ദംഗലില്‍ ബാലതാരമായി എത്തി ആരാധകരുടെ മനംകവർന്ന നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു!!!
By
ആമീര്‍ ഖാന്‍ നായകനായി എത്തിയ ദംഗലില്‍ ബാലതാരമായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസ്സായിരുന്നു സുഹാനിയ്ക്ക്. നടിക്ക് വാഹനാപകടത്തിൽ കാലിന് പരിക്കേറ്റതായും, അന്ന് കഴിച്ച മരുന്നകളുടെ പാർശ്വഫലത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ തേടിയെന്നുമാണ് റിപ്പോർട്ട്.
അന്ന് കഴിച്ച മരുന്നുകളുടെ പാർശ്വഫലമാണ് അകാല മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ദംഗലിൽ ജൂനിയർ ബബിത ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് സുഹാനി ഭട്നാഗർ അവതരിപ്പിച്ചത്. പ്രശസ്ത ഗുസ്തി താരം മഹാവീർ ഫോഗട്ടിനെയും പെൺമക്കളായ ഗീതയുടെയും ബബിതയുടെയു കഥപറയുന്ന ചിത്രമാണിത്. ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടക്കും.
സുഹാനിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. “ഞങ്ങളുടെ സുഹാനിയുടെ മരണവാർത്ത കേട്ട ഞെട്ടലിലാണ് ഞങ്ങള്‍. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. സുഹാനി ഇല്ലായിരുന്നെങ്കിൽ ദംഗൽ അപൂർണ്ണമായേനെ. സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു നക്ഷത്രമായി നിലനിൽക്കും”, എന്നായിരുന്നു ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ചത്.
റിപ്പോർട്ട് അനുസരിച്ച്, സുഹാനിക്ക് മുമ്പ് കാലിന് ഒടിവ് സംഭവിച്ചിരുന്നു, ചികിത്സയ്ക്കിടെ അവൾക്ക് ലഭിച്ച മരുന്നുകൾ പാർശ്വഫലങ്ങൾക്ക് കാരണമായി. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും, അതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്. ചികിത്സയ്ക്കായി സുഹാനിയെ ഏറെ നാളായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ത്യകർമങ്ങൾ ശനിയാഴ്ച നടക്കും.