ചരിത്രം കുറിച്ച് എമ്പുരാന്‍; വിവാദങ്ങളെ കാറ്റിൽ പറത്തി, 300 കോടി ക്ലബിലിടം നേടി!!
By
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2025ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. മാര്‍ച്ച് 27 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പിന്നാലെ വിവാദങ്ങളും ആളിക്കത്തിയിരുന്നു.
വെറും മുപ്പത് ദിവസം കൊണ്ട് 325 കോടി നേടി 300 കോടി ക്ലബിലിടം നേടിയ ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. നടൻ മോഹൻലാൽ തന്നെയാണ് ഈ കണക്കുകൾ ഔദ്യോഗികമായി പുറത്ത് വിട്ടത്.
പോസ്റ്റ് പങ്ക് വച്ച് മണികൂറുകൾക്കുള്ളിൽ തന്നെ നിരവധി ആശംസകളും പോസ്റ്റിന് ലഭിച്ചു. സിനിമയുമായി ബന്ധപ്പെട്ട് എല്ലാ കണക്കുകളും ഉൾപ്പെടെ സിനിമ 325 കോടി നേടിക്കഴിഞ്ഞു എന്നാണ് നടൻ പങ്ക് വച്ച പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. 100 കോടി തിയേറ്റർ ഷെയർ നേടുന്ന സിനിമ എന്ന നേട്ടത്തിന് പിന്നാലെയാണ് അടുത്ത നേട്ടം സിനിമ കൈവരിച്ചിരിക്കുന്നത്.
മലയാള സിനിമയ്ക്ക് ഇന്നേവരെ ലഭിക്കാത്ത നേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ മലയാളത്തില്‍ ഇതുവരെ ഉണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ റെക്കോര്‍ഡാണ് 11 ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്.
242 കോടി രൂപയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന്‍റെ ആഗോള ബോക്‌സ് ഓഫിസ് കലക്ഷന്‍. എന്നാല്‍ 250 കോടി രൂപ എന്ന റെക്കോര്‍ഡാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ എമ്പുരാന്‍റേത്. അതും കടന്ന് എമ്പുരാൻ മുമ്പോട്ട് പോയ്ക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും നടത്തുന്ന ആക്രമണത്തിനിടെയാണ് എമ്പുരാന്റെ ഈ നേട്ടം.
സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് രംഗത്തെത്തി. ചരിത്രത്തില്‍ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് സ്വപ്നം കണ്ടത്, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് നിര്‍മിച്ചത്. മലയാള സിനിമ ഇന്ന് കൂടുതല്‍ തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നു- എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. ഏപ്രില്‍ 24നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എമ്പുരാൻ റിലീസ് ചെയ്തിരുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നു.
