Malayalam
അമ്മയുടെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് രാജിവെച്ച് മോഹൻലാൽ; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജി സമർപ്പിച്ചു
അമ്മയുടെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് രാജിവെച്ച് മോഹൻലാൽ; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജി സമർപ്പിച്ചു
നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രഞ്ജിത്തും രാജി വെച്ചിരുന്നു. പിന്നാലെ വലിയ ചർച്ചകൾക്കാണ് ഈ സംഭവം തിരികൊളുത്തിയത്. തനിക്കെതിരെ നടി ഉയർത്തിയ ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജിയെന്നാണ് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്. വലിയ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ അമ്മയ്ക്കകത്ത് തന്നെ പൊട്ടിത്തെറി നടക്കുകയാണ്.
ഈ വേളയിൽ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ രാജിവെച്ചിരിക്കുന്നുവെന്നുള്ള വാർത്തയാണ് പുറത്തത്തുന്നത്. മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ്സ്ഥാനം രാജി വെച്ചു. മോഹൻലാൽ മുഖ്യമന്ത്രിയെ ഈ വിവരം കത്തിലൂടെ അറിയിച്ചു. മോഹൻലാലിനൊപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചിട്ടുണ്ട്.
അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെൽപ്പുള്ള പുതിയൊരു നേതൃത്വം അമ്മയ്ക്ക് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി. വിമർശിച്ചതിനും തിരുത്തിയതിനും… എന്നായിരുന്നു മോഹൻലാൽ രാജി അറിയിച്ചുകൊണ്ടുള്ള വാർത്താ കുറിപ്പിൽ പറയുന്നത്.
ഇത്രയും പ്രതിസന്ധി നേരിടുന്ന വേളയിലും നിലപാടില്ലാത്തതിലും പ്രതിഷേധിച്ചാണ് പലരും രാജി വെച്ചത്. ഇപ്പോൾ അമ്മയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നും നിലപാടും നടപടിയും വൈകുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് പലരും രാജ സമർപ്പിച്ചത്. എക്സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. നിരപരാധികളെ കൂടി കരിനിഴലിൽ നിർത്തുന്ന നിലവിലെ അവസ്ഥയിൽ ഭാരവാഹികൾ കൂടി ഇതിന് കൂട്ടുനിൽക്കരുതെന്നും അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു.
ഇതിനോടകം തന്നെ നിരവധി താരങ്ങൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ‘അമ്മ’ പ്രസിഡൻ്റ് പദവി വഹിക്കുന്ന മോഹൻലാൽ ഇക്കാര്യങ്ങളിലെല്ലാം മൗനം പാലിക്കുകയാണ് ചെയ്തിരുന്നത്. ഈ വേളയിലാണ് മൗനത്തിന് പിന്നാലെ മോഹൻലാൽ രാജിവെച്ചുവെന്നുള്ള വിവരവും പുറത്തെത്തുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കുമെന്ന വിവരവും പുറത്തെത്തിയിരുന്നുവെങ്കിലും അത് പിന്നീട് മാറ്റിവെച്ചുവെന്ന് അറിയിക്കുകായയിരുന്നു. മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാൽ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചെന്നാണ് അറിയിച്ചിരുന്നത്. ഇതിന് ശേഷമാകാം ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് നിഗമനം.
മോഹൻലാൽ ആരെയാണ് ഈ പേടിക്കുന്നത്, കൃത്യമായ ഒരു മറുപടി അദ്ദേഹത്തിൽ നിന്നും ലഭിക്കാത്തത് എന്താണെന്നെല്ലാം സേഷ്യൽ മീഡിയയിലൂടെ പലരും ചോദിച്ചിരുന്നു. ജനറൽ സെക്രട്ടറി സിദ്ദിഖ് സ്ഥാനമൊഴിഞ്ഞപ്പോൾ ചുമതല കൈമാറേണ്ട ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായിരുന്നു.
പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമായിരുന്നു. തുടക്കം മുതൽ തന്നെ വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കിയ ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ഒരു കൂട്ടർ വാദിച്ചത്. എന്നാൽ, രണ്ടാം വരവിൽ ധാരാളം സിനിമകളുള്ള ജഗദീഷിനു സംഘടനാപദവിയിൽ അത്ര താൽപര്യമില്ല.
അമ്മ ആസ്ഥാനം എറണാകുളത്തായതിനാൽ അവിടെയെത്തി പ്രവർത്തിക്കണമെന്നതും അസൗകര്യമാണ് എന്നാണത്രേ അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നുള്ള വിവരവും പുറത്തെത്തുന്നുണ്ട്. മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയ്ക്കെതിരെയും ചില പരാമർശങ്ങൾ വന്നതിനാൽ പൊതുസ്വീകാര്യത കുറവാണ്. ഇന്നത്തെ ഈ സാഹചര്യങ്ങളിൽ ജനറൽ സെക്രട്ടറി ഒരു സ്ത്രീയെ നിയമിക്കണമെന്ന വാദവും വന്നിരുന്നു.