general
‘എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ട്’; ഖുഷ്ബുവിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
‘എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ട്’; ഖുഷ്ബുവിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു. 2018ല്‍ ഖുശ്ബു കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമര്‍ശനമാണ് നിലവില്‍ വൈറലാവുന്നത്.
‘എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു’ ഖുശ്ബു സുന്ദര്‍ ട്വീറ്റ് ചെയ്തത്. ഖുശ്ബുവിന്റെ ട്വീറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പങ്കുവെക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് സമാനമായ പരാമര്‍ശമാണ് ഖുശ്ബു നടത്തിയിരുന്നത്. ‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. ഈ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുലിനെതിരെ സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ഇതിന്റെ പേരില്‍ ഖുശ്ബുവിനെതിരെ കേസെടുക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതായിരുന്നു വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോതി വിധിക്ക് പിന്നാലെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍.
അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്ത് വെച്ച് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം നടക്കും. അതേസമയം രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി മറ്റ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.
ബിജെപിക്കെതിരെ ചിട്ടയായ പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ നേതാക്കളായ മമതാ ബാനര്‍ജി, അരവിന്ദ് കെജിരിവാള്‍, എംകെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, കെസിആര്‍, അഖിലേഷ് യാദവ് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.