Movies
എത്ര ഇഴഞ്ഞാണ് മുന്നോട്ട് പോകുന്നത്, വളരെ മോശം; സോണിയിലെ സിഐഡി സീരിയല്‍ നൂറ് മടങ്ങ് മെച്ചം; ദൃശ്യം 2ന് വിമർശനവുമായി നടനും നിരൂപകനുമായ കെആർകെ
എത്ര ഇഴഞ്ഞാണ് മുന്നോട്ട് പോകുന്നത്, വളരെ മോശം; സോണിയിലെ സിഐഡി സീരിയല്‍ നൂറ് മടങ്ങ് മെച്ചം; ദൃശ്യം 2ന് വിമർശനവുമായി നടനും നിരൂപകനുമായ കെആർകെ
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചത്.
ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതിനിടെ ‘ദൃശ്യം 2’ന് വിമർശനവുമായി നടനും നിരൂപകനുമായ കെആർകെ(കമാൽ ആർ ഖാൻ) രംഗത്ത്. ചിത്രത്തെക്കാൾ നൂറ് മടങ്ങ് മെച്ചമാണ് സോണി ടെലിവിഷനിലെ സിഐഡി സീരിയൽ എന്നും ദൃശ്യം 2 മലയാളം മണ്ടത്തരം ആണെന്നും കെആർകെ ട്വീറ്റ് ചെയ്തു.
‘ദൃശ്യം 2’ന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നതിനിടെ റിവ്യു ചെയ്യുന്നതിനായി മലയാളം പതിപ്പ് കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആർകെ.
‘‘സിനിമയുടെ അവസാന 30 മിനിറ്റ് ആളുകൾക്ക് ഇഷ്ടമായേക്കാം. നായകന്‍റെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം. എന്നാൽ എല്ലാ പൊലീസ് ഓഫീസർമാരും അങ്ങനെ ചെയ്യില്ല. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന രീതിയില്‍ ഉള്ള ഇത്തരം രംഗങ്ങൾ സംവിധായകൻ ഒഴിവാക്കണം’’, എന്ന് കെആർകെ ട്വീറ്റ് ചെയ്യുന്നു.
‘‘മലയാളത്തിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകും ദൃശ്യം 2 ഹിന്ദി. എത്ര ഇഴഞ്ഞാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. വളരെ മോശം. പുതിയ ഇൻസ്പെക്ടർ എത്തുന്നതുവരെയുള്ള രംഗങ്ങൾ സഹിക്കാൻ കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിൽ എന്തൊക്കെയോ സംഭവിക്കുന്നു. ആദ്യ ഒന്നര മണിക്കൂറിൽ ചിത്രത്തിൽ ഒന്നും തന്നെയില്ല’’, എന്ന് കെആർകെ മറ്റൊരു ട്വീറ്റിൽ കുറിക്കുന്നു.
അതേസമയം, നവംബര്‍ 18ന് ആണ് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നത്. അജയ് ദേവ്‍ഗണ്‍, ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ദൃശ്യം 2വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
