ആരോപണം ഉയർന്നാൽ, മാറി നിൽക്കുക എന്നത് അമ്മയുടെ അജണ്ട; നമുക്കും അമ്മയും ഭാര്യയും ഉള്ളതല്ലേ; സിദ്ദിഖിന്റെ രാജി ഉചിതമായ തീരുമാനമെന്ന് ജയൻ ചേർത്തല!!
By
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാന്യന്മാരുടെ മുഖമൂടികൾ അഴിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. നിലവിൽ ആരോപണം ഉയർന്നവർക്കെതിരെ നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരിക്കുകയാണ്. നടൻ സിദ്ദിഖിനെതിരെ കൂടുതൽ രൂക്ഷമായ ഭാഷയിൽ രേവതി സമ്പത്ത് പ്രതികരിച്ചു.
സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറഞ്ഞ രേവതി സിനിമയിൽ നിന്നും സിദ്ദിഖിനെ വിലക്കണം എന്നും ആവശ്യപ്പെട്ടു. തന്നോട് മാത്രമല്ല ഹോട്ടൽ ജീവനക്കാരോടും സിദ്ദിഖ് മോശമായി പെരുമാറിയെന്നും രേവതി ആരോപിച്ചു.
ഇപ്പോഴിതാ സിദ്ദിഖിന്റെ രാജി ഉചിതമായ തീരുമാനമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. ഇരകൾക്കൊപ്പം മാത്രമേ അമ്മ സംഘടന നിൽക്കുകയുള്ളൂവെന്നും ജയൻ ചേർത്തല പറഞ്ഞു.
ഒരു പെൺ കുട്ടി ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാൽ, സംഘടനയിൽ നിന്നും മാറി നിന്ന് അന്വേഷണവും നിയമ നടപടികളും നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉയർന്നാൽ, മാറി നിൽക്കുക എന്നത് അമ്മയുടെ അജണ്ടയാണ്.
പ്രത്യേകിച്ച് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ആളെ കുറിച്ച് ഇത്തരത്തിലൊരു ആരോപണം ഉയർന്നാൽ മാറി നിൽക്കുന്നത് തന്നെയാണ് നല്ലതെന്നും ജയൻ ചേർത്തല വ്യക്തമാക്കി.
സിദ്ദിഖിന്റെ രാജിയെ തുടർന്ന് അമ്മ ഇന്ന് നറൽ ബോഡി മീറ്റിംഗ് കൂടാനും സാധ്യതയുണ്ടെന്നും ജയൻ ചേർത്തല പറഞ്ഞു. സിദ്ദിഖിന്റേത് ഉചിതമായ തീരുമാനമാണ്. ഇത്തരത്തിലൊരു ആരോപണം വളരെ വിഷമം ഉള്ളതാണ്. നമുക്കും അമ്മയും ഭാര്യയും ഉള്ളതല്ലേ, ഇത്തരത്തിലെ ഒരു ആരോപണം കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നെന്നും ജയൻ ചേർത്തല കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് മോഡലും നടിയുമായ രേവതി, സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്നും ചെറിയ പ്രായത്തിലായിരുന്നു ഇതെന്നുമായിരുന്നു വെളിപ്പെടുത്തൽ.
2016ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.
‘തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ്‌ബുക്കിൽ 2019ൽ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിട്ടു. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്. മോളെ.. എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. രേവതി സമ്പത്ത് പറഞ്ഞു.