വളരെ അധികം അഭിമാനം തോന്നിയ നിമിഷം ; ബിന്ദു പണിക്കറുടെ വീഡിയോ പങ്കുവച്ച് മകള്‍ കല്യാണി
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘റോഷാക്കിന് ’ മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിച്ചത് . ചിത്രത്തിലെ ബിന്ദു പണിക്കരുടെ അഭിനയവും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ഒരു ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ബിന്ദു പണിക്കരുടെ വലിയ തിരിച്ചുവരവു തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമോ അതിന് മുകളിലോ ഉള്ള പ്രശംസ ബിന്ദു പണിക്കര്‍ക്കും കിട്ടിയിരുന്നു. ഇപ്പോഴിതാ ഒരു കഥാപാത്തിന്റെ അഭിനയത്തിന് അമ്മയ്ക്ക് ഇത്രയും സ്‌നേഹവും പ്രശംസയും കിട്ടുന്നതിന്റെ അഭിമാനം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് മകള്‍ കല്യാണി ബി നായര്‍. റോഷാക്കിന്റെ വിജയാഘോഷത്തിന് ഇടയില്‍ ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച്
സംസാരിക്കുന്ന വീഡിയോയ്ക്ക് ഒപ്പമാണ് കല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
‘റോഷാക്ക് എന്ന സിനിമ ഇറങ്ങിയത് മുതല്‍, അമ്മയെ ബന്ധപ്പെടാനും ഒരുപാട് നാളുകള്‍ക്ക് ശേഷം അമ്മ ചെയ്ത കഥാപാത്രത്തിനെ കുറിച്ച് പറയാനും പ്രശംസിക്കാനും ഒരുപാട് പേര്‍ എന്നെ ബന്ധപ്പെട്ടിരുന്നു. അതുകൊണ്ട് ഈ പ്രത്യേക വീഡിയോ ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. അമ്മയ്ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും അഭിനന്ദനത്തിനും എല്ലാവര്‍ക്കും നന്ദി. വളരെ അധികം അഭിമാനവും നന്ദിയും തോന്നുന്നു’ എന്നാണ് കല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍മിച്ച സിനിമയാണ് റോഷാക്ക്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ബിന്ദു പണിക്കര്‍ക്ക് ദുല്‍ഖര്‍ പുരസ്‌കാരം നല്‍കുമ്പോള്‍ മൈക്കുമായി മമ്മൂട്ടിയും വേദിയിലേക്ക് കടന്ന് വരികയായിരുന്നു. ചിത്രത്തിലെ ബിന്ദു പണിക്കറുടെ പ്രകടനത്തെ കുറിച്ച് മമ്മൂട്ടി വാചലനായി. താന്‍ ആണ് ബിന്ദു പണിക്കറിനെ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് എന്ന് മമ്മൂട്ടി അഭിമാനത്തോടെ പറഞ്ഞു.
തന്നെ ഈ കഥാപാത്രത്തിന് വേണ്ടി വിളിച്ച മമ്മൂക്കയ്ക്കും കുടുംബത്തിനും നന്ദി എന്നാണ് ബിന്ദു പണിക്കര്‍ ആദ്യം പറഞ്ഞത്. ഒരു നടി എന്ന നിലയില്‍ ഇനി എനിക്ക് സിനിമകള്‍ ചെയ്തില്ല എങ്കിലും കുഴപ്പമില്ല എന്ന് നടി പറയുന്നു. എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നൊക്കെ ബിന്ദു പണിക്കര്‍ പറയുമ്പോഴും, ഈ കഥാപാത്രം ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നടിയെ പ്രശംസിക്കുകയായിരുന്നു മമ്മൂട്ടി.
കല്യാണി പങ്കുവച്ച പോസ്റ്റിന് താഴെയും പ്രശംസകളുമായി ആരാധകര്‍ എത്തി. ബിന്ദു പണിക്കറുടെ മികച്ച പ്രകടനമാണ് ചിത്രത്തിലേത്, സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ബിന്ദു പണിക്കര്‍ ചെയ്ത ഏറ്റവും മികച്ച വേഷം, പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്.
