Malayalam Breaking News
എം ടി വാസുദേവൻനായർക്കെതിരെ മോഷണ ആരോപണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ!!!
എം ടി വാസുദേവൻനായർക്കെതിരെ മോഷണ ആരോപണവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ!!!
ടി ദാമോദരന്റെ ഉടഞ്ഞ വിഗ്രഹങ്ങള്‍ എന്ന നാടകത്തിലെ ക്ലൈമാക്‌സാണ് ഒരു ക്രഡിറ്റും നല്‍കാതെ നിർമാല്യം എന്ന സിനിമയിലേക്ക് ചേർത്തതെന്ന് ദീദി ദാമോദരൻ. എംടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ശ്രദ്ധേയമായ ചിത്രമാണ് നിര്‍മ്മാല്യം. ദേശീയ പുരസ്‌കാരം നേടിയ ഈ ചിത്രത്തിനെതിരെ ഇപ്പോള്‍ മോഷണ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്തും ടി ദാമോദരന്റെ മകളുമായ ദീദി ദാമോദരന്‍.
അര്ജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന പുതിയ സിനിമയിൽ അച്ഛന്റെ പാട്ട് ഉണ്ടെന്നും ആ ക്രെഡിറ്റ് നൽകിയിട്ടുണ്ടെന്നും ദീദി പറഞ്ഞു.
ദീദിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വീണ്ടുമൊരു ഓര്‍മ്മദിവസം. Argentina Fans കാട്ടൂര്‍ക്കടവിന് നന്ദി.
April അല്ല. March is the cruelest month for me. അമ്മയും അച്ഛനും പോയ്ക്കളഞ്ഞ മാസം.
2012 ന് ശേഷം മാര്‍ച്ച് മാസം മുറിച്ചുകടക്കുന്നത് പോലെ ബുദ്ധിമുട്ടേറിയ മറ്റൊരു കടമ്പയില്ല . പിന്നിട്ട ഏഴ് വര്‍ഷവും അതങ്ങിനെയായിരുന്നു. യാത്ര പറയാതെ എങ്ങോട്ടും പോകാറില്ലാത്ത അച്ഛന്‍ യാത്ര പറയാതെ പുറപ്പെട്ട് പോയ ദിവസം.
മാര്‍ച്ച് 28, 2012 ന്റെ ഓര്‍മ്മയാണ്.
2019 ആകുമ്പോഴും മാര്‍ച്ചിന് ഒരേ വികാരമാണ്.
വെറുതെ നില്‍ക്കുമ്പോള്‍ പോലും ഓര്‍മ്മകള്‍ കൊണ്ട് ശ്വാസം മുട്ടുന്നത് പോലെയാണ്. അപ്പോഴാണ് കുട്ടിക്കാലം മുതല്‍ വീട്ടിലെ റെക്കോഡ്‌പ്ലേയറില്‍ കേള്‍ക്കാറുള്ള, അച്ഛന്റെ വായില്‍ നിന്നും കേട്ടു വളര്‍ന്ന , അച്ഛന്‍ തന്നെ എഴുതി , ഈണം പകര്‍ന്ന ‘ഇന്തോല പൊട്ടിച്ചിരിക്കണ് , പനയോല നിന്ന് ചിരിക്കണ് , ദീപങ്ങള്‍ കത്തിജ്വലിക്കണ് ‘ എന്ന പാട്ട് ഒരു യാത്രയില്‍ റെഡ് എഫ്.എമ്മില്‍ കേട്ട് ഞെട്ടി പോകുന്നത്. അച്ഛന്റെ 19-ാം വയസ്സില്‍ ഉററ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തിന് സമ്മാനമായി കൊടുത്ത പാട്ടാണത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അച്ഛന്‍ എഴുത്ത് മുറിയില്‍ കെട്ടിപ്പൂട്ടി വച്ച പുസ്തകക്കൂമ്പാരത്തില്‍ എവിടെയോ ഇപ്പോഴും അത് നിശബ്ദം പാടുന്നുണ്ടാവണം. ചോര തിളച്ചു പോയത് അത് മക്കളായി ഞാനൊക്കെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കണ്‍മുന്നില്‍ വച്ച് മോഷ്ടിക്കപ്പെട്ടോ എന്ന വിചാരത്താലായിരുന്നു .
അച്ഛന്റെ ഉടഞ്ഞ വിഗ്രഹങ്ങള്‍ എന്ന നാടകത്തിന്റെ വിഖ്യാതമായ ക്ലൈമാക്‌സ് (പട്ടിണി മാറ്റാന്‍ സ്വന്തം ഭാര്യക്ക് ശരീരം വില്‍ക്കേണ്ടി വരുന്ന അവസ്ഥ കണ്ട് ഭര്‍ത്താവായ വെളിച്ചപ്പാട് ബോധാവേശത്തില്‍ കുതിച്ച് പാഞ്ഞ് താനെന്നും പൂജിക്കുന്ന ദൈവ വിഗ്രഹത്തെ പച്ചത്തെറി പറഞ്ഞ് കാര്‍ക്കിച്ച് തുപ്പി സ്വന്തം തല വെട്ടിപ്പൊളിച്ച് മരിക്കുന്നത് ) ക്രെഡിറ്റ് പോലും നല്‍കാതെ നിര്‍മ്മാല്യം എന്ന സിനിമയിലേക്ക് copy paste ചെയ്തത് കണ്ട് അച്ഛന്‍ നിസ്സംഗനായി നിന്നത് ഞാന്‍ കണ്ടതാണ്. സ്വന്തം സൃഷ്ടി മോഷ്ടിക്കപ്പെട്ടതിനേക്കാള്‍ അച്ഛനെ അലട്ടിയത് നിര്‍മ്മാല്യത്തിന് എത്രയോ മുമ്പ് തന്നെ കോഴിക്കോട്ട് ടൗണ്‍ ഹാളില്‍ അവതരിപ്പിക്കപ്പെട്ട പിന്നീട് നിരവധി തവണ സ്റ്റേജ് ചെയ്യപ്പെട്ട ഉടഞ്ഞ വിഗ്രഹങ്ങള്‍ എന്ന നാടകം കണ്ട സുഹൃത്തുക്കളും അതില്‍ അഭിനയിച്ച സുഹൃത്തുക്കളും അവസാനം നടന്‍ ബാലന്‍ കെ.നായര്‍ക്ക് പ്രൊഫഷണലായി അവതരിപ്പിക്കാനായി അതിന്റെ ഒര്‍ജിനല്‍ ക്ലൈമാക്‌സ് റിപ്പള്‍സീവ് ആണെന്നും ആ ക്ലൈമാക്‌സ് വച്ച് ക്ഷേത്രങ്ങളില്‍ ബുക്കിങ് കിട്ടില്ല എന്നും വാദിച്ച് തിരുത്തിക്കുന്നതിന് എത്തിയ തിക്കോടിയന്‍ , ജി.അരവിന്ദന്‍ , എം.വി.ദേവന്‍ എന്നിവരൊന്നും അതേ ക്ലൈമാക്‌സ് പിന്നെ നിര്‍മ്മാല്യത്തില്‍ കണ്ടപ്പോള്‍ മിണ്ടിയില്ലെന്നതിലാണ്.
നിര്‍മ്മാല്യത്തിന് ആധാരമായ പള്ളിവാളുംകാല്‍ച്ചിലമ്പും എന്നചെറുകഥയിലോ എംടിയുടെ കഥാപ്രപഞ്ചത്തിലെവിടെയെങ്കിലുമോ അത്തരമൊരു ‘ദൈവനിന്ദ’ കാണില്ല. അത് ഒരായുഷ്‌ക്കാലം കമ്മ്യൂണിസ്റ്റും എത്തീയിസ്റ്റുമായി ജീവിച്ച അച്ഛന്റെ ഉടഞ്ഞ വിഗ്രഹങ്ങള്‍ എന്ന നാടകത്തില്‍ നിന്നുതന്നെയാണ് എന്ന് ബോദ്ധ്യപ്പെടാന്‍ സാമാന്യയുക്തി മതി. മരണാനന്തരം അച്ഛനെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുമ്പോള്‍ അതില്‍ ഉടഞ്ഞ വിഗ്രഹങ്ങള്‍ അതിന്റെ ഒറിജിനല്‍ ക്ലൈമാസ്സോടെ വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നത് അച്ഛന്റെ ഓര്‍മ്മകളോടെങ്കിലും നീതി പാലിക്കാനായിരുന്നു. അതാരെങ്കിലും ഏറ്റെടുക്കാനല്ല. ചരിത്രത്തില്‍ നേരിന്റെ ഒരു നേര്‍ത്ത രേഖയായെങ്കിലും അത് വേണമെന്നുണ്ടായിരുന്നു.
പൊടുന്നനെ ഈന്തോലപ്പാട്ട് എഫ്.എമ്മില്‍ കേട്ടപ്പോള്‍ വീണ്ടും ആ നീതികേടിന്റെ ഭാരമായിരുന്നു മനസ്സില്‍. എഫ്.എമ്മില്‍ വിളിച്ചപ്പോള്‍ അത് Argentina Fans കാട്ടൂര്‍ക്കടവ് എന്ന സിനിമയിലെതാണെന്നറിഞ്ഞു. സംവിധായകന്‍ മിഥുന്‍ മാന്വല്‍ തോമസ്സും സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍ ആണെന്നും അറിഞ്ഞു. യു ട്യൂബില്‍ ചെക്ക് ചെയ്തപ്പോള്‍ ആ പാട്ടിന് ആര്‍ക്കും ക്രെഡിറ്റ് കൊടുത്തിട്ടില്ല . മലബാറില്‍ കല്യാണ വീടുകളില്‍ പതിറ്റാണ്ടുകളായി പാടി വരുന്നതാണ് എന്നേയുള്ളൂ. അത്രയും ആശ്വാസം . ഉടനെ സംവിധായകന്‍ മിഥുന്‍ മാന്വലിനെ വിളിച്ചു. എന്നാല്‍ സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സിനിമക്കാര്‍ പെരുമാറുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും അന്തസ്സുറ്റതമായിരുന്നു മിഥുന്‍ മാന്വലിന്റെ പ്രതികരണം . ആ പാട്ട് എങ്ങിനെയാണ് കിട്ടിയത് എന്നു മിഥുന്‍ പറഞ്ഞു. കല്ലാണക്കച്ചേരികളില്‍ പാടി നടക്കുന്നവരില്‍ നിന്നും സംബാദിച്ചതാണെന്നും അതിനവര്‍ക്ക് അര്‍ഹമായ റെമ്യൂണറേഷനും കൊടുത്തിട്ടുണ്ടെന്നുംപറഞ്ഞു. എന്നാല്‍ തിരക്കഥാകൃത്ത് ദാമോദരന്‍ മാഷ് എഴുതി ഈണം നല്‍കിയ പാട്ടാണ് എന്നറിഞ്ഞപ്പോള്‍ യാതൊരു മടിയുമില്ലാതെ അത് അംഗീകരിച്ച് എന്തു വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്. ഒറ്റക്കാര്യമേ അവരോട് ആവശ്യപ്പെട്ടിരുന്നുള്ളു, ആ പാട്ട് അനാഥമല്ല , അതിന് അര്‍ഹിക്കുന്ന രീതിയില്‍ അച്ഛന് ക്രെഡിറ്റ് കൊടുത്ത് തിരുത്തണം എന്ന് മാത്രം. ഇത് ഒരു നിലക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസിനും കൂട്ടത്തിനും പോകാനല്ല എന്നും സംവിധായകനോട് വ്യക്തമാക്കിയിരുന്നു. പിന്നെ സംഗീത സംവിധായകന്‍ ഗോപീസുന്ദറിനോടും. ഗോപിയും തികഞ്ഞ ബഹുമാനത്തോടെ എന്തു തിരുത്തലിനും തയ്യാറാണെന്ന് അറിയിക്കുകയാണ് ചെയ്തത്.
അങ്ങിനെ വെളളിയാഴ്ച റിലീസ് ദിവസം തന്നെ കോഴിക്കോട് റീഗല്‍ തിയറ്ററില്‍ അവസാന ഷോക്ക് പടം കണ്ടു. സിനിമയുടെ തുടക്കത്തില്‍ തന്നെ അച്ഛനോടുള്ള ആദരസൂചകമായി പാട്ടിന്റെ ക്രെഡിറ്റ് അച്ഛന് നല്‍കിക്കൊണ്ട് എഴുതിക്കാണിച്ചപ്പോള്‍ കണ്ണു നിറഞ്ഞു. ഒറ്റ ഫോണ്‍ കോളില്‍ വാക്ക് പാലിച്ച സംവിധായകന്‍ മിഥുന്‍ മാന്വലിന് സ്‌നേഹം. ക്ലൈമാക്‌സില്‍ അച്ഛന്റെ ഇന്തോലപ്പാട്ട് എത്തിയപ്പോള്‍ ഹൃദയം മിടിച്ചു. 2012 ന് ശേഷം ഏഴ് വര്‍ഷം പിന്നിടുന്ന മറ്റൊരു മാര്‍ച്ച് മാസത്തില്‍ വീണ്ടും അച്ഛന്റെ ശ്വാസം വെളളിത്തിരയില്‍ മിടിച്ചപ്പോള്‍ ആത്മാവിന്റെ മരിക്കാത്ത സാന്നിധ്യം അറിയാതെ അറിയുകയായിരുന്നു. കണ്ണു നിറയാതെ കടന്നു പോകാനാകുമായിരുന്നില്ല ആ പാട്ട്.
അച്ഛന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന മിഥുന്റെ സിനിമയെക്കുറിച്ചും രണ്ടു വാക്ക് . സിനിമക്കൊപ്പമായിരുന്നെങ്കിലും ഒരു പക്ഷേ അതിനേക്കാളും അച്ഛന്റെ പാഷന്‍ ഫുട്‌ബോള്‍ ആയിരുന്നു . ഫുട്‌ബോള്‍ കളിക്കാരനായും കളിയെഴുത്തുകാരനായും റഫ്രിയായും കമന്റേറ്ററായും ബ്രസീലിന്റെ കടുത്ത ആരാധകനായും അവസാന ശ്വാസം വരെയും ജീവിച്ച അച്ഛന്റെ ആത്മാവിനുള്ള ഒരു ട്രിബ്യൂട്ട് കൂടിയായി കാണുന്നു ഈ മാര്‍ച്ച് മാസം തന്നെ പുറത്തിറങ്ങിയ Argentina Fans കാട്ടൂര്‍ക്കടവ്. 71 തിരക്കഥകള്‍ എഴുതിയിട്ടും ഏറ്റവും ആഗ്രഹിച്ച എത്രയോ സ്‌പോട്‌സ് സിനിമകള്‍ ചര്‍ച്ചകളില്‍ അവസാനിച്ചു പോയത് ഞാന്‍ കണ്ടിട്ടുള്ളതാണ്. Argentina Fans കാട്ടൂര്‍ക്കടവിന്റ അവസാനത്തില്‍ വിപിനന്‍ പറയുന്നത് തനിക്ക് പിറക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ പേര് അമ്മക്ക് തീരുമാനിക്കാമെന്നുംആണ്‍കുട്ടികളാണെങ്കില്‍ ഇഷ്ട ഫുഡ്‌ബോള്‍ താരങ്ങളുടെ പേരായിരിക്കും എന്നുമാണ് . അച്ഛന്റെ ബ്രസീലിയന്‍ ജയന്റ്‌സിനോടുള്ള ആരാധനയുടെ സാക്ഷ്യമാണ് ഞങ്ങള്‍. പെണ്‍മക്കാളായിരുന്നിട്ടും ബ്രസ്സീലിയന്‍ ജയനസ്സിന്റെ പേരാണ് ഞങ്ങള്‍ക്കിട്ടത്. അതിവിചിത്ര പേരുകളില്‍ വളര്‍ന്ന ഞങ്ങള്‍ ആദ്യമൊക്കെ അച്ഛനെ കുറ്റപ്പെട്ടുതിയിട്ടുണ്ട്. അതിന്റെ മഹാത്മ്യം തിരിച്ചറിയാന്‍ വര്‍ഷങ്ങളെടുത്തു.
മൂന്ന് പെണ്‍മക്കളുള്ള ഞങ്ങളുടെ വീട് അച്ഛനുറങ്ങുന്ന വീട് തന്നെയാണെന്ന് ബോദ്ധ്യപ്പെടുത്തി തന്ന, ഫുഡ്‌മ്പോള്‍ ആണുങ്ങളുടെ മാത്രം കളിയല്ലെന്ന് പറയാന്‍ സ്വന്തം പേരുകള്‍കൊണ്ട് ഞങ്ങളെ കണ്ണിചേര്‍ത്ത,
കേരളത്തില്‍ ഫെമിനിസം പച്ച പിടിക്കും മുമ്പ് ഇന്നല്ലെങ്കില്‍ നാളെ എന്ന സിനിമയെഴുതി കാലത്തിന് മുമ്പേ നടന്ന അച്ഛന്റെ ഓര്‍മ്മ ദീപ്തമാണിന്നും.
മോഷണത്തിന്റെ നെറികേടുകള്‍ സ്വാഭാവികമായി മാത്രം കാണുന്ന സിനിമയില്‍ മിഥുന്‍ മാനുവല്‍ തോമസ് എന്ന ചെറുപ്പക്കാരന്‍ ഒരപവാദമാണ്. നന്ദി , സ്‌നേഹം .
Argentina Fans കാട്ടൂര്‍ക്കടവിന് എല്ലാ ആശംസകളും.
didi damodaran facebook post against m t vasudhevan nair