Hollywood
ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ ‘വെര്‍ട്ടിഗോ’ റീമേക്കിന്; നായകനാകുന്നത് റോബര്‍ട്ട് ഡൗണി ജൂനിയര്‍
ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ ‘വെര്‍ട്ടിഗോ’ റീമേക്കിന്; നായകനാകുന്നത് റോബര്‍ട്ട് ഡൗണി ജൂനിയര്‍
ലോക സിനിമാപ്രേമികള്‍ എന്നും ചര്‍ച്ച ചെയ്യുന്ന ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ ‘വെര്‍ട്ടിഗോ’ എന്ന ചിത്രം റീമേക്കിന് ഒരുങ്ങുന്നു. പാരാമൗണ്ട് പിക്ചേഴ്സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ‘അയണ്‍ മാന്‍’ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആകും സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുക.
ടീം ഡൗണി പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ താരവും ഭാര്യ സൂസന് ഡൗണിയും ഡേവിസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോണ്‍ ഡേവിസും ജോണ്‍ ഫോക്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ ഒരുക്കിയ സ്റ്റീവന്‍ നൈറ്റ് ആയിരിക്കും സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
1958ലാണ് ത്രില്ലര്‍ ഴോണറിലുള്ള ‘വെര്‍ട്ടിഗോ’ റിലീസ് ചെയ്യുന്നത്. ജെയിംസ് സ്റ്റുവര്‍ട്ട് ജോണ്‍ ആയിരുന്നു സിനിമയിലെ ‘സ്കോട്ടി ഫെര്ഗൂസന്’ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്കോ പൊലീസ് ഡിറ്റക്ടീവായ നായകന് ജോലിയുമായി ബന്ധപ്പെട്ട ആഘാതം മൂലം ഉയരങ്ങളെക്കുറിച്ചുള്ള ഭയം ഉണ്ടാകുന്നു.
തുടര്‍ന്ന് നായകന് തന്റെ ജോലിയില്‍ നിന്നും വിരമിക്കുന്നു. വിരമിച്ച ശേഷം, അയാളോട് ഒരു സുഹൃത്ത് തന്റെ ഭാര്യയെ നിരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വെര്‍ട്ടിഗോയ്ക്ക് തിയേറ്ററുകളില്‍ വലിയ വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ 1980കളോടെ ഇത് ഒരു മാസ്റ്റര്‍പീസ് ആയി അംഗീകരിക്കപ്പെടാന്‍ തുടങ്ങി. ബ്രയാന്‍ ഡി പാല്‍മയുടെ ‘ഒബ്സെഷന്’, ഡേവിഡ് ലിഞ്ചിന്റെ ‘മള്‍ഹോളണ്ട് െ്രെഡവ്’ തുടങ്ങിയ സിനിമകള്‍ക്ക് വെര്‍ട്ടിഗോ പ്രചോദനമായിട്ടുണ്ട്. മലയാളത്തില്‍ വലിയ വിജയം നേടിയ മാന്നാര്‍ മത്തായി സ്പീകിംഗ് എന്ന സിനിമയും വെര്‍ട്ടിഗോയെ അടിസ്ഥാനമാക്കിയുള്ളതാണ്.
