News
സിനിമ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയിലാണ് മുകുന്ദന് ഉണ്ണി എന്ന ചിത്രം മുഴുവന്‍ നെഗറ്റീവാണെന്ന് പരാമര്‍ശിച്ചത്, സിനിമ കണ്ടതിന് ശേഷം വിനീതിനെ വിളിച്ച് ഇതേ അഭിപ്രായം പറഞ്ഞിരുന്നു; ഇടവേള ബാബു
സിനിമ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയിലാണ് മുകുന്ദന് ഉണ്ണി എന്ന ചിത്രം മുഴുവന്‍ നെഗറ്റീവാണെന്ന് പരാമര്‍ശിച്ചത്, സിനിമ കണ്ടതിന് ശേഷം വിനീതിനെ വിളിച്ച് ഇതേ അഭിപ്രായം പറഞ്ഞിരുന്നു; ഇടവേള ബാബു
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നത്
ഇതിന് പിന്നാലെ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയില്‍ എടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണ പ്രസാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നാല് ദിവസം മുമ്പ് ഇയാള്‍ അമ്മ സംഘടനയെയും ഇടവേള ബാബുവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതെന്ന കാര്യം വ്യക്തമാക്കുകയാണ് നടന് ഇടവേള ബാബു. മുകുന്ദന് ഉണ്ണി എന്ന സിനിമയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കൃഷ്ണ പ്രസാദ് എന്നയാള്‍ എന്റെ മാതാപിതാക്കളെയും ചീത്ത വിളിച്ച് കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ആദ്യം പൊലീസ് ഇടപെട്ട് നീക്കം ചെയ്യുകയാണ് ഉണ്ടായത്.
അതിന് ശേഷം ഇയാള്‍ പൊലീസിനെ കൂടി അസഭ്യം പറഞ്ഞ് മറ്റൊരു വീഡിയോ ചെയ്തു. ഇങ്ങനെ ഒരു സാഹചര്യം വന്നതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. സിനിമ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള ഒരു ചര്‍ച്ചയിലാണ് മുകുന്ദന് ഉണ്ണി എന്ന ചിത്രം മുഴുവന്‍ നെഗറ്റീവാണെന്ന് പരാമര്‍ശിച്ചത്. അതിന്റെ പേരില്‍ പലരും എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചിരുന്നു.
സിനിമ കണ്ടതിന് ശേഷം വിനീതിനെ വിളിച്ച് ഇതേ അഭിപ്രായം പറഞ്ഞിരുന്നു. അന്ന് വിനീതും എന്റെ അടുത്ത് ഇതേ അഭിപ്രായമാണ് പറഞ്ഞത്. അല്പമെങ്കിലും പോസിറ്റീവ് വേണ്ടേയെന്ന് സംവിധായകനോട് ചോദിച്ചിരുന്നെന്നും പറഞ്ഞു. അന്ന് അതോടെ ആ സംസാരം അവിടെ തീര്‍ന്നതാണ്. അതിന് ശേഷവും വിനീതും ഞാനും തമ്മില്‍ സംസാരിച്ചിട്ടുണ്ട്.
സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു കുടുംബം എന്റെ അടുത്ത് ഇതേ അഭിപ്രായം പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ സിനിമയെന്ന് കരുതിയാണ് കുടുംബവുമൊത്ത് കാണാന്‍ വന്നതെന്നാണ് അവര്‍ പറഞ്ഞത്. ചിത്രത്തില്‍ ഇത്രയധികം നെഗറ്റീവ് ഉണ്ടാകുമെന്നും വിചാരിച്ചില്ലെന്നും ആ കുടുംബം പറഞ്ഞിരുന്നു.
ചുരുളി എന്ന സിനിമ എ സര്ട്ടിപിക്കറ്റാണ്. അതില്‍ തെറി വിളിക്കുന്നുണ്ട്. അത് അറിഞ്ഞിട്ട് വേണ്ടവര്‍ ആ സിനിമ കണ്ടാല്‍ മതി. എന്നാല്‍ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് യു സര്ട്ടിപിക്കറ്റാണ്. അങ്ങനെ ഒരു സിനിമയില്‍ നെഗറ്റീവ് ഇത്രയധികം ഉണ്ടാകുമെന്ന് സാധാരണക്കാരായ പ്രേക്ഷകര്‍ കരുതില്ല.
ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിന് ഈ രീതിയിലുള്ള അസഭ്യം പറയുന്ന പ്രവണത ശരിയല്ല. അതുകൊണ്ടാണ് കേസ് കൊടുത്തതെന്നും ഇടവേള ബാബു പറഞ്ഞു. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനീത് ശ്രീനിവാസന് ചിത്രം മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു നടത്തിയ പ്രതികരണത്തിന് പിന്നാലെനടനെതിരെ ഇയാള്‍ രംഗത്തെത്തുകയായിരുന്നു.
