Connect with us

പ്രളയ വാർഷികത്തിൽ വീണ്ടും പെരുമഴ; മിന്നൽ പ്രളയത്തിൽ താറുമാറായി കേരളം; ഇതുവരെ മരണം 22; 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

general

പ്രളയ വാർഷികത്തിൽ വീണ്ടും പെരുമഴ; മിന്നൽ പ്രളയത്തിൽ താറുമാറായി കേരളം; ഇതുവരെ മരണം 22; 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

പ്രളയ വാർഷികത്തിൽ വീണ്ടും പെരുമഴ; മിന്നൽ പ്രളയത്തിൽ താറുമാറായി കേരളം; ഇതുവരെ മരണം 22; 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

സംസ്ഥാനത്ത് വൻ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു. ഇതോടെ സംസ്ഥാനത്താകെ മഴയിൽ മരിച്ചവരുടെ എണ്ണം 22 ആയി.വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 4 മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. ഭരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതൽ തൃത്താല വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി.

മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനിൽ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. മാഫുൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

ഇതിനിടെ, വയനാട് പുത്തുമലയിൽ രണ്ട് മൃതദേഹം കൂടി രക്ഷാപ്രവർത്തകർ കണ്ടെത്തി. കൂടുതൽ ആളുകൾ മണ്ണിനടിയിലുണ്ടെന്നാണ് സംശയം. സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വില്ലൻപാറ സ്വദേശി ജോയി ആണ് മരിച്ചത്.

ഒന്‍പതു ജില്ലകളിൽ‌ റെഡ് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. ചാലക്കുടിയിൽ വെള്ളപ്പൊക്ക സാധ്യത നിർദേശം നൽകി.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. വടകര വിലങ്ങാട് ആലുമൂലയില്‍ ഇന്ന് രാവിലെ ഉണ്ടായ ഉരുൾപൊട്ടി നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂർണമായും മണ്ണിനടിയിലായി. മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. വെള്ളം കയറി, നിലമ്പൂരും ഇരിട്ടിയും അടക്കമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴ ഗതി മാറിയൊഴുകി. ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകി. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവഴികളുടെയും തീരത്തുള്ളവരാണു മാറി താമസിക്കേണ്ടത്.

ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴി ഉള്ള ട്രെയിനുകൾ വൈകും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ,ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായിൽ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.രാത്രിയിലും മഴ തുടര്‍ന്നതോടെയാണ് പലയിടത്തും അപകടത്തിന്‍റെ വ്യാപ്തി വര്‍ധിച്ചത്.

heavy rain- kerala

More in general

Trending

Recent

To Top