Malayalam
ക്ലാസിക് സംവിധായകൻ മോഹൻ അന്തരിച്ചു
ക്ലാസിക് സംവിധായകൻ മോഹൻ അന്തരിച്ചു
മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസിക് സംവിധായകൻ എന്ന് വിശേഷിപ്പിക്കുന്ന പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് മോഹൻ സിനിമയിലേയ്ക്ക് എത്തുന്നത്.
വിടപറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു, തീർഥം, മുഖം തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. 2005 ൽ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
വാടകവീട്, ശാലിനി എന്റെ കൂട്ടുകാരി, രണ്ടു പെൺകുട്ടികൾ, സൂര്യദാഹം, കൊച്ചു കൊച്ചു തെറ്റുകൾ, വിടപറയും മുമ്പേ, കഥയറിയാതെ, നിറം മാറുന്ന നിമിഷങ്ങൾ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, ഒരു കഥ ഒരു നുണക്കഥ, തീർത്ഥം, ശ്രുതി, ഇസബല്ല, മുഖം, പക്ഷേ, സഖ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, ദ കാമ്പസ് എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം, പിതാവിന്റെ സുഹൃത്ത് വഴി സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടത് വഴിത്തിരിവായത്. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. മക്കൾ പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ.