മാറി ജോമോൾ ഗൗരി എന്ന പേര് സ്വീകരിച്ചിരുന്നു. രണ്ടു പെൺകുട്ടികളാണ് ജോമോളിനുള്ളത്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ജോമോൾ 2017 ൽ കെയർഫുൾ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. നടിയെ വീണ്ടും സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
അതിനിടെ ജോമോളിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. തന്റെ പഴയ സിനിമകൾ താൻ കാണാറില്ലെന്ന് പറയുകയാണ് ജോമോൾ. മക്കളേയും തന്റെ സിനിമകൾ കാണിച്ചിട്ടില്ലെന്നും എന്നാൽ താനറിയാതെ അവർ കണ്ടിട്ടുണ്ടെന്നും മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജോമോൾ പറഞ്ഞു.
‘എന്റെ സിനിമകൾ ഞാൻ കാണാറില്ല, മക്കളെയും കാണിച്ചിട്ടില്ല. പക്ഷേ ഞാൻ കാണാതെ അവർ ഒന്നോ രണ്ടോ സിനിമ കണ്ടിട്ടുണ്ട്. ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് അവർക്ക് അറിയില്ലായിരുന്നു. അവരുടെ ക്ലാസ്മേറ്റ്സ് പറഞ്ഞാണ് ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന് അവർ അറിയുന്നത്. അമ്മ ഉറങ്ങിയ സമയത്ത് ഞാനും അമ്മൂമ്മയും അമ്മയുടെ സിനിമ കണ്ടിട്ടുണ്ട്, മയിൽപ്പീലിക്കാവ് കണ്ടിട്ടുണ്ട് എന്നൊക്കെ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. അതിൽ നിർത്തും, കൂടുതലൊന്നും അവർ പറയാറില്ല,”എനിക്ക് എന്റെ പഴയ സിനിമകൾ കാണുമ്പോൾ ഒട്ടും രസം തോന്നാറില്ല. ഇപ്പോൾ കാണുമ്പോൾ ഞാൻ എന്തെക്കെയോ കാണിച്ചു കൂട്ടുന്നു എന്നാണ് തോന്നുന്നത്. ഇന്ന് സംസാരിച്ച് കഴിഞ്ഞ് നാളെ ഈ ഇന്റർവ്യൂ കാണുമ്പോൾ അയ്യോ ഞാൻ കുറച്ചു കൂടി നന്നായി സംസാരിക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നും,’ ജോമോൾ പറഞ്ഞു.
‘ജാനകിക്കുട്ടി ചെയ്യുന്ന സമയത്ത് ഹരിഹരൻ സാർ കാണാൻ വരുമ്പോൾ ട്യൂഷൻ ഉണ്ടെന്നൊക്കെ ഞാൻ പറയുമായിരുന്നു. പിന്നെ ആലോചിച്ചിട്ടുണ്ട് ഞാൻ എന്ത് ധൈര്യത്തിലാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞതെന്ന്. സാർ എനിക്ക് ട്യൂഷനുണ്ട്, എട്ടരക്ക് ട്യൂഷൻ തീരുകയുള്ളൂ എന്ന് പറഞ്ഞാൽ എട്ടരക്ക് മതി, എട്ടരക്ക് വണ്ടി വിടാമെന്ന് സാർ പറയും. അതുകഴിഞ്ഞ് മറ്റെ ക്ലാസുണ്ടെന്ന് പറയുമ്പോൾ പൊയ്ക്കോ അത് കഴിഞ്ഞ് മതിയെന്ന് പറയും. അന്ന് അദ്ദേഹത്തിന്റെ വലുപ്പം അറിയാത്തത് കൊണ്ടാവണം അല്ലെങ്കിൽ വിവരം ഇല്ലാതിരുന്ന കൊണ്ടാകും അങ്ങനെ പറഞ്ഞത്,’
തനിക്ക് വന്ന സിനിമകൾ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും ജോമോൾ പറയുന്നുണ്ട്. നമുക്ക് അറിയാത്ത എത്രയോ കഴിവുള്ള ആളുകളുണ്ട്. പല പ്രോഗ്രാമുകളും കാണുമ്പോൾ നല്ല ടാലന്റഡായ ആളുകളുണ്ടെന്ന് തോന്നും. ഇവരെയൊന്നും ആരും തിരിച്ചറിയുന്നില്ല. അവർക്കിടയിൽ നിന്നും തന്നെ തിരഞ്ഞെടുത്തത് തന്റെ അനുഗ്രഹമാണെന്ന് ജോമോൾ പറഞ്ഞു.
