നിശാ പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുത്തത് ശംഖുവരന്റെ വിഷം; സ്ഥിരീകരിച്ച് പോലീസ്
ബിഗ് ബോസ് വിജയി എല്‍വിഷ് യാദവ് നടത്തിയ നിശാ പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുത്ത സാംപിളുകള്‍ ശംഖുവരന്റെ വിഷമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പാര്‍ട്ടി കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് റേവ് പാര്‍ട്ടിയില്‍ ലഹരിക്കായി ഉപയോഗിച്ചത് ശംഖുവരയന്‍ പാമ്പിന്റെ വിഷമാണെന്ന് പരിശോധനയില്‍ തെളിഞ്ഞത്.
കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു ബിഗ്ബോസ് ഒടിടി 2 വിജയിയും യൂട്യൂബറുമായ എല്‍വിഷ് യാദവിനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടുന്നത്. നിശാ പാര്‍ട്ടികളില്‍ പാമ്പുകളെയും ഇവയുടെ വിഷവും വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിലായിരുന്നു പരിശോധന നടത്തിയത്.
പരിശോധനയില്‍ പാമ്പുകളെയും ചില സാമ്പിളുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തില്‍ പാമ്പുകളെ ഉപയോഗിച്ച് ഇയാള്‍ നേരത്തെയും യൂട്യൂബ് വീഡിയോകള്‍ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
26കാരനായ എല്‍വിഷ് നടത്തി വന്നിരുന്ന പാര്‍ട്ടികളില്‍ വിദേശ പൗരന്മാര് അടക്കം പങ്കെടുത്തിരുന്നതായി പോലീസ് അറിയിച്ചു. ഇയാളില്‍ നിന്നും 9 പാമ്പുകളെയാണ് പോലീസ് പിടിച്ചെടുത്തിരുന്നത്. പാമ്പുകളെ പിടികൂടി ഇവയില്‍ നിന്നും വിഷം വേര്‍ത്തിരിച്ച് ഇയാള്‍ വന്‍ തുകയ്ക്ക് വിറ്റിരുന്നതായും പോലീസ് കണ്ടെത്തി.
