Actress
‘ഒരുപാട് നാള്‍ കാത്തിരുന്ന കൂടിച്ചേരല്‍ ദീപാവലി ദിവസം വൈകുന്നേരം സംഭവിച്ചു’; മിയയെ കാണാനെത്തി ഭാവന, വൈറലായി ചിത്രങ്ങള്‍
‘ഒരുപാട് നാള്‍ കാത്തിരുന്ന കൂടിച്ചേരല്‍ ദീപാവലി ദിവസം വൈകുന്നേരം സംഭവിച്ചു’; മിയയെ കാണാനെത്തി ഭാവന, വൈറലായി ചിത്രങ്ങള്‍
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.
ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന.
അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്.ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ രണ്ട് മൂന്ന് സിനിമകള്‍ കൂടി ഭാവനയുടേതായി അണിയറയില്‍ റിലീസിനൊരുങ്ങുന്നുണ്ട്. ഭാവനയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി മിയയും. ലുക്ക് കൊണ്ടും ഇവര്‍ ഏകദേശം ഒരുപോലെ തന്നെയാണ്.
അതേസമയം ഒന്നിച്ച് ഹലോ നമസ്‌തേ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ ആയി മാറിയത്. എന്നാല്‍ ചിത്രത്തില്‍ ഇരുവരും വഴക്ക് കൂടുന്ന രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടന്‍ വിനയ് ഫോര്‍ട്ടും, നടന്‍ സഞ്ജു ശിവരാമും ആയിരുന്നു ചിത്രത്തില്‍ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് സിനിമയില്‍. ഇവരുടെ ഭാര്യമാരായിട്ടാണ് ഭാവനയും മിയയും എത്തുന്നത്.
എന്നാല്‍ ചിത്രത്തില്‍ പ്ലാവിലെ ചക്ക തറയില്‍ വീണതിനെ തുടര്‍ന്ന് രണ്ടു കൂട്ടരും വഴക്കായി. ഇതിനുശേഷം മറ്റൊരു ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നില്ല. എങ്കിലും സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട് ഈ നടിന്മാര്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇപ്പോഴിതാ ദീപാവലി ദിനത്തില്‍ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ എത്തിയിരിക്കുകയാണ് ഭാവന. ഭാവന വീട്ടിലെത്തിയ സന്തോഷം മിയ പങ്കുവയ്ക്കുകയും ചെയ്തു.
‘ഒരുപാട് നാള്‍ കാത്തിരുന്ന കൂടിച്ചേരല്‍ ദീപാവലി ദിവസം വൈകുന്നേരം സംഭവിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് മിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ആ വൈകുന്നേരം ഇനി വരുന്ന ദീപാവലികളില്‍ എല്ലാം ഓര്‍മിക്കാന്‍ മാത്രം മനോഹരമാക്കിയത്രെ. ഭാവന കൂടെയുള്ളപ്പോള്‍ ഒരു നിമിഷം പോലും സങ്കടം തോന്നുന്ന നിമിഷം ഉണ്ടാവില്ല. ഇതുപോലെ ചിരിയും സ്‌നേഹവും എന്നും പകര്‍ന്നു നല്‍കുക എന്നും മിയ കുറിച്ചു.
അടുത്തിടെ സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ അത് ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ. എന്റെ അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷമാകുന്നു.
എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്. പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും അച്ഛന്‍ പോയ ആ വേദന എന്റെ ഉള്ളില്‍ ഉണ്ടാകും. ആ മുറിവ് അങ്ങനെ ഉണങ്ങില്ല. ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും. എന്റെ ജീവിതത്തില്‍ എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തില്‍ ഞാന്‍ എത്തിയിട്ടില്ല. അങ്ങനെ എത്തിയ ആളുകള്‍ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്റെ കാര്യമല്ലെ അറിയൂ. എന്റെ അഭിനയത്തെ സ്വന്തമായി ജഡ്ജ് ചെയ്യാത്ത ആളാണ് ഞാന്‍.’ എന്നും ഭാവന പറഞ്ഞു.
‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്‌ക്രീനിലും കരയുന്നത്. കഥ ഇഷ്ടപ്പെട്ടാണ് സിനിമകള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്. കന്നഡ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഒരുപക്ഷെ എന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നതും ഞങ്ങള്‍ ഒരുമിച്ചതും അവിടെ വെച്ചായതുകൊണ്ടാകാമെന്നാണ്’, തന്റെ ജീവിതത്തെ കുറിച്ച് വിശദീകരിച്ച് ഭാവന പറഞ്ഞത്.
കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് ഭാവനയെ വിവാഹം ചെയ്തത്. തൃശൂര്‍ക്കാരിയായ ഭാവന വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ സെറ്റില്‍ഡാണ്. പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനും സിനിമാ പ്രമോഷനുമായി മാത്രമാണ് താരം കേരളത്തിലേയ്ക്ക് എത്താറുള്ളത്. പക്ഷെ സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ താരം അറിയിക്കാറുണ്ട്.
