News
അത് പറഞ്ഞ് രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അദ്ദേഹം പോയി; കൊച്ചുപ്രേമന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ഭാര്യ ഗിരിജ
അത് പറഞ്ഞ് രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അദ്ദേഹം പോയി; കൊച്ചുപ്രേമന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ഭാര്യ ഗിരിജ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു മലയാളികളുടെ പ്രിയങ്കരനായ അതുല്യ നടന് കൊച്ചുപ്രേമന്റെ മരണ വാര്‍ത്ത പുറത്തെത്തിയത്. വ്യത്യസ്തമായ ശൈലിയിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ നടനാണ് അദ്ദേഹം. തനതായ ശൈലിയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രങ്ങള്‍ ഏറെയാണ്. 68 വയസായിരുന്നു അദ്ദേഹത്തിന്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ശ്വാസകോശ സംബന്ധമായ അസുഖത്ത തുടര്‍ന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. മരണ ദിവസം ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചുപ്രേമനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അസുഖങ്ങളെ നേരിടുമ്പോഴും അഭിനയ ലോകത്ത്സജീവമായിരുന്നു അദ്ദേഹം. 2022 ലെ ഫിലിം ക്രിട്ടിക് അവാര്‍ഡ് കൊച്ചു പ്രേമനാണെന്ന് വിളിച്ച് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അത് വാങ്ങാന്‍ പോകുന്നതിനെ കുറിച്ച് പറഞ്ഞ കൊച്ചു പ്രേമന് പക്ഷെ അത് വരെ എത്തിയില്ല. കൊച്ചു പ്രേമന് പകരം ഭാര്യ ഗിരിജയാണ് പുരസ്കാരം ഏറ്റവുവാങ്ങിയത്. പുരസ്കാരം സ്വീകരിച്ച ശേഷം ഗിരിജ സംസാരിച്ച വാക്കുകള്‍ കാണികളുടെ ഹൃദയം തൊട്ടു.
പുരസ്കാരം ഉണ്ട് എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ മുതല്‍ നമുക്ക് എല്ലാവര്ക്കും കൂടെ ഒന്നിച്ച് പോകാം, മകനെയും കൂട്ടാം എന്ന് കൊച്ചു പ്രേമന് പറഞ്ഞിരുന്നുവത്രെ. ഇല്ല അച്ഛാ, അച്ഛനെ ഞാന്‍ അവിടെ കൊണ്ടു വിടാം എന്ന് മകന് പറഞ്ഞു. അത് പറഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞില്ല, അദ്ദേഹം പോയി!
അന്ന് ഒരു സീരിയല്‍ ഡബ്ബ് ചെയ്യാന്‍ പോകാന്‍ ഉണ്ടായിരുന്നു. മൂന്ന് മണിക്ക് വണ്ടി വരും, എന്റെ ഷര്‍ട്ടും മുണ്ടും ഒക്കെ എടുത്ത് വയ്ക്ക് എന്ന് പറഞ്ഞു. വണ്ടി വരട്ടെ, എന്നിട്ട് ഇറങ്ങാം എന്ന് ഞാന്‍ പറഞ്ഞു, പറഞ്ഞു തീര്‍ന്നില്ല, അതിന് മുന്‍പ് സെക്കന്റുകള്‍ കൊണ്ട് അദ്ദേഹം… വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാത്തെ ഗിരിജ ഒന്ന് നിര്‍ത്തിയിട്ട് പറഞ്ഞു, പോയി!!
അവാര്‍ഡുകള്‍ ഏതായാലും അതിന് ഒരുപാട് വില കൊടുക്കുന്ന ആളാണ്. ഇവിടെ വരണം എന്നും ഈ പുരസ്കാരം വാങ്ങണം എന്നും അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. എല്ലാവരും അംഗീകരിയ്ക്കുന്നതും ആദരിയ്ക്കുന്നതും എല്ലാം ഒരുപാട് ഇഷ്ടവും സന്തോഷവും ആയിരുന്നു അദ്ദേഹത്തിന്. അവാര്‍ഡ് കിട്ടുന്നത് പോലെ തന്നെ കൊടുക്കുന്നതും അദ്ദേഹത്തിന് സന്തോഷമായിരുന്നു ഗിരിജ പറഞ്ഞു.
അദ്ദേഹം ഇന്ന് ഇവിടെ എന്റെ കൈയ്യും പിടിച്ച് നില്‍ക്കുന്നുണ്ട് എന്നത് എന്റെ വിശ്വാസമാണ് എന്ന് പറഞ്ഞ് ഗിരിജ അവസാനിപ്പിച്ചു. സദസ്സില്‍ ഇരുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചും, ഫോണ്‍ ടോര്‍ച്ച് ഓണ്‍ ചെയ്ത് വെളിച്ചും അടിച്ചും കൊച്ചു പ്രേമനോടുള്ള ആദരവ് അറിയിച്ചു. വേദിയില്‍ നിന്നും ഇറങ്ങിയ ഗിരിജയെ നടി മഞ്ജു പിള്ള കെട്ടിപിട്ട് ആശ്വസിപ്പിയ്ക്കുന്നതും കാണാമായിരുന്നു.
നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് കൊച്ചുപ്രേമന്. ഏഴുനിറങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 1979 ലാണ് ഈ സിനിമ റിലീസിനെത്തുന്നത്. അവിടുന്നിങ്ങോട്ട് 250 ഓളം സിനിമകളില്‍ അഭിനയിച്ചു. കൂടുതലും ഹാസ്യ വേഷങ്ങളായത് പ്രശസ്തി നേടി കൊടുത്തു. ഇടയ്ക്ക് കിടിലന്‍ വില്ലന്‍ വേഷങ്ങളും മനോഹരമായി കൈകാര്യം ചെയ്യാന്‍ കൊച്ചു പ്രേമന് സാധിച്ചിരുന്നു.
സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന് രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. ഇതിനിടയിലാണ് സംവിധായകന് സത്യന് അന്തിക്കാട് കൊച്ചുപ്രേമന് അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന് എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.
സിനിമ നടന് എന്ന ലേബല്‍ തന്ന ചിത്രമാണ് 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന് എന്നാണ് കൊച്ചുപ്രേമന്റെ അഭിപ്രായം. കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന് മാറി.
