News
‘ജന്മദിനാശംസകള്‍ പുഷ്പ’; അല്ലു അര്‍ജുന് പിറന്നാള്‍ ആശംസകളുമായി ഡേവിഡ് വാര്‍ണര്‍
‘ജന്മദിനാശംസകള്‍ പുഷ്പ’; അല്ലു അര്‍ജുന് പിറന്നാള്‍ ആശംസകളുമായി ഡേവിഡ് വാര്‍ണര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍സ്റ്റാറാണ് അല്ലു അര്‍ജുന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇന്ന് താരത്തിന്റെ പിറന്നാള്‍ ദിനം ആരാധകര്‍ ആഘോഷപൂര്‍വം കൊണ്ടാടുകയാണ്. ഇപ്പോഴിതാ, അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണറും മകള്‍ ഇസ് ലയും.
അല്ലു അര്‍ജുന്റെ കടുത്ത ആരാധകരാണ് ഇരുവരും. ഇന്‍സ്റ്റഗ്രാം പേജിലാണ് പിറന്നാള്‍ സന്ദേശമടങ്ങിയ വിഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇവരുടെ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.
‘ജന്മദിനാശംസകള്‍ പുഷ്പ’ എന്നാണ് വിഡിയോയില്‍ പറയുന്നത്. കൂടാതെ അല്ലുവിന്റെ പുതിയ ചിത്രം പുഷ്പ 2 വിനായി കാത്തിരിക്കുകയാണെന്നും ഇരുവരും പറയുന്നു. വാര്‍ണറുടെ പിറന്നാള്‍ സന്ദേശം അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. താനും മകളും അല്ലുവിന്റെ ആരാധകരാണെന്ന് വാര്‍ണര്‍ നേരത്തെ വ്യക്തമാക്കിരുന്നു.
തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന അല്ലു ചിത്രമാണ് പുഷ്പ ദി റൂള്‍. നടന്റെ 41ാം ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അല്ലു അര്‍ജുനോടൊപ്പം ഫഹദ് ഫാസില്‍, രശ്മിക മന്ദാന, അനസൂയ ഭരദ്വാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.