Actress
ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം
ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ, ടെലിവിഷൻ, ലൈവ് തിയേറ്റർ/ലൈവ് പെർമോൻസ്, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിൽ നിന്നും ആദരിക്കുന്ന താരങ്ങളുടെ പട്ടികയിൽ ദീപികയും ഇടം പിടിച്ചു.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് ദീപിക പദുക്കോൺ. ഒവേഷൻ ഹോളിവുഡ് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ഇതേ കുറിച്ച് പ്രഖ്യാപിച്ചത്. ദീപികയെ കൂടാതെ മിലി സൈറസ്, തിമോത്തി ഷാലമെ, എമിലി ബ്ലന്റ്, റേച്ചൽ മക് ആഡംസ്, ഫ്രാങ്കോ നെറോ തുടങ്ങിയവരെയും വാക്ക് ഓഫ് ഫെയിമിലൂടെ ആദരിക്കും.
ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ബോളിവുഡിന്റെ താരറാണിയായ ദീപിക പദുക്കോൺ. 2017 ൽ പുറത്തിറങ്ങിയ ട്രിപ്പിൾ എക്‌സ് ചിത്രത്തിലൂടെയാണ് ദീപികയുടെ ഹോളിവുഡ് എൻട്രി. നേരത്തെ ടൈമിന്റെ ലോകത്തെ ഏറ്റവും ഇൻഫ്ളുവൻഷ്യൽ ആയ 100 പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിരുന്നു.
അതേസമയം കരിയറിൽ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ദീപിക പദുക്കോൺ. ഈയ്യടുത്താണ് താരം അമ്മയായത്. അടുത്ത വർഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം കിങിലൂടെ ദീപിക ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരും. സിങ്കം എഗെയ്‌നിലാണ് ദീപിക ഒടുവിലായി അഭിനയിച്ചത്.
കന്നഡ നടൻ ഉപേന്ദ്രയ്‌ക്കൊപ്പമായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം. 2006ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഐശ്വര്യയിലെ നായികയായി ദീപിക തിളങ്ങി. 2007ൽ പുറത്തിറങ്ങിയ ആദ്യ ബോളിവുഡ് ചിത്രം വമ്പൻ വിജയമായിരുന്നു, ഷാറൂഖ് ഖാനൊപ്പൊമുള്ള ഓം ശാന്തി ഓം…ലവ് ആജ് കൽ, കോക്ക്‌ടെയ്ൽ, ഹാപ്പി ന്യൂ ഇയർ, ബാജിറാവു മസ്താനി തുടങ്ങി മികച്ച ചിത്രങ്ങളുടെ നിര തന്നെ വന്നു പിന്നാലെ. ഹോളിവുഡ് സൂപ്പർ ചിത്രമായ XXX: റിട്ടേൺ ഓഫ് സാൻഡർ കെയ്ജിൽ നായികയായി എത്തിയതോടെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി. ഏറ്റവും അവസാനം പുറത്തിറങ്ങിയ പത്താനും കൽക്കിയും വരെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ കയറി.
