Tamil
ഇളയരാജയുടെ സിനിമാ യാത്രയുടെ 50 വർഷങ്ങൾ; ആഘോഷമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ
ഇളയരാജയുടെ സിനിമാ യാത്രയുടെ 50 വർഷങ്ങൾ; ആഘോഷമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ
സംഗീതത്തന്റെ ആത്മാവ് തൊട്ടറിഞ്ഞ ഇസൈജ്ഞാനി ഇളയരാജയുടെ ഈണങ്ങൾ മൂളാത്തവരുണ്ടാകില്ല, ലോകമെമ്പാടും അദ്ദേഹത്തന്റെ സംഗീതത്തെ സ്നേഹിക്കുന്നവരാണ്. ഇപ്പോഴിതാ ഇളയരാജയുടെ സിനിമാ യാത്രയുടെ 50 വർഷങ്ങൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ.
ഇളയരാജയെ അദ്ദേഹത്തിൻറെ വസതിയിൽ എത്തി സന്ദർശിച്ചതിന് ശേഷമാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇളയരാജയുടെ സംഗീതജീവിതത്തിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ ‘വാലിയന്റ്’ എന്ന പരിപാടി ലണ്ടനിൽ നടന്നു. ഇതിലൂടെ ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇളയരാജ മാറി.
ഇന്ത്യൻ സിനിമാ സംഗീതലോകത്ത് സമാനതകളില്ലാത്ത ഇടം സ്വന്തമാക്കിയ ഇളയരാജക്ക് തമിഴകം ആദരപൂർവം നൽകിയ വിളിപ്പേരാണ് ഇസൈജ്ഞാനി. 1943 ജൂൺ രണ്ടിന് തമിഴ്നാട് തേനി ജില്ലയിലെ പന്നൈപുരത്തിൽ ഡാനിയൽ രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായി ആണ് ഡാനിയൽ രാസയ്യ എന്ന ഇളയരാജ ജനിക്കുന്നത്.
മൂത്ത സഹോദരൻ പാവലർ വരദരാജനാണ് സംഗീത വഴിയിലൂടെ ഇളയരാജയെ നയിച്ചത്. 1976 ൽ അന്നക്കിളി എന്ന സിനിമക്ക് സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലായി 1300ൽ അധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്.
