general
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, ലേക്ഷോര് ആശുപത്രിയില്‍ നിന്നുള്ള വിവരം ഇങ്ങനെ!
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, ലേക്ഷോര് ആശുപത്രിയില്‍ നിന്നുള്ള വിവരം ഇങ്ങനെ!
നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍. രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.
ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മരുന്നുകളോട് നടന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് വീണ്ടും അസുഖം കലശലാകുകയായിരുന്നു. ലേക് ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ചികില്‍സ നടക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജിലേയും തിരുവനന്തപുരം ആര് എസ് സിയിലേയും വിദഗ്ധ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അദ്യം അതീവ വഷളായിരുന്നു. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയുമുണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ടു. എന്നാല്‍ ശ്വാസകോശത്തിനുള്ള പ്രശ്നങ്ങള്‍ ഇന്നസെന്റിന് പിന്നേയും പ്രശ്നമായി മാറി. ന്യുമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായി.
ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് മുന്‍ ലോക്സഭാ അംഗം കൂടിയായ ഇന്നസെന്റിനെ വലയ്ക്കുന്നത്. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാന്‍ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു.ക്യാന്‍സറുമായുള്ള ആകുലതകളൊന്നും ഇന്നസെന്റിനെ നിലവില്‍ അലട്ടുന്നില്ല. ഇതും പ്രതീക്ഷയാണ്.
മൂന്ന് തവണ നടന് കോവിഡ് വന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചു. ഈ സാഹചര്യമാണ് രോഗാവസ്ഥയേയും ബാധിക്കുന്നത്.
അര്‍ബുദത്തോട് പടപൊരുതി അതിനോട് അതിജീവിച്ച് ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന് ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
കാന്‍സര്‍ രോഗം സ്ഥിരീകരിച്ചാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. ഞാന്‍ ആരുടേയും മുതല്‍ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാന്‍ എന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. 1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ ഒരു വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയുംചെയ്തു.
തുടര്‍ന്ന് ഗജകേസരി യോഗം, ഗോഡ് ഫാദര്‍, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടനാണ്.നടന്, നിര്‍മാതാവ്, രാഷ്ട്രീയക്കാരന് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഇന്നസെന്റ്.
സംവിധായകന് മോഹന്‍ മുഖേനയാണ് ഇന്നസെന്റ് സിനിമാരംഗത്തു വരുന്നത്. 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. പില്ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളാണ്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് ഇന്നസെന്റ്. 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
