Malayalam
‘കുഞ്ചമണ്‍ പോറ്റി’ എത്തുക ‘കൊടുമണ്‍ പോറ്റി’യായി; പേര് മാറ്റി കേസ് അവസാനിപ്പിച്ച് നിര്‍മാതാക്കള്‍
‘കുഞ്ചമണ്‍ പോറ്റി’ എത്തുക ‘കൊടുമണ്‍ പോറ്റി’യായി; പേര് മാറ്റി കേസ് അവസാനിപ്പിച്ച് നിര്‍മാതാക്കള്‍
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് എതിരായ കേസ് ഒത്തുതീര്‍പ്പാക്കി നിര്‍മാതാക്കള്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് കൊടുമണ്‍ പോറ്റിയെന്ന് മാറ്റിയതോടെയാണ് കേസ് അവസാനിപ്പിച്ചത്. കഥാപാത്രത്തിന്റെ പേരു മാറ്റണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ച് ഇതിനുള്ള നിര്‍ദേശം നല്‍കിയെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. റിലീസിന്റെ തലേദിവസം തന്നെ ചിത്രത്തേക്കുറിച്ചുള്ള പ്രതിസന്ധികള്‍ അവസാനിപ്പിച്ചു. ചിത്രത്തില്‍ മമ്മൂട്ടി എത്തുക ‘കൊടുമണ്‍ പോറ്റി’യായി ആയിരിക്കും.
ഭ്രമയുഗത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമണ്‍ ഇല്ലക്കാര് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നുമാണ് അവര്‍ വാദിച്ചത്.
കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീര്ത്തിയെ ബാധിക്കുന്നതാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ പുഞ്ചമണ്‍ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ട്. പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ് തങ്ങളെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
നിലവില്‍ ചിത്രീകരിച്ചിരിക്കുന്ന രീതി കുടുംബത്തിന് ചീത്തപ്പേര് വരുത്തി വയ്ക്കും. പ്രത്യേകിച്ച് മമ്മൂട്ടിയെപ്പോലൊരു നടന് അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. സംവിധായകനോ അണിയറ പ്രവര്‍ത്തകരോട തങ്ങളോട് ഇതു സംബന്ധിച്ച് ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത് മനപ്പൂര്‍വം കുടുംബത്തെ താറടിക്കാനും മാനം കെടുത്താനുമാണെന്ന് ഭയക്കുന്നു. തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരോ പരാമര്‍ശങ്ങളോ നീക്കണമെന്നായിരുന്നു ഹര്‍ജി.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)