Bollywood
വിലകുറഞ്ഞ പബ്ലിസിറ്റി പൂനം പാണ്ഡെയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; നടിയ്‌ക്കെതിരെ പരാതിയുമായി ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍
വിലകുറഞ്ഞ പബ്ലിസിറ്റി പൂനം പാണ്ഡെയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; നടിയ്‌ക്കെതിരെ പരാതിയുമായി ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍
നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ നടപടിയുമായി ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍. വ്യാജമരണ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടിയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതുസംബന്ധിച്ച് മുംബൈയിലെ വിഖ്രോലി പാര്‍ക്ക്‌സൈറ്റ് പോലീസ് സ്‌റ്റേഷനില്‍ അസോസിയേഷന്‍ പരാതി നല്‍കി. പബ്ലിസിറ്റിക്ക് വേണ്ടി വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്ക്കും അവരുടെ മാനേജറിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
‘സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം നിര്യാതയായെന്ന പൂനം പാണ്ഡെയെക്കുറിച്ചുള്ള വിയോഗ വാര്‍ത്ത ഇന്ത്യന്‍ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരുന്നു. വാര്‍ത്ത പ്രചരിപ്പിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ഒടുവില്‍ സ്ഥിരീകരണം വന്നു. അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഓരോരുത്തരെയും അപമാനിക്കുന്നതിന് തുല്യമായ സമീപനമാണ് നടിയുടെ ഭാഗത്ത് നിന്നുണ്ടായത്.
പിആറിന് വേണ്ടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നടിയ്‌ക്കെതിരെയും അവരുടെ മാനേജറിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ മറ്റൊരാളും പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പൂനം പാണ്ഡെയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ചലച്ചിത്ര വ്യവസായ മേഖലയില്‍ ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്വീകാര്യമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.’ ഇതായിരുന്നു പരാതിയിലൂടെ അസോസിയേഷന്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു നടി മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം മരിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെ കുടുംബാംഗങ്ങളെ കാണാതാവുകയും ചെയ്തു.
അപ്പോള്‍ മുതലാണ് മരണവാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്തെത്തുകയായിരുന്നു. സെര്‍വിക്കല്‍ ക്യാന്‍സറിനെതിരായ ബോധവത്കരണമാണ് താനുദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി. എന്നിരുന്നാലും പൂനത്തിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ചലച്ചിത്രമേഖലയില്‍ നിന്നുമുയരുന്നത്.
