Malayalam Breaking News
നായികയെ അറിയാതെ പോലും അഭിനന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ച ടീച്ചറാണു ഹീറോ… ; ഇത് ബേസില്‍ ജോസഫ് ചിത്രമല്ല ടീച്ചറേ…. കെ.കെ. ശൈലജയുടെ റിവ്യൂ പോസ്റ്റിന് വിമര്‍ശനം!
നായികയെ അറിയാതെ പോലും അഭിനന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ച ടീച്ചറാണു ഹീറോ… ; ഇത് ബേസില്‍ ജോസഫ് ചിത്രമല്ല ടീച്ചറേ…. കെ.കെ. ശൈലജയുടെ റിവ്യൂ പോസ്റ്റിന് വിമര്‍ശനം!
ദര്‍ശന രാജേന്ദ്രന്‍ ബേസിൽ ജോസഫ് ചിത്രം ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ചുള്ള എം.എല്‍.എ കെ.കെ. ശൈലജയുടെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ആണ് ഉയരുന്നത്. ചിത്രത്തേയും ബേസില്‍ ജോസഫനെയും അഭിനന്ദിച്ചതിനോടൊപ്പം സ്ത്രീപക്ഷത്തു നിന്ന് വാചാലയായിക്കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചത്. എന്നാൽ, പോസ്റ്റിൽ എവിടെയും ശൈലജ ദര്‍ശനയെ പറ്റിയോ അവരുടെ അഭിനയത്തെ പറ്റിയോ കാര്യമായി ഒന്നും പറഞ്ഞില്ലെന്നാണ് വിരോധാഭാസം.
ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി എന്നൊരു വാക്കില്‍ മാത്രം നായികയായ ദര്‍ശനയെ ഒതുക്കിയെന്നും വിമര്‍ശനം വരുന്നു. ഇതോടെ ദർശന എന്ന നായികയാണ് സിനിമയിൽ അഭിനയിച്ചത് എന്ന് ശൈലജ ടീച്ചർക്ക് അറിയാമായിരുന്നു , എന്നിട്ടാണ് ഇങ്ങനെ ഒറ്റ വാചകത്തിൽ ചുരുക്കിയത് എന്നുള്ള വിമർശനങ്ങളും കാണാം.
പുരുഷാധിപത്യ സമൂഹത്തെ വിമര്‍ശിച്ചെഴുതിയ കുറിപ്പ് ആരംഭിക്കുന്നത് നായകനെ അഭിനന്ദിച്ചുകൊണ്ടാണെന്ന വൈരുധ്യവും കമന്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
“ആദ്യാവസാനം നന്നായി അഭിനയിച്ച ദര്‍ശന എന്ന നടിയെപ്പറ്റി, അവരുടെ അഭിനയത്തെപ്പറ്റി പോസിറ്റീവായ ഒരുവരി പോലുമില്ല . സ്വന്തം കാലില്‍ നില്‍ക്കാനും ആണിന്റെ തുണയില്ലാതെയും ജീവിക്കാനും കാണിച്ച അവരുടെ ധീരതയെപ്പറ്റി.. ടീച്ചര്‍ ഈ വിഷയത്തെപ്പറ്റി ഇനിയും എഴുതണം, എന്നാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ കമന്റ് ചെയ്തത്.”
“ടീച്ചര്‍ക്ക് ചെറിയ തെറ്റ് പറ്റിയിട്ടുണ്ട്, ബേസിലും ദര്‍ശനയും ഇതില്‍ അഭിനയിച്ചവര്‍ ആണ് കഥയും സംവിധാനവും അവരല്ല. ബേസിലിനെക്കാള്‍ ദര്‍ശനയാണ് കൂടുതല്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് എന്നാണ് , വിപിന്‍ ദാസ് നെല്ലിക്കോട്ട് കുറിച്ചത്.
അവിടെയും ബേസില്‍ ജോസഫെന്ന നായകനെ അഭിനന്ദിക്കാനാണ് നമുക്ക് തോന്നുന്നത്, മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തര്‍ കുറിച്ച കമന്റ് ഇങ്ങനെയാണ്. നായകനെ മാത്രം അഭിനന്ദിച്ചു കൊണ്ടുള്ള ആ തുടക്കം അനൗചിത്യമാര്‍ന്നതായിപ്പോയി, എന്നാണ് അജിത്ത് കുമാര്‍ രവീന്ദ്രന്‍ കമന്റ് ചെയ്തത്.
സിനിമ സംവിധായകന്റെതാണെന്നൊക്കെ നമുക്ക് വെറുതെ പറയാം എന്നേയുള്ളൂ. മലയാള സിനിമ എല്ലാകാലവും നായകന്മാരുടെതാണ്. നായിക ടൈറ്റില്‍ റോളില്‍ വളരെ മനോഹരമായി അഭിനയിച്ച് കയ്യടി നേടിയാലും ശരി ശൈലജ ടീച്ചറിന് പോലും ആ ഒരു പൊതുബോധ യുക്തിയില്‍ നിന്നും മോചനമില്ല, ശൈലജയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ലാലി പി.എം. ഫേസ്ബുക്കില്‍ കുറിച്ചു.
നായികയെ അറിയാതെ പോലും അഭിനന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ച ടീച്ചറാണു ഹീറോ.. എന്നുള്ള ട്രോള് വാചകങ്ങളും കാണാം…
തന്റെ ഫേസ്ബുക്ക് പേജിലൂടെ ബേസിലിനെയും മറ്റുതാരങ്ങളെയും സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ടാണ് ശൈലജ ടീച്ചര്‍ കുറിപ്പ് പങ്കുവെച്ചത്.
“വിപിൻദാസ് സംവിധാനം ചെയ്ത് ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ ടീമിന് അഭിനന്ദനങ്ങൾ…
ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി.
ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്.
ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും.
ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം.
സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്.
അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്തതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു.
ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് അത്.
ചില സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ തിയേറ്ററില്‍ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.
കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണര്‍ത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കാണുന്നതേയില്ല.
ഈ വൈകല്യങ്ങള്‍ക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.” ഇതായിരുന്നു കെ കെ ശൈലജ പങ്കിട്ട പോസ്റ്റ് .
about jaya jaya jaya jaya hey