Actress
ആവശ്യത്തിന് സമ്പാദിച്ചാൽ മതി; ഒരു സ്ത്രീക്ക് വലുത് അവളുടെ കുടുംബം ആയിരിക്കണം : നടി ഷീല
ആവശ്യത്തിന് സമ്പാദിച്ചാൽ മതി; ഒരു സ്ത്രീക്ക് വലുത് അവളുടെ കുടുംബം ആയിരിക്കണം : നടി ഷീല
പതിമൂന്നാമത്തെ വയസിൽ സിനിമ രംഗത്തേക്ക് വന്ന് പിന്നീട് മലയാള സിനിമക്ക് പകരം വെക്കാനില്ലാത്ത നടിയായി മാറിയ ഷീല ഈ എഴുപത്തിയെട്ടാം വയസിലും മലയാളികളുടെ പ്രിയങ്കരി തന്നെയാണ്. ഷീലയുടെ പിതാവ് ആകട്ടെ സിനിമ കാണുന്നത് പോലും പാപമാണെന്ന് കരുതിയിരുന്ന ആളും. എന്നാൽ പിതാവിന്റെ മരണ ശേഷം സാമ്പത്തികമായി ആകെ തകർന്നപ്പോൾ ഷീലയേയും കുടുംബത്തെയും രക്ഷിച്ചതും അതെ സിനിമ തന്നെ ആയിരുന്നു.നീണ്ട ഇടവേളക്ക് ശേഷം മനസ്സിനക്കരെ എന്ന ചിത്രത്തിൽ അഭിനയിച്ച് പ്രായത്തിനും തോൽപിക്കാൻ കഴിയാത്ത അഭിനയ മികവ് ആണ് തനിക്കുള്ളതെന്ന് തെളിയിച്ചു. ഇപ്പോഴും വളരെ സെലെക്ടിവ് ആയി മാത്രമേ ഷീലാമ്മ സിനിമകൾ ചെയ്യുന്നുള്ളു.
ഇപ്പോഴിതാ ഷീല പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. മരണശേഷം തന്റെ ശരീരം കുഴിച്ചിടുന്നതിനോട് താൽപര്യമില്ലെന്നും ദഹിപ്പിച്ച് ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണമെന്ന ആഗ്രഹമുണ്ടെന്നുമാണ് ഷീല പറയുന്നത്.’ഹിന്ദൂസിലുള്ള വളരെ നല്ല ഒരു കാര്യമാണ് ശരീരം ദഹിപ്പിക്കുക എന്നത്. മരിച്ച് കഴിഞ്ഞാൽ എന്തിനാണ് നമ്മുടെ ശരീരം പുഴു കുത്തി കളയാൻ നൽക്കുന്നത്. അതോടുകൂടി തീർന്നു പിന്നെ കൊല്ലം കൊല്ലം പൂക്കളും കാൻഡിലും ഒക്കെയായി ആളുകൾ വരണം. മക്കൾ മറന്ന് പോയാലോ എന്ത് ചെയ്യും. അവർ നാട്ടിൽ ഇല്ലെങ്കിൽ വരാൻ ആകുമോ.’
‘അതിനേക്കാളും എത്രയോ നല്ലതാണ് എന്നെ ഞാനാക്കിയ ഈ കേരളത്തിൽ എന്റെ ചിതാഭസ്മം ഒഴുക്കി കളയുന്നത്. അത് എനിക്ക് നിർബന്ധമാണെന്നാണ്’, മരണശേഷം തന്റെ ശരീരം എന്ത് ചെയ്യണമെന്നതിനെ കുറിച്ച് സംസാരിക്കവെ ഷീല പറഞ്ഞത്.സിനിമയിൽ നിന്നും ബ്രേക്ക് എടുത്തപ്പോഴാണ് താൻ ജീവിക്കാൻ തുടങ്ങിയതെന്നും അല്ലാത്തപ്പോൾ ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുളള യാത്ര മാത്രമായിരുന്നു ജീവിതമെന്നും ഷീല പറയുന്നു. മകനെ കുറിച്ചും ഷീല വാചാലയായി. തനിക്ക് ഓസ്കാറിനും മുകളിൽ എന്തോ ലഭിച്ചത് പോലെയാണ് മകൻ ജീവിതത്തിൽ വന്നപ്പോൾ തോന്നിയതെന്നും ഷീല പറയുന്നു.
‘ഞാൻ ജീവിച്ച് തുടങ്ങിയത് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തപ്പോഴാണ്. അല്ലാത്തത് ജീവിതം ആയിരുന്നുവോ… ലോകം മുഴുവനും ഞാനും എന്റെ മോനും കറങ്ങിയിട്ടുണ്ട്. എല്ലാ സ്ഥലത്തും പോയി ഇനി പോകാൻ ഒരു സ്ഥലവും ഇല്ല. അതെല്ലാം ആസ്വദിക്കുന്നത് ബ്രേക്ക് എടുത്തു മാറിനിന്നപ്പോഴാണ്.’
‘ഷൂട്ടിങ് ആയിരുന്നപ്പോൾ ഒരിടത്ത് നിന്നും ഇറങ്ങുന്നു മറ്റൊരു സിനിമയിൽ അഭിനയിക്കുന്നു എന്നല്ലാതെ ജീവിതം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. കുഞ്ഞ് പിറന്നപ്പോഴാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. അഭിനയിക്കുന്നതിനേക്കാളും ഒരു സ്ത്രീക്ക് വലുത് കുടുംബമാണ്. കൊച്ചിനെ പിന്നെ എന്തിനാ ഉണ്ടാക്കുന്നത്. അഭിനയിച്ച് നിന്നാൽ പോരെ. മനുഷ്യർക്ക് വേണ്ടത് തൃപ്തിയാണ്. അത്യാവശ്യം സമ്പാദിച്ചാൽ പോരെ’, എന്നുമാണ് കുറച്ച് നാളുകൾക്ക് മുമ്പ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞത്.