Actress
സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്, സിനിമയില്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല; അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നുവെന്ന് ദിവ്യ പ്രഭ
സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്, സിനിമയില്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല; അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നുവെന്ന് ദിവ്യ പ്രഭ
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ദിവ്യ പ്രഭ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ലോക്പാലി’ലൂടെയായിരുന്നു ദിവ്യ പ്രഭ തന്‍റെ സിനിമാ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്നത്.
അടുത്തിടെയായിരുന്നു പായൽ കപാഡിയയുടെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതില്‍ കനി കുസൃതിയ്ക്കൊപ്പം ദിവ്യയും പ്രധാന വേഷത്തിലെത്തിയിരുന്നു. കാന്‍ വേദിയിലെത്തിയ ദിവ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പ്രഭ. സംവിധായകന്‍ പ്രിയനന്ദന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. ഞാന്‍ ജീവിതത്തിലാദ്യമായി നേരില്‍ കണ്ട സിനിമാ നടന്‍ ഭരത് മുരളിയാണ്. മുംബൈയില്‍ നടന്ന നെയ്ത്തുകാരന്റെ പ്രീമിയറില്‍ വച്ചായിരുന്നു. ഞാനും അച്ഛനും പ്രിയനന്ദനനൊപ്പമാണ് അന്ന് മുംബൈയിലേക്ക് പോയത്.
അവിടെ വച്ച് മുരളിയങ്കിളിനെ പരിചയപ്പെടുത്തി. നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അച്ഛന്‍ എനിക്ക് കാണിച്ചു തരുമായിരുന്നു. ഞാന്‍ അഭിനയത്തില്‍ എന്തെങ്കിലുമൊക്കെ നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഇത്ര വലിയൊരു നേട്ടം കാണാന്‍ അദ്ദേഹമുണ്ടായില്ല.
ഞാന്‍ സ്വതന്ത്രയായാണ് ജീവിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്. സിനിമയില്‍ ഞാന്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല. ഓഡിഷനുകള്‍ക്ക് പോവുകയാണ് പതിവ്. എപ്പോഴും ഒരു അസ്ഥിരാവസ്ഥയുണ്ട്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ വരുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ്. അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നത് എന്നും ദിവ്യ പറയുന്നു.
അതേസമയം, ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി തുടങ്ങിയ ദിവ്യ പ്രഭയ്ക്ക് ശ്രദ്ധേയമായൊരു വേഷം ലഭിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലായിരുന്നു.
പിന്നീട് കമ്മാര സംഭവം, പ്രതി പൂവൻകോഴി, തമാശ, മാലിക്, അറിയിപ്പ്, ഫാമിലി തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാൻ ദിവ്യയ്ക്ക് കഴിഞ്ഞു. അതിൽ തന്നെ അറിയിപ്പിലെ പ്രകടനത്തിന് എഴുപത്തിയഞ്ചാമത് ലോകാർണോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള നാമനിർദേശവും ലഭിച്ചിരുന്നു.
