Actor
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ആറ് വർഷത്തോളം കാലതാമസം വന്നത് ഇങ്ങനെ; തുറന്ന് പറഞ്ഞ് പഥ്വിരാജ്
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ആറ് വർഷത്തോളം കാലതാമസം വന്നത് ഇങ്ങനെ; തുറന്ന് പറഞ്ഞ് പഥ്വിരാജ്
ലൂസിഫർ എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം അതിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ ഒരുക്കാൻ ആറ് വർഷത്തോളം എടുത്തതിന് പിന്നിലെ കാരണം പറഞ്ഞ് പൃഥ്വിരാജ്. ലൂസിഫർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള കാരണത്തെ കുറിച്ചും പൃഥ്വിരാജ് ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
2019ൽ ലൂസിഫർ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറ് വർഷത്തോളം സമയമെടുത്തതിന് പിന്നിൽ കോവിഡ് മഹാമാരിയാണ്. എമ്പുരാൻ താൻ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020ന്റെ തുടക്കത്തിൽ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നതായിരുന്നു. പിന്നെയാണ് കോവിഡ് വരുന്നതും തങ്ങളുടെ പദ്ധതികളെല്ലാം തകിടം മറിയുന്നത്.
2019ൽ ലൂസിഫർ ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ സിനിമ വ്യവസായത്തിൽ സംഭവിച്ച മാറ്റമാണ് ഇപ്പോൾ എമ്പുരാൻ അഞ്ച് ഭാഷകളിൽ എടുക്കാൻ കാരണമായത്. ലൂസിഫർ ഹിന്ദിയിൽ സംവിധാനം ചെയ്യുകയാണെങ്കിൽ അതിൽ മോഹൻലാലിന് പകരം ഷാരൂഖ് ഖാനെ നായകനാക്കുമായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ഞാൻ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. അതിലെ എനിക്കേറ്റവും കംഫർട്ട് ആയിരുന്ന നടൻ മോഹൻലാൽ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാൻ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളിൽ ഏറ്റവും എളുപ്പത്തിൽ ഡയറക്ട് ചെയ്യാൻ സാധിച്ചത് അദ്ദേഹത്തെയാണ് എന്നും പൃഥ്വിരാജ് വ്യക്തമാക്കി.
അതേസമയം, മാർച്ച് 27-നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുക. ലൂസിഫറിൻറെ വൻ വിജയത്തിന് പിന്നാലെ 2019 ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം 2023 ഒക്ടോബറിലാണ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ചിത്രത്തിൻറെ ഒരു പ്രധാന ലൊക്കേഷനാണ്. ചിത്രത്തിൽ മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസിൽ, സാനിയ ഇയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അർജുൻ ദാസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
