Connect with us

തിരുവനന്തപുരം ശോഭനമാക്കാന്‍ ശോഭന; ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി, വമ്പന്‍ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

News

തിരുവനന്തപുരം ശോഭനമാക്കാന്‍ ശോഭന; ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി, വമ്പന്‍ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

തിരുവനന്തപുരം ശോഭനമാക്കാന്‍ ശോഭന; ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി, വമ്പന്‍ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തിന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഈ വേളയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസിന് ഒരുങ്ങുകയാണ് ബിജെപി.

ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ബിജെപിയുടെ മുഖങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ തന്നെയാകും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാവുക. എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.

ഇപ്പോഴിതാ തിരുവനന്തപുരത്തേയ്ക്ക് ശോഭനയുടെ പേര് താന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്ന് പറയുകയാണ് ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതൊക്കെ ലിസ്റ്റിലുള്ള കാര്യമാണ്. ശോഭനയുമായി നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുകയാണ്.

അവരുടെ മറുപടിയില്‍ നിന്ന് ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് എന്ന് എനിക്ക് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഞങ്ങള്‍ ഒന്നുകൂടി ശ്രമിക്കേണ്ടതുണ്ട്. എന്റെ രണ്ടാം ശ്രമം ആണ്. പാര്‍ട്ടിയാണ് അതില്‍ തീരുമാനമെടുക്കേണ്ടത്, എന്നും സുരേഷ് ഗോപി പറഞ്ഞു. ശോഭന സ്ഥാനാര്‍ത്ഥിയാകണം എന്ന് താന്‍ ആഗ്രഹിക്കുന്നുണ്ട്.

പക്ഷെ വേറെയും യോഗ്യരായ ആള്‍ക്കാര്‍ ഉണ്ട്. ഇടതും വലതുമല്ലല്ലോ ഇവിടത്തെ പോരാട്ടം തീരുമാനിക്കേണ്ടത്. ജനങ്ങളല്ലേ. ജനങ്ങള്‍ ചിഹ്നമല്ല തിരഞ്ഞെടുക്കുന്നത്, അവരുടെ അഞ്ച് വര്‍ഷത്തെ ജീവിതമാണ് തിരഞ്ഞെടുക്കുന്നത്. സമ്മതിദായകരുടെ തീരുമാനത്തിന് കാത്തിരിക്കാനെ പറ്റൂ. ഒരു വീരവാദത്തിനും ഇല്ല എന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ തൃശൂരില്‍ മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.

വനിതാ സംവരണ ബില്ല് പാസാക്കിയതിന് നന്ദി പറഞ്ഞ ശോഭന മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം. ശോഭനക്ക് പുറമെ, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, കുമ്മനം രാജശേഖരന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും തിരുവനന്തപുരത്ത് ബിജെപി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

ഒരുവേള നരേന്ദ്ര മോദി വരെ തിരുവനന്തപുരത്ത് മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശശി തരൂര്‍ മൂന്ന് തവണയായി വിജയിച്ചു വന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവണയും ശശി തരൂര്‍ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത് മുതിര്‍ന്ന സിപിഐ നേതാവും മുന്‍എം പിയുമായ പന്ന്യന്‍ രവീന്ദ്രനാണ്. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം.

ഇതിനിടെയാണ് ശോഭനയുടെ പേര് മാധ്യമങ്ങളില്‍ നിറയുന്നത്. സിനിമാ മേഖലയില്‍ നിന്ന് മറ്റുചിലരും ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നാണ് വിവരം. സുരേഷ് ഗോപി തൃശൂരിലും ഉണ്ണി മുകുന്ദന്‍ പത്തനംതിട്ടയിലും മല്‍സരിക്കുമെന്നായിരുന്നു മറ്റൊരു വിവരം. എന്നാല്‍ പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ള, ശോഭ സുരേന്ദ്രന്‍, പിസി ജോര്‍ജ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളതത്രെ.

ഇടയ്ക്ക് വെച്ച് വാനമ്പാടി കെഎസ് ചിത്രയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. തിരുവനന്തപുരത്ത് ചിത്രയെ മത്സരിപ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. അടുത്തിടെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗായിക രംഗത്തെത്തിയത് വിവാദത്തിന് കാരണമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചിത്ര സന്നദ്ധയായാല്‍ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top