കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് മരണം; കനത്ത നാശ നഷ്ടം
വടക്കൻ കേരളത്തിലെ അതി ശക്തമായ ഉരുൾപ്പൊട്ടലിനെ തുടർന്ന് വീട് താഴ്ന്നു ഒരു കുടുംബത്തിൽ നാല് പേർ മരിച്ചു. എടവണ്ണ കുണ്ടുതോട് കുട്ടശ്ശേരി വീട്ടില്‍ യൂനുസ് ബാബു (40),ഭാര്യ മഞ്ചേരി ഹാഫ് കിടങ്ങഴി സ്വദേശി നുസ്റത്ത് (35),മക്കളായ ഫാത്തിമ സന (14),ശാനില്‍ (6) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശാമി (14)ലിനെ ഗുരുതര പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. മരിച്ച യൂനുസ് ബാബു 16 വര്‍ഷമായി മഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയാണ്. വഴിക്കടവില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കിട്ടി.ഇതോടെ ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. നിലമ്പൂർ വഴിക്കടവ് ആനമറിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൈമൂനയുടെ (49) മൃതദേഹമാണ് കണ്ടെത്തിയത്.
അതേസമയം , നിലമ്പൂർ മേഖലയില്‍ മഴക്കെടുതിയും ഉരുള്‍പൊട്ടലും ശക്തമായി തുടരുകയാണ്.വ്യാഴാഴ്ച 4.30 ഓടെ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപം ഉരുള്‍പൊട്ടിയാണ് മൈമൂനയെയും സഹോദരി സാജിതയെയും (48) കാണാതായത്. വെള്ളിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സാജിതക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. വഴിക്കടവ് വെള്ളക്കട്ട അട്ടിയിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. ആളപായമില്ല. അട്ടി പട്ടിക ജാതി, വര്‍ഗ കോളനി ഒറ്റപ്പെട്ടു.
heavy rain- malappuram- 5 died
