Hollywood
ഗ്രാമി അവാര്‍ഡില്‍ തിളങ്ങി ഹാരി സ്‌റ്റൈല്‍സും ബിയോണ്‍സും
ഗ്രാമി അവാര്‍ഡില്‍ തിളങ്ങി ഹാരി സ്‌റ്റൈല്‍സും ബിയോണ്‍സും
ഗ്രാമി അവാര്‍ഡില്‍ തിളങ്ങി ഹാരി സ്‌റ്റൈല്‍സും ബിയോണ്‍സും. ഇംഗ്ലീഷ് ഗായകനായ ഹാരി സ്‌റ്റൈല്‍സിന്റെ ‘ഹാരിസ് ഹൗസ്’ ആണ് ആല്‍ബം ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത്. 32ാമത്തെ അവാര്‍ഡിലൂടെ ബിയോണ്‍സ് ഗ്രാമിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമതികള്‍ നേടുന്ന വ്യക്തിയെന്ന റെക്കോഡ് കരസ്ഥമാക്കി.
26 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബിയോണ്‍സ് പഴങ്കഥയാക്കിയത്. ലോസ്ആഞ്ജലസിലെ ഗതാഗതക്കുരുക്കില്‍ കുരുങ്ങി വൈകിയാണ് ബിയോണ്‍സ് അവാര്‍ഡ്ദാന വേദിയിലെത്തിയത്.
റിഥം ആന്‍ഡ് ബ്ലൂസ് വിഭാഗത്തില്‍ കഫ് ഇറ്റ്, ഡാന്‍സ് ഇലക്ട്രിക് റെക്കോഡിങ് വിഭാഗത്തില്‍ ‘ബ്രേക്ക് മൈ സോള്‍’, പരമ്പരാഗത റിഥം ആന്‍ഡ് ബ്ലൂസ് വിഭാഗത്തില്‍ ‘പ്ലാസ്റ്റിക് ഓഫ് ദ സോഫ’, ഡാന്‍സ് ഇലക്ട്രിക് ആല്‍ബത്തില്‍ ‘റിനൈസന്‍സ്’ എന്നിവയാണ് ബിയോണ്‍സിന് അവാര്‍ഡിന് അര്‍ഹയാക്കിയത്. റിനൈസന്‍സ് ആല്‍ബം ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനും മത്സരിച്ചിരുന്നു.
അവാര്‍ഡ് നേടിയവരെല്ലാം ബിയോണ്‍സ് തങ്ങള്‍ക്ക് നല്‍കിയ പ്രചോദനത്തെക്കുറിച്ചാണ് സംസാരിച്ചത്. അമേരിക്കന്‍ റാപ്പറായ ഭര്‍ത്താവ് ജേ ഇസഡിന്റെ സാന്നിധ്യത്തിലാണ് ബിയോണ്‍സ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. റെക്കോഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ലിസോ അര്‍ഹയായി. ‘എബൗട്ട് ഡാം ടൈം’ ആണ് പുരസ്‌കാരം നേടിയത്. മികച്ച പുതിയ ആര്‍ട്ടിസ്റ്റ് ജാസ് സിംഗര്‍ സമാറയും തെരഞ്ഞെടുക്കപ്പെട്ടു.