Connect with us

സാമ്പത്തികമായും സാമൂഹികമായും ഒന്നുമല്ലാതിരിക്കുന്നവരാണ് ഈ കേസില്‍ അവള്‍ക്ക് വേണ്ടി സാക്ഷി പറയുന്നത്, കേസില്‍ കൂറുമാറിയവരോ സിനിമയിലെ സെലിബ്രിറ്റികളും; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

സാമ്പത്തികമായും സാമൂഹികമായും ഒന്നുമല്ലാതിരിക്കുന്നവരാണ് ഈ കേസില്‍ അവള്‍ക്ക് വേണ്ടി സാക്ഷി പറയുന്നത്, കേസില്‍ കൂറുമാറിയവരോ സിനിമയിലെ സെലിബ്രിറ്റികളും; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി

നാളുകള്‍ക്ക് ശേഷം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് തുറന്ന കത്തുമായി അതിജീവിതയുടെ സഹോദരന്‍ രംഗത്തത്തെിയിരുന്നു. പിന്നാലെ നിരവധി പേരാണ് അഭിപ്രായം പങ്കുവെച്ച് എത്തിയിരുന്നത്. 

എന്നാല്‍ ഇപ്പോവിതാ നടന്‍ നടന്‍ മധുവിന്റേയും സംവിധായകന്‍ അടൂര്‍ ഗോപലകൃഷ്ണന്റേയുമെല്ലാം പ്രതികരണങ്ങള്‍ അതിജീവിതയെ ബാധിക്കുന്നുണ്ടെന്ന് പറയുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ട്സ്റ്റുമായ ഭാഗ്യലക്ഷ്മി. ഒരാളെ പിന്തുണക്കുമ്പോള്‍ മറുവശത്ത് വീണ് കിടക്കുന്ന ആളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുമ്പോഴാണ് സങ്കടം വരുന്നതെന്നും ഭാഗ്യലക്ഷ്മി ഒരു മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞു. 

ഒരാളെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മറുവശത്ത് വീണ് കിടക്കുന്ന ആളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുമ്പോഴാണ് സങ്കടം വരുന്നത്. ദിലീപ് കേസില്‍ പ്രതിയാകുന്നതിന് മുന്‍പ് പോലും അടൂരിനും ശ്രീലേഖയ്ക്കും മധുവിനുമൊക്കെ അവളെ വിളിക്കാന്‍ കഴിയുമായിരുന്നല്ലോ. അവരാരും ചെയ്തില്ല. അയാള്‍ പ്രതി സ്ഥാനത്ത് വരുമ്പോള്‍ മാത്രം അവളെ ന്യായീകരിക്കാന്‍ ഇവര്‍ക്ക് എന്തുമാത്രം ഉത്സാഹമാണ്.

പിആര്‍ വര്‍ക്ക് നന്നായി ഇതിന് പിന്നില്‍ നടക്കുന്നുണ്ട്. ഈ കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അതിനെതിരെ പ്രതികരിച്ചാല്‍ നമ്മളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഉള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പിആര്‍ വര്‍ക്കല്ലാതെ പിന്നെന്താണ്.

ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ അവളെ നന്നായി തന്നെ ബാധിക്കും. സോഷ്യല്‍ മീഡിയയില്‍ കയറി ഓണ്‍ലൈന്‍ വാര്‍ത്തകളും സൈബര്‍ കമന്റ്‌സുകളുമൊന്നും വായിക്കാതിരിക്കണമെന്ന് ഞാന്‍ അവളോട് പറയാറുണ്ട്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവളോട് പറയാറുണ്ട്. അടൂരും മധുവും ശ്രീലേഖ ഐപിഎസുമൊക്കെ പറയുമ്പോള്‍ അവര്‍ എന്താണ് ഇങ്ങനെ പറയുന്നതെന്ന് അവള്‍ക്ക് വിഷമം തോന്നിയിട്ടുണ്ട്. എന്നെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ലേ, എന്നെ വിളിക്കാന്‍ ഒരിക്കല്‍ പോലും അവര്‍ക്ക് തോന്നുന്നില്ലല്ലോ ചിന്തിക്കുന്നില്ലല്ലോ എന്ന് അവള്‍ ചിന്തിക്കുന്നുണ്ട്.

അവള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ ഇത്തരം പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ലെന്ന് വെച്ച് മുന്നോട്ട് പോകുകയാണ്. കേസില്‍ തെളിവില്ലെന്ന് പറഞ്ഞത് തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്ന് പറയാന്‍ അടൂര്‍ തയ്യാറാവണം. കാരണം അദ്ദേഹത്തെ പോലൊരാളെ കുറെ പേര്‍ കേള്‍ക്കുന്നുണ്ട്. സെലിബ്രിറ്റികള്‍ പിന്തുണക്കുമ്പോള്‍ എനിക്ക് കിട്ടുന്ന വലിയ പിന്തുണയുണ്ടല്ലോയെന്ന ചിന്തയുണ്ടല്ലോ, അതല്ല അവിടെ ആവശ്യം. 

നമ്മള്‍ രണ്ട് വ്യക്തികളുടെ ഇടയില്‍ നിന്നാണ് സംസാരിക്കുന്നത്. തീര്‍ച്ചയായും ആ വ്യക്തിയെ കുറിച്ചും ഈ വ്യക്തിയെ കുറിച്ചും സംസാരിക്കും. പക്ഷേ ഇവിടെ നടകുന്നത് അതല്ല. അടൂരിനെ പോലൊരാള്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കോ ആത്മവിശ്വാസം കിട്ടാന്‍ വേണ്ടിയാണ്. കിട്ടിക്കോട്ടെ, ഇല്ലെന്നല്ല, അത് ആര് പറയുന്നുവെന്നാണ്. സാമ്പത്തികമായും സാമൂഹികമായും ഒന്നുമല്ലാതിരിക്കുന്നവരാണ് ഈ കേസില്‍ അവള്‍ക്ക് വേണ്ടി സാക്ഷി പറയുന്നത്. അതേസമയം കേസില്‍ കൂറുമാറിയവരോ സിനിമയിലെ സെലിബ്രിറ്റികളും. എന്തുകൊണ്ടാണ് അവര്‍ കൂറുമാറിയതെന്ന് അവര്‍ക്ക് മാത്രമേ അറിയുള്ളൂ’ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 

അതേസമയം, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച് അതിജീവിതയുടെ സഹോദരന്‍ രംഗത്തെത്തിയത്. കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന സഹതാപത്തോടെ നോക്കിക്കാണുകയാണെന്ന് അതിജീവിതയുടെ സഹോദരന്‍ വിമര്‍ശിച്ചു.

‘കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കില്‍ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയില്‍ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാര്‍ത്ഥം’, എന്നും അതിജീവിതയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നടി ആക്രമിച്ച കേസില്‍ അങ്ങയുടെ പ്രതികരണം കണ്ടപ്പോള്‍ ആദ്യം പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു. പിന്നെ ഇപ്പോള്‍ പ്രതികരിക്കാനുള്ള കാരണം, താങ്കളെപ്പോലുള്ളവര്‍ ഇത്തര കുപ്രചരണം നടത്തുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങളുടെ കയ്യിലുള്ള തെറ്റ് കൊണ്ടാണോ അല്ലെങ്കില്‍ താങ്കളെപ്പോലുള്ളവരെ ഭയപ്പെടുന്നത് കൊണ്ടാണോ എന്നൊരു ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ന്നുവരുന്നത് കൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നത്.  കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നായിരുന്നു അടൂരിന്റെ പ്രതികരണം. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending