ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് പുറത്തുവിടാതിരിക്കുന്നത്, പൊതുതാത്‌പര്യമുള്ള വിഷയമല്ലേ; ഹൈക്കോടതി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പുറത്ത് വരേണ്ടിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഇത് കോടതി സ്റ്റേ ചെയ്യുകയായിരുന്നു. നിർമ്മാതാവ് സജിമോൻ പറയിൽ നൽകിയ ഹർജിയെ തുടർന്നായിരുന്നു സ്റ്റേ.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരാളുടെമാത്രം താത്‌പര്യത്തിന്റെ പേരിൽ എന്തിനാണ് പുറത്തുവിടാതിരിക്കുന്നതെന്ന് ചോദിക്കുകയാണ് ഹൈക്കോടതി. പൊതുതാത്‌പര്യമുള്ള വിഷയമല്ലേയെന്നും ജസ്റ്റിസ് വി.ജി. അരുൺ വാക്കാൽ ചോദിച്ചു. സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്.
എന്നാൽ, ഇക്കാര്യത്തിലടക്കം വിശദീകരണം നൽകാമെന്നാണ് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞത്. ഹർജിയിൽ പൊതുതാത്‌പര്യമില്ലെന്ന് ഡിവിഷൻബെഞ്ചുതന്നെ വ്യക്തമാക്കിയതാണെന്ന് വിവരാവകാശ കമ്മിഷന്റെ അഭിഭാഷകനും വാദിച്ചു. തുടർന്ന് ഹർജി ഓഗസ്റ്റ് ആറിലേയ്ക്ക് വിശദമായ വാദം കേൾക്കാനായി മാറ്റി. അതുവരെ ഇടക്കാല സ്റ്റേ ഉത്തരവ് തുടരും.
അതേസമയം, സജിമോൻ ഹർജിയുമായി കോടതിയിൽ പോയത് സ്വന്തം നിലയ്ക്കാണ്. നിർമ്മാതാക്കളുടെ സംഘടനയ്ക്ക് റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല. സജിമോൻ സംഘടനയിൽ താൽക്കാലിക അംഗത്വം എടുത്തിരുന്ന വ്യക്തിയാണ് എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ് പ്രതികരിച്ചിരുന്നു.
2017-ൽ നടിക്കെതിരെ നടന്ന ലൈം ഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല.
