Malayalam
എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊല്ലണം എന്ന്, വിശ്വാസത്തിന്റെ പേരില്‍ ചെയ്ത് കൂട്ടുന്നത് ഒന്നാംതരം സാമൂഹ്യദ്രോഹം; 12 വയസ് വരെ ആ കുഞ്ഞിനെ അവര്‍ നരകിപ്പിച്ചുകൊണ്ടേയിരുന്നു; ജോമോള്‍ ജോസഫ്
എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊല്ലണം എന്ന്, വിശ്വാസത്തിന്റെ പേരില്‍ ചെയ്ത് കൂട്ടുന്നത് ഒന്നാംതരം സാമൂഹ്യദ്രോഹം; 12 വയസ് വരെ ആ കുഞ്ഞിനെ അവര്‍ നരകിപ്പിച്ചുകൊണ്ടേയിരുന്നു; ജോമോള്‍ ജോസഫ്
കളമശേരിയില്‍ യഹോവ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനിടെയുണ്ടായ ബോം ബ് സ് ഫോടനത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. സംഭവത്തില്‍ കൊച്ചി സ്വദേശിയായ ഡൊമനിക് മാര്‍ട്ടിന്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. ആശയങ്ങളോട് ഉള്ള അഭിപ്രായ വ്യത്യാസം കൊണ്ട് ആണ് സ് ഫോടനം നടത്തിയത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതോടെ ആരാണ് യഹോവ സാക്ഷികള്‍ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ യഹോവ സാക്ഷികളെ കുറിച്ച് മോഡലും നടിയും ഹ്യൂമന്‍ ആക്റ്റിവിസ്റ്റുമായ ജോമോള്‍ ജോസഫ് പറഞ്ഞ കാര്യങ്ങള്‍ ആണ് വൈറല്‍ ആകുന്നത്.
കുറിപ്പ് ഇങ്ങനെ;
എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊല്ലണം എന്ന് !! യഹോവസാക്ഷികളോട് ദേഷ്യം തോന്നിയെന്നു കരുതി ഒരാള്‍ക്ക് ബോംബ് വെച്ച് ആളുകളെ കൊല്ലാനൊക്കെ പറ്റുമോ ഈ ചോദ്യം നമ്മളില്‍ എത്രപേര്‍ ഇന്നലെ മുതല്‍ പരസ്പരം ചോദിച്ചിട്ടുണ്ടാകും. ഈ വാര്‍ത്ത കേട്ടവരൊക്കെ ‘സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല അയാളുടെ പ്രവര്‍ത്തി’ എന്ന് ഉറപ്പായും പറഞ്ഞു കാണില്ലേ. ബഹു ഭൂരിഭാഗം ആളുകള്‍ക്കും ഈ സംഭവം ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകുമോ എന്നാല്‍ അയാള്‍ ഇങ്ങനെ ചെയ്തു എന്ന വാര്‍ത്തയില്‍ എനിക്ക് ഒരു അതിശയവും തോന്നിയില്ല.
കാരണം..ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് ഇവറ്റകളെ കൊന്നാലോ എന്ന് !! അതിശയം തോന്നുണ്ടോ അതിശയിക്കണ്ട, സത്യമാണ്. ഞാന്‍ കാര്യം പറയാം..
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ അയല്പക്കത്തെ വീട്ടില്‍ അത്രമേല്‍ വേണ്ടപ്പെട്ട അടുപ്പമുള്ള ആളുകളായിരുന്നു. വളരെ പാവപ്പെട്ട കുടുംബം, അവര്‍ ക്രിസ്ത്യന്‍ മതം വിട്ട് യഹോവ സാക്ഷികളായി മാറി. ആ വീട്ടിലെ ആന്റിയ്ക്ക് കാലിനു വയ്യായിരുന്നു, രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമായിരുന്നു ആന്റിക്ക്, മൂത്ത മകനും ഞാനും ഒരേ പ്രായം. അവനെക്കാള്‍ ഒരു വയസ്സ് താഴെ അവന്റെ അനിയന്‍, അവനെക്കാള്‍ മൂന്ന് വയസ്സിനു ഇളയതാണ് പെണ്‍കുട്ടി നവോമി.
ആന്റിയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോയി. ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ആന്റിയുടെ മകള്‍ നവോമിക്ക് 11-12 വയസ്സു കാണും, നാലു വയസ്സുള്ളപ്പോള്‍ മുതല്‍ (ഞങ്ങളുടെ മോള്‍ ആമിയുടെ പ്രായം) നവോമിക്ക് ഇടയ്ക്കിടെ ശ്വാസം മുട്ടല്‍ വരും, ശ്വാസം മുട്ടല്‍ എന്ന് പറഞ്ഞാല്‍, അത്ര കടുത്ത ശ്വാസം മുട്ടല്‍, ശ്വാസമൊക്കെ കിട്ടാതെ കണ്ണുകളൊക്കെ തള്ളി പുറത്തേക്ക് വരുന്ന അവസ്ഥ..
ആ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ ചികിത്സ നല്‍കാനോ യഹോവസാക്ഷികള്‍ സമ്മതിക്കില്ല, അത്തരം നീക്കങ്ങള്‍ നടന്നാല്‍ അപ്പോളേക്കും സഹോദരങ്ങള്‍ (യഹോവ സാക്ഷികളായ വിശ്വാസികളെ പരസ്പരം അഭിസംബോധന ചെയ്യുന്നത് സഹോദരങ്ങള്‍ എന്നാണ്) പാഞ്ഞെത്തും, ആ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിക്കില്ല, ശ്വാസം കിട്ടാതെ കണ്ണുകള്‍ പുറത്തേക്ക് തള്ളി കിടന്ന് പുളയുന്ന ആ കുഞ്ഞിന് ചുറ്റും ഇവര്‍ വട്ടം കൂടി നിന്ന് വലിയ വായില്‍ പ്രാര്‍ത്ഥനയും കൈകൊട്ടി പാടലും തുടങ്ങും.. ‘യഹോവ (ദൈവം) തന്നതാണ് ഈ പരീക്ഷണം, യഹോവ തന്നേ കുഞ്ഞിനെ രക്ഷിക്കും’ ഇതാണ് ഇവരുടെ ലൈന്‍.
നാല് വയസ്സ് മുതല്‍ ഈ കുഞ്ഞിന് ചികിത്സ നിഷേധിച്ച്, കുഞ്ഞുനവോമിയെ 12 വയസ്സുവരെ ഇവര്‍ നരകിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ആന്റിയുടെ ആങ്ങളയുടെ ഭാര്യ ആന്റിയുടെ വീട്ടില്‍ ചെന്നപ്പോള്‍, നവോമി ശ്വാസം കിട്ടാതെ കിടന്ന് പുളയുന്നു, യഹോവ സാക്ഷികളായ ആളുകള്‍ ചുറ്റിലും കൂടി നിന്ന് വലിയ വായില്‍ പ്രാര്‍ത്ഥിക്കുന്നു. ആന്റിയുടെ ആങ്ങളയുടെ ഭാര്യ നവോമിയെയും എടുത്ത് പുറത്തേക്കൊടി, ബന്ധുക്കളേം കൂട്ടി ആശുപത്രിയിലേക്ക് പോയി, ബന്ധുക്കളും (അവരൊക്കെ ക്രിസ്ത്യന്‍ മതത്തിലാണ് ഉള്ളത്) നാട്ടുകാരും ഒക്കെ ഇടപെട്ട് നവോമിക്ക് ചികിത്സ നടത്താനുള്ള ഏര്‍പ്പാടുകള്‍ ആശുപത്രിയില്‍ വെച്ച് ചെയ്യുമ്പോളേക്കും, പുറകെ ‘വിശ്വാസി സഹോദരങ്ങളും’ ആശുപത്രിയിലേക്ക് പാഞ്ഞെത്തി ബഹളം തുടങ്ങി.
നവോമിയുടെ ഹൃദയത്തിന്റെ വാള്‍വിന് കംപ്ലയിന്റ് ആണ്, ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആകെയുള്ള വഴി ഹൃദയത്തിന്റെ വാല്‍വ് മാറ്റിവെക്കല്‍ മാത്രമാണ്. അടിയന്തിരമായി സര്‍ജറി ചെയ്യണം. നാട്ടുകാരും ബന്ധുക്കളും ഒക്കെ കൂടെ ഇടപെട്ട് പണം കണ്ടെത്തി സര്‍ജറിയിലേയ്ക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ‘വിശ്വാസി സഹോദരങ്ങള്‍’ അടുത്ത പ്രശ്‌നവുമായി ആശുപത്രിയില്‍ ബഹളം തുടങ്ങി..സര്‍ജറി ചെയ്യാം, പക്ഷെ നവോമിയുടെ ശരീരത്തില്‍ വേറെ ബ്ലഡ് കേറ്റാന്‍ പാടില്ല!!
പന്ത്രണ്ടു വയസ്സുള്ള നവോമിയുടെ ഹൃദയത്തിന്റെ വാല്‍വ് മാറ്റിവെക്കല്‍ ശാസ്ത്രക്രിയ്യ ചെയ്യുമ്പോഴാണ്, അടിയന്തിര സാഹചര്യം വന്നാല്‍ നവോമിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വേറെ ആളുടെ രക്തം അവളുടെ ശരീരത്തില്‍ കയറ്റാന്‍ പാടില്ല എന്ന് ഈ യഹോവസാക്ഷികള്‍ പറയുന്നത്!! ബന്ധുക്കളുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴിപ്പെടാന്‍ തയ്യാറാകാതെ, ഇക്കൂട്ടര്‍ അമ്പിനും വില്ലിനും അടുക്കാതെ വന്നപ്പോള്‍ സര്‍ജറി നടക്കില്ല എന്ന സാഹചര്യതിലേക്ക് കാര്യങ്ങളെത്തിച്ചേര്‍ന്നു.
ഒടുവില്‍ ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ഇടപെട്ട് ‘സര്‍ജറിക്ക് ഇടയില്‍ ബ്ലഡ് കയറ്റാതെ നവോമിയുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദികളല്ല, ആ ഉത്തരവാദിത്തം എനിക്കാണ് എന്ന് ആന്റിയെക്കൊണ്ട് സമ്മതപത്രം എഴുതി ഒപ്പിടിവിപ്പിച്ചു കൊണ്ട് സര്‍ജറി നടത്താമെന്ന് തീരുമാനമായി. ആന്റി സമ്മതപത്രം എഴുതിയൊപ്പിട്ടുകൊടുത്തു. നവോമിയെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റി, സര്‍ജറിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി, ഓപ്പറേഷന്‍ തീയേറ്ററിന്റെ പുറത്ത് ഇവറ്റകളുടെ കൈകൊട്ടിപ്പാട്ടും ആരംഭിച്ചു.
മണിക്കൂറുകള്‍ നീണ്ട സര്‍ജറി, ഡോക്ടര്‍മാരുടെ കഴിവ് കൊണ്ട് നവോമിയുടെ ഹൃദയത്തിന്റെ വാല്‍വിന് പകരം പന്നിയുടെ ഹൃദയത്തിന്റെ വാള്‍വ് മാറ്റി വെക്കുന്ന സര്‍ജറി വിജയിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ചരിത്രത്തിലെ (കേരള ചരിത്രത്തിലെ തന്നേ ആദ്യ സര്‍ജറിയെന്നാണ് ഞാന്‍ കരുതുന്നത്) പകരം രക്തം കയറ്റാതെ നടത്തിയ ഹൃദയവാള്‍വ് മാറ്റിവെക്കല്‍ സര്‍ജറി വിജയിച്ചു. ഈ സംഭവം പിറ്റേന്ന് മനോരമ അടക്കം സകല പത്രങ്ങളിലും മുന്‍പേജില്‍ വലിയ വാര്‍ത്തയായി.
ആ വാര്‍ത്തയില്‍ വന്നത് ഈ വിശ്വാസി സഹോദരങ്ങളാണ് ഈ സര്‍ജറി നടത്താനുള്ള പണം കണ്ടെത്തിയതെന്നും, ഈ വിശ്വാസി സഹോദരങ്ങള്‍ കാരണമാണ് ആദ്യ ഹൃദയ വാള്‍വ് മാറ്റിവെക്കല്‍ സര്‍ജറി നടന്നതെന്നും!! നവോമി കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ചികിത്സ തടഞ്ഞുകൊണ്ട് ആ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിയിടാന്‍ നോക്കിയവര്‍, അവള്‍ക്ക് 12 വയസ്സ് ആയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് നടത്തിയ ആ സര്‍ജറിയുടെ ക്രെഡിറ്റ് ഏറ്റെടുത്തതുകൊണ്ടല്ല എനിക്കവരെ കൊല്ലണം എന്ന് തോന്നിയത്!!
നവോമിയുടെ ചികിത്സ ഈ ‘വിശ്വാസി സഹോദരങ്ങള്‍’ ഇടപെട്ട് ഓരോ തവണയും തടഞ്ഞുകൊണ്ടിരുന്നപ്പോള്‍, ഇവറ്റകളെ തല്ലിയോടിച്ചോ കൊന്നോ അവളെയും എടുത്തുകൊണ്ട് ഏതേലും ആശുപത്രിയിലേയ്ക്ക് ഓടിയാലോ എന്ന് പലതവണ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അന്ന് വെറും പതിനഞ്ചു വയസ്സ് മാത്രമുള്ള പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഈ പെണ്ണിന് വേറെന്താ ചിന്തിക്കാന്‍ കഴിയുക. ഇതാണ് ഇവരുടെ വിശ്വാസം..
ഇവരുടെ കുഴപ്പം എന്താണെന്നോ ഇവര്‍ക്ക് ഒരു കേന്ദ്രീകൃത സംവിധാനമോ സംഘടനാ സംവിധാനമോ സ്ഥാപന വ്യവസ്ഥയോ ഇല്ല. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളാണ് എന്ന് പറയുന്നതുപോലെ, ആളുകള്‍ കൂട്ടംകൂടി ഒച്ചവെച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് കൈകൊട്ടിപ്പാട്ടും നടത്തി ആളുകളെ അകറ്റുമ്പോള്‍, വുശ്വാസികളെ സമൂഹത്തില്‍ നിന്നും അടര്‍ത്തി മാറ്റിയെടുക്കുമ്പോള്‍ ഇവരുടെ ഇടയിലേക്ക് നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ എങ്ങനെ കടന്ന് ചെല്ലാന്‍ പറ്റും മാരക രോഗം വന്ന് ചികിത്സ നല്‍കാന്‍ സമ്മതിക്കാതെ ആളുകളെ മരണത്തിലേക്ക് തള്ളിവിട്ടാല്‍ പോലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏതേലും ആളുകളോ സ്ഥാപനമോ സംഘടനയോ ഇല്ല എന്നിടത്താണ് ആ മരണത്തിന്റെ ഉത്തരവാദിത്തം മരിച്ച ആളിന്റെ ബന്ധുക്കളില്‍ മാത്രം നിക്ഷിപ്തമാക്കി ഇവര്‍ നിയമത്തിനു മുന്നില്‍ നിന്ന് പോലും മറഞ്ഞു നില്‍ക്കുന്നത്.
ഇതാണ് ഇവര്‍ക്ക് ഒരു നേതൃത്വമോ സംഘടനയോ സ്ഥാപനമോ ഇല്ലാത്തതിന്റെ നിയമപരമായ ഗുണം. ഇവരില്‍ പെട്ട ആര്‍ക്കുവേണേലും എങ്ങനെ വേണേലും വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിച്ചുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നു എന്ന ലേബലില്‍ എന്ത് തോന്നിയവാസവും ചെയ്യാം. ഇവര്‍ക്കിടയില്‍ പെട്ട് പോയാല്‍ ആരായാലും രക്ഷെപ്പെടുക പാടാണ്. പരിക്ക് പറ്റി മരത്തിനു മുകളിലെ കൂട്ടില്‍ നിന്നും നിലത്തു വീഴുന്ന കാക്കക്കുഞ്ഞിനെ രക്ഷിക്കാനായി നിങ്ങളൊന്നു ചെന്നു നോക്കിക്കേ, കാക്കകള്‍ മുഴുവനും കൂട്ടമായി ബഹളം വെച്ചുകൊണ്ട് നിങ്ങളെ ആക്രമിക്കാന്‍ പാഞ്ഞടുക്കില്ലേ ആ ക്കാക്കക്കുഞ്ഞ് അവിടെ കിടന്ന് ചത്തുപോയാല്‍ പോലും അതിനെ രക്ഷപ്പെടുത്താന്‍ കാക്കക്കൂട്ടം നിങ്ങളെ അനുവദിക്കുമോ ഒരിക്കലുമില്ല.അതുപോലെതന്നെയാണ് ഇവരും.
വിശ്വാസത്തിന്റെ പേരില്‍ ഇവര്‍ ചെയ്ത് കൂട്ടുന്നത് ഒന്നാംതരം സാമൂഹ്യദ്രോഹമാണ്. ആന്റി സോഷ്യലാണ് ഇവരുടെ നിലപാടുകള്‍. ഇന്നലെ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ബോം ബ് വെച്ച മനുഷ്യന്‍ ആറു വര്‍ഷമായി യഹോവസാക്ഷി വിശ്വാസ സമൂഹത്തില്‍ നിന്നും അകന്നിട്ട് എന്ന് വാര്‍ത്തയില്‍ കണ്ടു. അയാള്‍ വിദേശത്ത് ജോലി ചെയ്യുന്ന ആളാണെന്നും സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ആളെന്നും, ഫോര്‍ മാന്‍ ആണെന്നും അയാളുടെ മകന്‍ ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്നു എന്നുമൊക്കെ വാര്‍ത്തയില്‍ കണ്ടു. കുറ്റം ഏറ്റെടുത്തുകൊണ്ടുള്ള അയാളുടെ ഫേസ്ബുക് വിഡിയോയും കണ്ടു.
അയാള്‍ മാനസികമായി നല്ല സ്‌റ്റെബിലിറ്റി ഉള്ള ആളായും, അയാളും കുടുംബവും നല്ലരീതിയില്‍ സെറ്റില്‍ഡ് ആണെന്നും മനസ്സിലാകുന്നു. എന്നിട്ടും; എന്നിട്ടും.. മൂന്ന് മരണങ്ങള്‍ക്ക് കാരണമായ, നിരവധി ആളുകള്‍ക്ക് മാരകമായി പരുക്കേറ്റ, ഇത്രവലിയ ആള്‍ക്കൂട്ടത്തിനിടയില്‍ ബോം ബ് വെച്ച് വലിയൊരു മഹാപാതകം ചെയ്യാന്‍ അയാള്‍ പ്ലാന്‍ ചെയ്ത്, തീവ്ര വാദ, രാജ്യവിരു ദ്ധമായ ആ പ്ലാന്‍ നടപ്പിലാക്കി എങ്കില്‍, അത് അയാള്‍ ഉദ്ദേശിച്ചതില്‍ നിന്നും വളരെ കുറഞ്ഞ തോതില്‍ ഉള്ള പ്രഹര ശേഷിയില്‍ അവസാനിച്ചു എങ്കില്‍, ബോം ബ് ഉണ്ടാക്കുന്ന ഫോര്‍മുല മാധ്യമങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകരരുത് എന്നും അത് വലിയ അപ കടമാണ് എന്നും അയാള്‍ക്ക് കുറ്റസമ്മത വീഡിയോയില്‍ പറയാന്‍ അയാള്‍ക്ക് കഴിഞ്ഞു എങ്കില്‍; എങ്കില്‍.. ഒന്നുറപ്പാണ് അവിടെ സമ്മേളിച്ച സകല ആളുകളും കത്തി ചാമ്പലായി മാറണം എന്ന ഉദ്ദേശത്തോടെ ഉറച്ച തീരുമാനത്തോടെ ആണ് അയാള്‍ ഈ കൊടും കുറ്റകൃത്ത്യതിന് മുതിര്‍ന്നിരിക്കുന്നത്.
ട്രാന്‍സ് സിനിമയില്‍ ജോഷ്വാ പാസ്റ്റര്‍ കാരണം വിനായകന്റെ കഥാപാത്രത്തിന്റെ കുഞ്ഞിന് വിശ്വാസത്തിന്റെ പേരില്‍, പ്രാര്‍ത്ഥനയുടെ ലേബലില്‍ ചികിത്സ കിട്ടാതെ മരിച്ചത് സിനിമയില്‍ കണ്ടിട്ട് അത് സിനിമയല്ലേ എന്ന് കരുതി നമ്മളൊക്കെ ലാഘവത്തോടെ കണ്ടു. അത്തരം നിരവധി സംഭവങ്ങള്‍ നമുക്കിടയില്‍ നടക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ രക്തം കയറ്റാതെ നടത്തിയ ആദ്യ ഹൃദയവാല്‍വ് മാറ്റിവെക്കല്‍ സര്‍ജറിക്ക് പിന്നില്‍ എനിക്ക് നേരിട്ട് അറിയുന്ന ഇത്രയും ഹൃദയ ഭേദകമായ നവോമിയുടെ കഥയുണ്ട് എങ്കില്‍, എന്തോ വലിയ അപകടം ആയാളും നേരിട്ടിട്ടുണ്ടാകുകയോ അപകടത്തിനു സാക്ഷിയോ ഇരയോ ആകേണ്ടി വരികയും ചെയ്ത ഹതഭാഗ്യനോ ആകും ഒരു പക്ഷെ ഇയാള്‍..
അയാള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് എങ്കിലും ഇല്ലെങ്കിലും ആ അവസ്ഥ മനസ്സിലാക്കി ഈ വിശ്വാസമഹൂഹത്തിന്റെ മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളിലേക്ക് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കടന്ന് ചെന്ന് ഇത്തരം നെറികേടുകള്‍ ഇല്ലാതാക്കണം. കാരണം പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ ആണ് ഈ വിശ്വാസ സമൂഹത്തിലെ ബഹുഭൂരിപക്ഷവും. വളരെ കുറച്ച് സമ്പന്നരായ ആളുകള്‍ മാത്രമാണ് ഈ വിശ്വാസ സമൂഹത്തിലുള്ളത്, അവരാണ് ഈ പാവങ്ങളെ വിശ്വാസത്തിന്റെ പേരിലിട്ട് പന്ത് തട്ടി കളിക്കുന്നത്.
ഒരു കൊ ടും കു റ്റകൃത്യം ചെയ്ത ക്രി മിനലിനേയൊ അയാള്‍ ചെയ്ത കൊടും പാത കത്തെയോ (തീ വ്രവാദം) ന്യായീകരിക്കാനോ സാമൂഹ്യ വിരുദ്ധ സന്ദേശമായോ മത സാമൂഹിക സ് പര്‍ദ്ധ വളര്‍ത്താനോ മരിച്ചുപോയ നവോമിയുടെ ബന്ധുക്കളെ വേദനിപ്പിക്കാനോ അല്ല എന്റെ ഈ വാക്കുകള്‍. ശ്വാസം കിട്ടാതെ കണ്ണുകള്‍ പുറത്തേക്ക് തള്ളി പലപ്പോളും ജീവന് വേണ്ടി പുളഞ്ഞ എന്റെ നവോമിക്ക് വേണ്ടി മാത്രം, അവളുടെ നിസ്സഹായാവസ്ഥ 17-18 വര്‍ഷങ്ങള്‍ക്കിപ്പുറവും എന്നെ വേട്ടയാടുന്നതു കൊണ്ടും, ആ അവസ്ഥയില്‍ അവള്‍ക്ക് വേണ്ടി എനിക്ക് ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ പോയതിന്റെ വേദനയില്‍ എന്റെ കണ്ണുകള്‍ ഇന്നും നിറയുന്നതുകൊണ്ടും നവോമിയെപ്പോലെയുള്ള നൂറു കണക്കിന് മനുഷ്യര്‍ക്ക് വേണ്ടി ഇന്ന് ഞാനീ വാക്കുകള്‍ കുറിക്കുന്നു. എന്റെ വാക്കുകള്‍ തെറ്റായി പോയി എങ്കില്‍, ഈ നാട്ടിലെ നിയമ സംവിധാനങ്ങള്‍ നല്‍കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും ഞാന്‍ തയ്യറാണ്..
സ്‌നേഹപൂര്‍വ്വം
ജോമോള്‍
