Connect with us

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഹര്‍ജി തീര്‍പ്പാക്കി!

News

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഹര്‍ജി തീര്‍പ്പാക്കി!

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഹര്‍ജി തീര്‍പ്പാക്കി!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കേണ്ട എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരി വെച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നും ആരോപിച്ച് െ്രെകംബ്രാഞ്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ െ്രെകംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, കോടതി പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കാന്‍ പാടില്ല എന്നും നിര്‍ദേശിച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും ദിലീപിന് എതിരെ തുടരന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു െ്രെകംബ്രാഞ്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

തെളിവുകള്‍ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്, ജിന്‍സന്‍ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായാണ് ഹര്‍ജിയിലെ ആരോപണം. നേരത്തെ ഇതേ ആവശ്യവുമായി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു.

ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകള്‍ പരിശോധിക്കാതെയാണ് നേരത്തെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയതെന്നും സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായ ശബ്ദ സന്ദേശങ്ങള്‍ക്ക് ആധികാരികതയില്ലെന്ന പരാമര്‍ശം തെറ്റാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും മുന്‍പ് പലതവണ കോടതി തള്ളിയതുമാണെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.

അതിനിടെ കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ എതിര്‍ വിസ്താരം നടക്കുന്നു എന്നായിരുന്നു ഇതിന് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കൈവശമിരിക്കെ ചോര്‍ന്ന കേസില്‍ ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുന്നതില്‍ ദിലീപിന്റെ എതിര്‍പ്പ് തള്ളിയായിരുന്നു കോടതി നടപടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതയ്ക്ക് കൈമാറുക. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്.

ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വന്‍ ചര്‍ച്ചയായിരുന്നു. തന്റെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ആരോ ചോര്‍ത്തിയിട്ടുണ്ടെന്നും ഇതു പുറത്തുപോകുന്നത് തനിക്ക് മാനഹാനിയും, ജീവന് പോലും ഭീഷണിയാണെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങള്‍ പുറത്തു പോകുന്നത് തടയാന്‍ നടപടി വേണം, ആരു ചോര്‍ത്തി എന്നതില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കീഴ്‌ക്കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, ഇതിന്റെ പകര്‍പ്പ് പരാതിക്കാരിയായ നടിക്ക് നല്‍കിയിരുന്നില്ല.

More in News

Trending