Malayalam
സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം…,എനിക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നല്ല; രമയും മക്കളും തന്ന കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ആ സിനിമ ചെയ്തത്; ജഗദീഷ്
സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം…,എനിക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നല്ല; രമയും മക്കളും തന്ന കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ആ സിനിമ ചെയ്തത്; ജഗദീഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്. ഓഫ് സ്‌ക്രീനില്‍ നല്ലൊരു അധ്യാപകന്‍ കൂടിയാണ് ജഗദീഷ്. അവതാരകന്‍ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കോമഡിയാണ് ജഗദീഷിനെ താരമാക്കുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്. ഇപ്പോള്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടന്‍.
വില്ലന്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ജഗദീഷ് മുന്‍പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി തനിക്ക് ലഭിച്ച ഒരു വില്ലന്‍ വേഷത്തെ കുറിച്ചും അത് ചെയ്യാന്‍ തനിക്ക് ഉണ്ടായിരുന്ന വിമുഖതയെക്കുറിച്ചും അദ്ദേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ആ വേഷം ചെയ്യാന്‍ ഭാര്യ രമയും മക്കളും തന്ന പിന്തുണയേക്കുറിച്ചും അദ്ദേഹം വാചാലനായി. പുതിയ ചിത്രമായ ഫാലിമിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ലീല സിനിമയിലെ കഥാപാത്രം എനിക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നല്ല. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം എന്നെ സംബന്ധിച്ച് വലിയൊരു ചലഞ്ചായിരുന്നു. അത്രത്തോളം ആത്മസംഘര്‍ഷവും ഉണ്ടായിരുന്നു. അത് എങ്ങനെ ചെയ്യും, സിനിമയില്‍ എന്നെ പോലെ ഒരു ആക്ടര്‍ അത് ചെയ്യുമ്പോള്‍ എന്താകുമെന്ന കണ്‍ഫ്യൂഷനും ഉണ്ടായിരുന്നു. ഞാന്‍ രമയോടും കുട്ടികളോടുമാണ് ഇത് ആദ്യം പറഞ്ഞത്.’
‘അവര്‍ ധൈര്യമായി ചെയ്‌തോളൂ എന്ന് പറഞ്ഞു, അതൊരു കഥാപത്രമല്ലേ, മാത്രമല്ല നമ്മുടെ സമൂഹത്തില്‍ അങ്ങനെയുള്ള അച്ഛന്മാരും ഉണ്ട്. അതിനെ ആ രീതിയില്‍ എടുത്ത് ചെയ്ത മതി എന്ന് രമ പറഞ്ഞു. അവര്‍ അന്ന് തന്ന ആ കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ആ സിനിമ ചെയ്തത്. അതുപോലെ ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ ഒരു വക്കീലായി എനിക്ക് ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ഉണ്ടായിരുന്നു. ബേബി ശ്യാമിലിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത് ഹറാസ് ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു എന്റേത്.
അതും ബാക്കിയുള്ള പലര്‍ക്കും വിഷമം തോന്നുന്ന ഒന്നായിരുന്നു. കാരണം ആ കൊച്ചു കുട്ടിയെ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് മാനസികമായി തളര്‍ത്തുന്ന ഒരു കഥാപാത്രമായിരുന്നു. ലീലയിലെയും ഹരികൃഷ്ണന്‍സിലെയും ഈ രണ്ടു കഥാപാത്രങ്ങളും ചെയ്യാന്‍ എനിക്ക് ആദ്യം ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ല,’ എന്നും ജഗദീഷ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ പി രമയുടെ അന്തരിച്ചത്. അറുപത്തിയൊന്നാം വയസ്സിലാണ് മരണം. കേരളത്തിലെ അറിയപ്പെടുന്ന ഫോറന്‍സിക് സര്‍ജനായിരുന്നു രമ. ഭാര്യയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും പതിയെ ആണ് നടന്‍ മുക്തനായത്. പലപ്പോഴും തന്റെ ഭാര്യയെ കുറിച്ച് വചനലകാറുണ്ട് ജഗദീഷ്. തന്റെ വീട്ടിലെ ഗൃഹനാഥ ഭാര്യ ആയിരുന്നുവെന്നും തന്റെ കടമകള്‍ കൂടി ഏറ്റെടുത്ത് നിര്‍വഹിച്ചിരുന്നത് അവരായിരുന്നുവെന്നും അതുകൊണ്ട് ഭാര്യയുടെ അഭാവം തന്നെയാണ് തന്റെ വലിയ നഷ്ടമെന്നും നടന്‍ പറഞ്ഞിരുന്നു.
ഞാന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ. ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നപ്പോള്‍ കാണാന്‍ അവളില്ല. ഞാന്‍ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും. എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ഉറപ്പായും തേടി വരും എന്നവള്‍ക്ക് ഉറപ്പായിരുന്നു. സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല.
മക്കളുടെ കല്യാണത്തിന് അതിഥികള്‍ വരുമ്പോള്‍ ഞാന്‍ രാഷ്ട്രീയക്കാരെയും സിനിമാക്കറെയും സ്വീകരിക്കാന്‍ നില്‍ക്കുമ്പോള്‍ രമ അവളുടെ ജോലിയുമായി ബന്ധപ്പെട്ട സ്റ്റാഫിനെയും പഴയ കൂട്ടുകാരെയും സ്വീകരിക്കാന്‍ ആണ് മുന്നില്‍ നിന്നത്. തനിക്ക് പിടിപെട്ട രോഗാവസ്ഥയെ കുറിച്ച് ഡോക്ടറെന്ന നിലയില്‍ രമയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രമേ രമയുടെ കണ്ണ് നിറഞ്ഞ് ഞാന്‍ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം കണ്ണിരോടെ പറയുന്നു.
എന്റെ ഭാര്യ എന്ന നിലയിലല്ല അവള്‍ അറിയപ്പെട്ടിരുന്നത്. മരിച്ചപ്പോള്‍ വാര്‍ത്ത വന്നത് ജഗദീഷിന്റെ ഭാര്യ മരിച്ചുവെന്നല്ല, ഡോക്ടര്‍ പി രമ മരിച്ചുവെന്നായിരുന്നു. ജീവിതത്തില്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ക്ക് എതിര് നിന്നിട്ടില്ല. ആകെ മൂന്ന് തവണയാണ് എന്റെ കൂടെ വിദേശ യാത്രയ്ക്ക് വന്നിട്ടുള്ളത്. ഫങ്ഷനുകള്‍ക്കൊന്നും വരാറുണ്ടായിരുന്നില്ല. വിളിക്കുമ്പോള്‍ ഞാനില്ലെന്ന് പറയും. ഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് പിറ്റേദിവസത്തെ ക്ലാസിനായി രമ തയ്യാറായിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
