Malayalam
പുതിയ തലമുറയുടെ ചിന്താഗതികൾ വളരെ നല്ലതാണ്, താര സംഘടനയെ നയിക്കാൻ യുവാക്കൾ തന്നെ മുന്നോട്ട് വരണം; ജഗദീഷ്
പുതിയ തലമുറയുടെ ചിന്താഗതികൾ വളരെ നല്ലതാണ്, താര സംഘടനയെ നയിക്കാൻ യുവാക്കൾ തന്നെ മുന്നോട്ട് വരണം; ജഗദീഷ്
മലയാള താര സംഘടനയായ അമ്മയുടെ നേതൃസ്ഥാനത്ത് യുവാക്കൾ വരുന്നതാണ് നല്ലതെന്ന് നടൻ ജഗദീഷ്. സിനിമാ മേഖലയിൽ ഒരുപാട് നല്ല കാര്യങ്ങൾ കൊണ്ടുവരാനായി ഞങ്ങൾ പരിശ്രമിക്കും. അതുപോലെ മോശപ്പെട്ട കാര്യങ്ങൾ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതിനെ ഒഴിവാക്കാൻ വേണ്ടിയും പ്രവർത്തിക്കും. അതിനുള്ള ശ്രമങ്ങൾ നമ്മൾ തുടങ്ങിക്കഴിഞ്ഞു.
ഭാരവാഹി ആയാലും ആയില്ലെങ്കിലും സംഘടനയ്‌ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പുതിയ തലമുറയുടെ ചിന്താഗതികൾ വളരെ നല്ലതാണ്. സംഘടനയെ നയിക്കാൻ യുവാക്കൾ തന്നെ മുന്നോട്ട് വരണം. ഒരു രാജ്യത്തിനെ തന്നെ മാറ്റിയെടുക്കാൻ യുവാക്കൾക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.
ആസിഫ് അലി നായകനാകുന്ന കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ആസിഫ് അലിയും അഭിമുഖത്തിൽ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ സിനിമാ മേഖലയിൽ പണ്ട് മുതലേ ഉണ്ടായിരുന്നത് കൊണ്ട് അത് തെറ്റല്ല എന്ന പറയുന്നതിൽ കാര്യമില്ലെന്നും തെറ്റാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ അത് തിരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് നടൻ പറഞ്ഞത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ അമ്മ വൈകിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും, അമ്മയുടെ ഭാഗത്ത് വീഴ്ച പറ്റിയെന്നും ജഗദീഷ് പറഞ്ഞിരുന്നു. വാതിലിൽ മുട്ടി എന്ന് ഒരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ പാടില്ല.
ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. അതിൽ ഒഴിഞ്ഞു മാറുന്നത് ശരിയല്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജഗദീഷ് പറഞ്ഞു. പ്രതികരിക്കാൻ വൈകിയത് അമ്മയുടെ ഭാഗത്ത് പറ്റിയ വീഴ്ചയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ അമ്മയ്ക്കകത്തുള്ളവർ പോലും ഷോക്ക്ഡ് ആണ്.
റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങളടങ്ങിയ പേജുകൾ എങ്ങനെ ഒഴിവായെന്ന് സർക്കാർ വിശദീകരണം നൽകേണ്ടിവരും. സിനിമയിൽ എക്സ്പ്ലോയറ്റേഷൻ നടക്കുന്നുണ്ട്. അത്തരം പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരണം. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ജഗദീഷ് പറഞ്ഞു.