Actress
ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ
ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ദുർഗ്ഗ കൃഷ്ണ. ജീവിതത്തിലേക്കൊരു പുത്തൻ സന്തോഷം വരുന്നുണ്ടെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിലായി ദുർഗ കൃഷ്ണ നൽകിയിരുന്നു. ചെറിയൊരു സർപ്രൈസ് വരുന്നുണ്ട്. അതേക്കുറിച്ച് അടുത്ത ദിവസം പറയാമെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുണ്ടായിരുന്നു. പ്രഗ്നൻസി അനൗൺസ്മെന്റാണോ എന്നായിരുന്നു ചോദ്യങ്ങൾ. ജീവിതത്തിലെ പുത്തൻ തുടക്കത്തെക്കുറിച്ച് പറഞ്ഞായിരുന്നു പിന്നീട് വന്ന പോസ്റ്റ്.
സിമ്പിളി ദുർഗ എന്ന പേരിൽ നടിയൊരു യുട്യൂബ് ചാനൽ ഇന്ന് തുടങ്ങിയിരുന്നു. ഇതിന്റെ ആദ്യ വീഡിയോയിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ദുർഗ അറിയിച്ചത്. ഭർത്താവ് അർജുനൊപ്പമുള്ള മനോഹരമായ വീഡിയോയാണ് ദുർഹ പങ്കുവെച്ചത്. ഞങ്ങളുടെ പുതിയ എപ്പിസോഡ് തുടങ്ങുന്നു’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ദുർഗ വീഡിയോ പങ്കിട്ടത്. പിന്നാലെ ആശംസകളുമായി സിനിമാ തരങ്ങൾ ഉൾപ്പടെ ഉള്ളവർ രംഗത്ത് എത്തിയിരുന്നു. തന്റെ മറ്റ് വിശേഷങ്ങൾ വരും ദിവസങ്ങളിൽ യുട്യൂബ് ചാനലിലൂടെ അറിയിക്കുമെന്നും ദുർഗ അറിയിച്ചിട്ടുണ്ട്.
ഞങ്ങൾക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിലും വീഡിയോയുടെ ചെറിയൊരു ഭാഗം ദുർഗ കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി ദുർഗയ്ക്ക് ആശംസ അറിയിച്ചും, സ്നേഹം പങ്കിട്ടും എത്തിയത്. ഇതെന്തേ യൂട്യൂബ് ചാനൽ തുടങ്ങാത്തത് എന്ന് ചിന്തിച്ചിരുന്നു. ഇപ്പോൾ അതിനും പരിഹാരമായി. കൂടുതൽ വിശേഷങ്ങളുമായി ഇവിടെ തന്നെ കാണണം എന്നായിരുന്നു കമന്റുകൾ.
2021 ഏപ്രിൽ 21ന് ആയിരുന്നു ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും അന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നാല് വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി.
. കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട ലിപ് ലോക്കിന്റെ പേരിൽ ദുർഗയ്ക്കും ഭർത്താവിനുമെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. ഭർത്താവിന്റെ പൂർണ പിന്തുണയോടെയാണ് ലിപ് ലോക്ക് ചെയ്തത് എന്നാണ് ദുർഗ ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നതും വാർത്തയായിരുന്നു. ഭർത്താവിന് നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു വന്നത്. ഇത് രൂക്ഷമായതോടെ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. ഈ വീഡിയോയും വൈറലായി മാറിയതോടെ നിരവധി പേരാണ് ദുർഗയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി സംസാരിക്കാൻ വേണ്ടിയാണ് ഷൂട്ട് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആവുക പോലും ചെയ്യാതെ ലൈവിൽ വന്നിരിക്കുന്നത്. കുടക്ക് 2025 എന്ന എന്റെ സിനിമയിൽ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ അവസാനം ലിപ് ലോക്ക് രംഗങ്ങളുണ്ട്. അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന പ്രധാന സംഭവം എന്ന നിലയിലാണ് ചിലരുടെ പ്രതികരണങ്ങൾ. എന്നാൽ ആ അഭിമുഖത്തിന് ശേഷം എന്നെ പിന്തുണച്ച എന്റെ ഭർത്താവ് നാണമില്ലാത്തവനും, എനിക്കൊപ്പം ലിപ് ലോക്ക് ചെയ്ത നടന്റെ ഭാര്യ, വളരെ പിന്തുണയുള്ള പങ്കാളിയും എന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതെന്താണ് അങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞങ്ങൾ രണ്ട് പേരും ചെയ്ത കാര്യം ഒന്ന് തന്നെയാണ്. എനിക്ക് ഒറ്റയ്ക്ക് ലിപ് ലോക്ക് ചെയ്യാനും പറ്റില്ല. പക്ഷെ വിമർശനങ്ങൾ എനിക്ക് മാത്രം.
ഞാനും എന്റെ ഭർത്താവ് അർജ്ജുനും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയ്ക്ക് വളരെ മോശമായ കമന്റു വന്നു.അത് ഞാൻ സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിന്റെ ഭർത്താവിന് നട്ടെല്ല് ഇല്ലേ എന്നായിരുന്നു കമന്റ്. പിന്നീട് കുറേ ക്ഷമ പറഞ്ഞു. ആ സ്റ്റോറി ഡിലീറ്റ് ചെയ്യണമെന്നൊക്കെ ആ കുട്ടി പറഞ്ഞു. അഭിപ്രായ സ്വാതന്ത്രം എല്ലാവർക്കും ഉണ്ടല്ലോ എന്നൊക്കെയാണ് പറയുന്നത്. ശരിയാണ് അഭിപ്രായ സ്വാതന്ത്രം എല്ലാവർക്കും ഉണ്ട്, എന്റെ സിനിമ നന്നായില്ലെങ്കിൽ നിങ്ങൾക്ക് അത് പറയാം, ആ രംഗം ഇഷ്ടമായില്ലെങ്കിൽ നിങ്ങൾക്ക് കാണാതിരിക്കാം. പക്ഷെ എന്റെ സ്വകാര്യ ജീവിതത്തിൽ കയറി ചൊറിയേണ്ട ആവശ്യം ഇല്ല.
ഞാൻ എന്താണെന്നും എന്റെ തൊഴിലിനെ കുറിച്ചും എന്റെ ഭർത്താവിന് നന്നായി അറിയാം.കൂടാതെ ഈ സിനിമയും ആ രംഗവും ഞാൻ ചെയ്തത് എന്റെ കല്യാണത്തിന് മുൻപ് ആണ്. അതും അദ്ദേഹത്തിന്റെ സപ്പോർട്ടോടുകൂടെ തന്നെ. കല്യാണം കഴിച്ചു എന്ന് കരുതി ഞാൻ എന്റെ തൊഴിലിന് പരിതികൾ നിശ്ചയിക്കണം എന്ന നിബന്ധന അദ്ദേഹത്തിന് ഇല്ല.
ആ അഭിമുഖത്തിന് ശേഷം എന്റെ ലിപ് ലോക്കിന്റെ പേരിൽ തെറി വിളി കേൾക്കുന്നത് എന്റെ ഭർത്താവാണ്. കല്യാണത്തിന് മുൻപ് ആയിരുന്നു ഈ രംഗം എങ്കിൽ ആ തെറി എന്റെ അച്ഛനും അമ്മയും കേൾക്കേണ്ടി വരുമായിരുന്നു. മലയാള സിനിമയിലെ സ്ത്രീകൾ ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ പാടില്ല എന്നാണോ. എന്തുകൊണ്ട് നായികമാർക്ക് നേരെ മാത്രം ഇത്തരം ആക്രമണങ്ങൾ വരുന്നു എന്നും ദുർഗ്ഗ ചോദിക്കുന്നു.
ഈ കമന്റുകൾ എന്നെയോ എന്റെ ഭർത്താവിനെയോ ബാധിയ്ക്കുന്നില്ല. കമന്റ് എഴുതിയ ആളും പിന്നീട് വന്ന് സോറി പറയുകയും വീട്ടുകാർ കാണുമെന്നൊക്കെ പറയുകയും ചെയ്തിരുന്നു. ആ സ്റ്റോറി ഡിലീറ്റ് ചെയ്തു കളയാൻ അർജ്ജുനും എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഞങ്ങൾക്കുമില്ലേ കുടുംബം. അർജ്ജുന്റെ സഹോദരങ്ങളും ഇത്തരം കമന്റുകൾ കാണുന്നില്ലേ. ഒരു കാര്യവും ഇല്ലാതെ തന്റെ മകനേയും സഹോദരനേയും ഇത്തരത്തിൽ നാണമില്ലാത്തവൻ നട്ടെല്ല് ഇല്ലാത്തവൻ എന്നൊക്കെ വിളിച്ചാൽ അവർക്കും വിഷമം തോന്നില്ലേ.
ചുരുക്കത്തിൽ എന്നെയോ എന്റെ ഭർത്താവിനെയോ കുടുംബത്തിനെയോ മോശമായി ചിത്രീകരിച്ചു കൊണ്ട് കമന്റുകൾ ഇടേണ്ടതില്ല. നിങ്ങളുടെ കമന്റുകൾ കൊണ്ട് ഞങ്ങളുടെ കുടുംബ ജീവിതത്തിന് യാതൊരു പ്രശ്നവും ഇല്ല. പക്ഷെ നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യം അത്ര സുഖിയ്ക്കുന്നില്ല. സന്തോഷത്തോടെ പോകുന്ന എന്റെ കുടുംബ ജീവിതത്തിൽ കയറി ആരും ചൊറിയേണ്ട. നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ എന്നെ ഫോളോ ചെയ്യേണ്ടതില്ല.. എന്റെ സിനിമകളും കാണേണ്ടതില്ലാ എന്നും ദുർഗ്ഗ ലൈവിൽ പറഞ്ഞിരുന്നു.
മുമ്പൊരു അഭിമുഖത്തിൽ ദുർഗ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ഞാൻ ഭരതനാട്യം നർത്തകിയാണ്. സിനിമയിൽ വരുന്നതിനുമുമ്പ് നിരവധി കഥാപാത്രങ്ങൾ കൊറിയോഗ്രഫി ചെയ്ത് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ കാര്യത്തിലാണെങ്കിൽ ‘വിമാന’ത്തിലെ ജാനകി മുതൽ ‘ഓളവും തീര’ത്തിലെ നബീസ വരെ എല്ലാം വ്യത്യസ്തത നിറഞ്ഞ തായിരുന്നു. അങ്ങനെ നോക്കുമ്പോൾ കംഫർട്ട് സോണിൽ നിന്നുകൊണ്ട് ജോലി ചെയ്യുന്ന ഒരാളല്ല ഞാൻ. നൃത്തത്തിലാണെങ്കിലും സിനിമയിലാണെങ്കിലും വ്യത്യസ്തവും ആഴവുമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് എന്നും താത്പര്യം.
‘ഉടൽ’ എന്റെ കരിയറിലെ പ്രധാന സിനിമയാണ്. ആ സിനിമയും അതിലെ ‘ഷൈനി’ എന്ന കഥാപാത്രവും കുറേ അഭിനന്ദനങ്ങളും വിമർശനങ്ങളും നേരിട്ടു. മികച്ച നടിക്കുള്ള ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരവും ആ കഥാപാത്രത്തിലൂടെ എനിക്ക് ലഭിച്ചു. എങ്കിലും വേണ്ടത്ര അംഗീകാരം ആ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നായിരിക്കും എന്റെ ഉത്തരം. കൊമേഴ്സ്യൽ ഹിറ്റായിരുന്ന സിനിമയെപ്പറ്റി അധികം നിരൂപണങ്ങൾ നടന്നിട്ടുണ്ടോ എന്നുതന്നെ സംശയമാണ്.
ഒരുപാട് പഠിപ്പുണ്ടെങ്കിലും വീട്ടുജോലിയിലും അടുക്കളപ്പണിയിലും തളച്ചിടപ്പെട്ട കഥാപാത്രമാണത്. പ്രായമായ അമ്മായിയച്ഛനെയും അമ്മായിയമ്മയെയും നോക്കേണ്ട ഉത്തരവാദിത്തം അവളുടെ തലയിൽവെച്ചുകൊടുത്ത്, വീട്ടിലേക്ക് തിരിഞ്ഞുപോലും നോക്കാതെ ദൂരെപ്പോയി ജോലി ചെയ്യുന്ന ഭർത്താവ്. സത്യത്തിൽ ഷൈനി ഇന്നത്തെ സമൂഹത്തിലെ വീട്ടമ്മയാണ്. വളരെ ബോൾഡായി, സന്ദർഭങ്ങളെ വ്യക്തമായി മനസ്സിലാക്കി തീരുമാനങ്ങളെടുക്കാൻ കഴിവുള്ള കഥാപാത്രം. ആ കഥാപാത്രത്തിനോടുള്ള ഇഷ്ടംകൊണ്ടാണ് ഞാനാ സിനിമ സ്വീകരിച്ചത്.
സംസ്ഥാന അവാർഡ് പോലുള്ള പല പ്രമുഖ അവാർഡ് ജൂറികളും ആ കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കിയില്ലെന്ന് തോന്നിയിട്ടുണ്ട്. ആ വർഷത്തെ സംസ്ഥാന അവാർഡിന്റെ അവസാന റൗണ്ടിൽവരെ ഷൈനി എന്ന കഥാപാത്രമുണ്ടായിരുന്നു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. അതുതന്നെ വലിയ അംഗീകാരമാണ്. വിമർശനങ്ങൾ എന്നും ആർട്ടിസ്റ്റിന് നല്ലതാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. തെറ്റുണ്ടെങ്കിൽ തിരുത്താനും സമൂഹത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിലവാരവും ഇരട്ടത്താപ്പുമെല്ലാം മനസ്സിലാക്കാനും വിമർശനങ്ങൾ സഹായിക്കും.
തികച്ചും സ്വകാര്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഒരു കലാകാരിയെന്ന നിലയിൽ സോഷ്യൽ മീഡിയ ആവശ്യമായതുകൊണ്ടുമാത്രം അതിൽ സജീവമാകുന്നു. അക്കൗണ്ട് കൈകാര്യം ചെയ്യാൻ പ്രത്യേക ടീമുണ്ട്. സൈബർ അറ്റാക്കുകൾ വരുമ്പോൾ ആദ്യകാലത്ത് എനിക്കും ടീമിനുമൊക്കെ വിഷമം തോന്നിയിരുന്നു.
പക്ഷേ ഇപ്പോഴില്ല. കാരണം, സോഷ്യൽ മീഡിയ വലിയ സമുദ്രമാണെന്ന് എനിക്കറിയാം. നല്ലവരും നല്ലവരായി നടിക്കുന്നവരും മോശക്കാരുമുള്ള വലിയ സമുദ്രം. അതിലെ പ്രശംസയും വിമർശനവും ചെളിവാരി എറിയലും ലൈംഗികച്ചുവയോടെയുള്ള അഭിപ്രായങ്ങളുമെല്ലാം ഒരു തിര വന്നുപോകുന്ന പോലെയാണ്. അത് മനസ്സിലേക്ക് എടുക്കേണ്ട കാര്യമേ ഇല്ലെന്ന് മനസ്സിലാക്കിയെന്നും നടി പറഞ്രുന്നു.
2017 ൽ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിനിയാണ്. പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, ഉടൽ, കുടുക്ക് 2025 എന്നിവയാണ് ദുർഗയുടെ ശ്രദ്ധേയമായ സിനിമകൾ. ബോൾഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ദുർഗയ്ക്ക് സാധിച്ചിട്ടുണ്ട്.
